| Wednesday, 10th June 2020, 1:04 pm

പ്രളയം കൊണ്ട് പഠിക്കുന്നില്ലേ?; അതിരപ്പിള്ളി പദ്ധതി ആരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിമര്‍ശനം

ജിതിന്‍ ടി പി

തൃശ്ശൂര്‍: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിമര്‍ശനമുയരുന്നു. പദ്ധതി ആരംഭിക്കാന്‍ കെ.എസ്.ഇ.ബി.ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന വാര്‍ത്ത മാതൃഭൂമിയാണ് റിപ്പോര്‍ട്ട് ചെയ്തത്.

വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഭരണകക്ഷിയായ സി.പി.ഐയുടെ യുവജനസംഘടന എ.ഐ.വൈ.എഫ് രംഗത്തെത്തി. പദ്ധതി എല്‍.ഡി.എഫ് നയത്തിനെതിരാണെന്ന് എ.ഐ.വൈ.എഫ് പറഞ്ഞു.

‘പരിസ്ഥിതി സൗഹൃദ വികസനമെന്ന മുദ്രാവാക്യമാണ് കഴിഞ്ഞ തെരെഞ്ഞെടുപ്പുകാലത്ത് എല്‍.ഡി.എഫ് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചത്. പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കെ.എസ്.ഇ.ബിയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതായുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരിക്കുന്നു. ഇത് എല്‍.ഡി.എഫിന്റെ പ്രഖ്യാപിത നയത്തിനെതിരാണ്’

കാനം രാജേന്ദ്രന്‍

ചിത്രം കടപ്പാട്- ഗൂഗ്ള്‍

സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ടുപോയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും എ.ഐ.വൈ.എഫ് മുന്നറിയിപ്പ് നല്‍കി.  വിഷയത്തില്‍ കൃത്യമായി പഠിച്ചിട്ടേ പ്രതികരിക്കാനൂള്ളൂവെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

അതേസമയം നിലവിലെ തീരുമാനം മാറ്റേണ്ടി വരുമെന്നും ഇടതുപക്ഷത്തിന് ഇടതുപക്ഷമായേ മുന്നോട്ട് പോകാന്‍ സാധിക്കൂ എന്നും സി.പി.ഐ അഖിലേന്ത്യാ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം പറഞ്ഞു.

‘ഈ നിര്‍ദേശം മിക്കവാറും പിന്‍വലിക്കപ്പെടും. പാരിസ്ഥിതികമായും രാഷ്ട്രീയമായും സാങ്കേതികമായും സാമ്പത്തികമായും ഉറച്ച തീരുമാനമോ നിര്‍ദേശമോ ഇതിനില്ല.

പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുകയാണെന്ന് 2018ല്‍ വൈദ്യുത മന്ത്രി എം.എം മണി നിയമസഭയില്‍ പറഞ്ഞിരുന്നു. അത് എല്‍.ഡി.എഫിന്റെ സംയുക്തമായ തീരുമാനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആ തീരുമാനം മാറിക്കൂടാ എന്ന് സര്‍ക്കാരിനോട് കൃത്യമായി പറയുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. രണ്ടു പ്രളയങ്ങള്‍, കൊവിഡ്-19, അതെല്ലാം വ്യക്തമാക്കുന്നത് പരിസ്ഥിതിയെ മറന്നുകൊണ്ടുള്ള, മനുഷ്യനെയും മണ്ണിനെയും മറന്നുകൊണ്ടുള്ള വികസനം വികസനമല്ല എന്നാണ്,’ ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

അതിരിപ്പിള്ളി പദ്ധതിയുടെ സാങ്കേതിക-സാമ്പത്തിക-പാരിസ്ഥിതിക അനുമതികള്‍ക്കായി വീണ്ടും നടപടികള്‍ തുടങ്ങുന്നതിനുള്ള എന്‍.ഒ.സി. അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ഏഴുവര്‍ഷമാണ് എന്‍.ഒ.സി. കാലാവധി. എല്ലാ അനുമതിയും ലഭിച്ചശേഷം ഏഴുവര്‍ഷം വേണ്ടിവരും പദ്ധതി പൂര്‍ത്തിയാക്കാനെന്നതിനാലാണിത്.

പരിസ്ഥിതിപ്രവര്‍ത്തകരുടെയും സി.പി.ഐ. അടക്കമുള്ള പാര്‍ട്ടികളുടെയും ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് പദ്ധതിയില്‍നിന്ന് പിന്‍വാങ്ങുന്നതായി നേരത്തേ വൈദ്യുതി മന്ത്രി പറഞ്ഞിരുന്നു. 163 മെഗാവാട്ട് ഉത്പാദനം ലക്ഷ്യമാക്കി ആവിഷ്‌കരിച്ച പദ്ധതിക്ക് നേരത്തേ ലഭിച്ച പരിസ്ഥിതി അനുമതിയും സാങ്കേതിക-സാമ്പത്തിക അനുമതികളും കാലഹരണപ്പെട്ടു.

പദ്ധതിയുമായി ഇനി മുന്നോട്ടുപോകണമെങ്കില്‍ പരിസ്ഥിതി അനുമതിയടക്കം വീണ്ടും നേടണം. ഇതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമ്പോള്‍ സംസ്ഥാനസര്‍ക്കാരിന്റെ എന്‍.ഒ.സി. വേണമെന്ന് കേന്ദ്ര വൈദ്യുതി അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. സാങ്കേതിക-സാമ്പത്തിക അനുമതിക്കും പുതുക്കിയ അപേക്ഷ നല്‍കണം.

