| Sunday, 2nd September 2018, 8:16 pm

ആരെന്തു പറഞ്ഞാലും അതിരപ്പിള്ളിയില്‍ അണക്കെട്ടു വേണം; മുന്നണിയില്‍ സമവായമുണ്ടാക്കുന്നതാണ് എല്ലാവര്‍ക്കും നല്ലതെന്നും മന്ത്രി എം.എം. മണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: അതിരപ്പിള്ളിയില്‍ അണക്കെട്ടു വേണമെന്ന അഭിപ്രായം വീണ്ടും ആവര്‍ത്തിച്ച് വൈദ്യുതി മന്ത്രി എം.എം. മണി. ആരെന്തു പറഞ്ഞാലും അതിരപ്പിള്ളിയില്‍ ഡാം വേണമെന്നു തന്നെയാണ് തന്റെ അഭിപ്രായമെന്നും ഈ വിഷയത്തില്‍ സമവായത്തിലെത്താന്‍ ശ്രമിക്കുമെന്നും മന്ത്രി പറയുന്നു. പെരിങ്ങല്‍ക്കുത്ത് അണക്കെട്ട് സന്ദര്‍ശിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിരപ്പിള്ളിയില്‍ അണക്കെട്ടു വരണമെന്ന നിലപാടില്‍ മാറ്റമില്ല. അതിനു വേണ്ടത് മുന്നണിക്കകത്ത് ഏകീകരിച്ച അഭിപ്രായമുണ്ടാകുക എന്നതാണ്. വിഷയത്തില്‍ സമവായമുണ്ടാക്കുന്നതാണ് എല്ലാവര്‍ക്കും, നാടിനും നല്ലത് – മന്ത്രി പറയുന്നു.

അണക്കെട്ടിനെക്കുറിച്ച് ഇടതുമുന്നണിയില്‍ കടുത്ത അഭിപ്രായവ്യത്യാസമാണ് നിലനില്‍ക്കുന്നത്. സി.പി.ഐ അടക്കമുള്ള പാര്‍ട്ടികള്‍ അതിരപ്പിള്ളി പദ്ധതിക്ക് എതിരാണ്. ഇതിനിടെയാണ് അണക്കെട്ടു വേണമെന്ന മന്ത്രിയുടെ പ്രസ്താവന.

Also Read: ഇതുവരെ എങ്ങനെയാണോ അതുപോലെ തുടരും”; മുഖ്യമന്ത്രിയുടെ അഭാവം ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് ഇ.പി ജയരാജന്‍

പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നുവിട്ടത് വേണ്ടത്ര തയ്യാറെടുപ്പുകളില്ലാതെയാണെന്നത് അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് നാളായി തുറന്നുവിട്ടുകൊണ്ടിരിക്കുന്ന അണക്കെട്ടാണെന്നും കാര്യമായ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ പെരിങ്ങല്‍ക്കുത്തിനില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അണക്കെട്ടില്‍ അകപ്പെട്ട തടികളെല്ലാം നീക്കം ചെയ്യുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. ഇപ്പോള്‍ 16 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. ഉടന്‍ തന്നെ അണക്കെട്ട് പൂര്‍ണമായും പ്രവര്‍ത്തനമാരംഭിക്കുമെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.

We use cookies to give you the best possible experience. Learn more