രാജ്യത്തെ നിര്‍ദിഷ്ട ജലവൈദ്യുത പദ്ധതികളുടെ പുരോഗതി ചര്‍ച്ചചെയ്യാന്‍ 2019 മേയ് 29-നു ചേര്‍ന്ന അതോറിറ്റി യോഗത്തിലാണ് അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തില്‍ ഈ നിര്‍ദേശമുണ്ടായത്. കഴിഞ്ഞ ഒക്ടോബര്‍ 30-നുതന്നെ എന്‍.ഒ.സി. ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി. സര്‍ക്കാരിനെ സമീപിച്ചെങ്കിലും വിവാദം കാരണം തീരുമാനം വൈകി. ജൂണ്‍ ഒന്നിന് പ്രശ്നം വീണ്ടും ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് എന്‍.ഒ.സി. നല്‍കിയത്.

സര്‍ക്കാര്‍ തീരുമാനം ദുരൂഹം, അപ്രസക്തം

ഒരിക്കല്‍ ഉപേക്ഷിച്ച പദ്ധതി ഈ സമയത്ത് സര്‍ക്കാര്‍ വീണ്ടും കൊണ്ടുവരുന്നത് ദുരൂഹമാണെന്നാണ് അതിരപ്പള്ളി ജലവൈദ്യുത പദ്ധതികള്‍ക്കെതിരായ സമരങ്ങള്‍ നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. പരിസ്ഥിതി വിരുദ്ധമായ നടപടികള്‍ ഇടത് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകരുതെന്നും അവര്‍ പറയുന്നു.

‘ഒരു പ്രസക്തിയുമില്ലാത്ത പദ്ധതിയാണ്. വൈദ്യുതി ബോര്‍ഡിനകത്ത് കുറെയാളുകള്‍ എല്ലാക്കാലത്തും അനാവശ്യമായിട്ടുള്ള പദ്ധതികള്‍, സര്‍വേയെന്നും പറഞ്ഞ് ഇതിന് പിന്നാലെ നടക്കുന്ന അവസ്ഥയുണ്ട്. അവരെ തൃപ്തിപ്പെടുത്താനുള്ള ശ്രമം ഈ തീരുമാനത്തിന് പിന്നിലുണ്ടെന്ന് കരുതുന്നു’, പുഴസംരക്ഷണ സമിതി നേതാവ് എസ്.പി രവി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

എസ്.പി രവി

സര്‍ക്കാര്‍ മറ്റ് വിവാദങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പുതിയ വിവാദമുണ്ടാക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. അതിരിപ്പിള്ളി പദ്ധതിയെ സംബന്ധിച്ച് വളരെ ഗുരുതരമായ പാരിസ്ഥിതിക ബുദ്ധിമുട്ടുകളുമുണ്ടാക്കുമെന്നുള്ള നിരവധി പഠനങ്ങള്‍ വന്നിട്ടുള്ളതാണ്. ഇതെല്ലാം അവഗണിച്ച് ഈ പദ്ധതിയുമായി മുന്നോട്ടുപോകുന്നതിന്റെ യുക്തി മനസിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗീത

അതേസമയം പദ്ധതിയുമായി മുന്നോട്ടുപോവാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ വീണ്ടും സമരവുമായി ഇറങ്ങുമെന്ന് വാഴച്ചാല്‍ ആദിവാസി കോളനിയിലെ ഊരുമൂപ്പത്തി ഗീത ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘സര്‍ക്കാരിന് ഏകപക്ഷീയമായി ഇക്കാര്യത്തില്‍ മുന്നോട്ടുപോകാനാകില്ല. ഇതില്‍ ഞാന്‍ നല്‍കിയ ഒരു കേസ് ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്. വനാവകാശത്തിന്റെ പേരിലാണ് ഞങ്ങള്‍ കേസ് കൊടുത്തിരിക്കുന്നത്’, ഗീത പറഞ്ഞു.

ലോകം മുഴുവന്‍ ഏറ്റവും ഉയര്‍ന്ന പാരിസ്ഥിതിക വിവേകം ആവശ്യപ്പെടുന്ന സമയത്ത് അതിന് വിരുദ്ധമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് എസ്.പി രവി പറഞ്ഞു. പ്രളയത്തിന് ശേഷം സര്‍ക്കാരിന്റെ നയങ്ങളില്‍ കൃത്യമായ വൈരുദ്ധ്യങ്ങള്‍ കാണാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അനാവശ്യമായി കുറച്ച് പൊതുപണം ചെലവാക്കാം എന്നല്ലാതെ എന്തെങ്കിലും പുരോഗതി പദ്ധതിയില്‍ ഉണ്ടാകുമെന്ന് കരുതുന്നില്ല. സമരം ആവശ്യമാണെങ്കില്‍ ശക്തമായി ഇറങ്ങും. സമരത്തിലൂടെ ഇതിനെ തോല്‍പ്പിക്കാനും കഴിയും’ എസ്.പി രവി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

എന്തെങ്കിലും നടപടികള്‍ കെ.എസ്.ഇ.ബിയുടെ ഭാഗത്ത് നിന്ന് തുടങ്ങി എന്നുള്ളത് കൊണ്ട് ഇത് മുന്നോട്ടുപോകുമെന്ന് തോന്നുന്നില്ല. കാരണം അത്രയ്ക്ക് ശക്തമാണ് പദ്ധതിയ്‌ക്കെതിരെയുള്ള വസ്തുതകളും വാദങ്ങളും. അതിനെ മറികടന്നുകൊണ്ട് പദ്ധതി നടപ്പാക്കുക എന്നത് അവര്‍ക്ക് സാധ്യമാവില്ല എന്ന് ഞങ്ങള്‍ക്കുറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചിത്രങ്ങള്‍ -ഷഫീഖ് താമരശ്ശേരി

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജിതിന്‍ ടി പി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more