പി.എഫ് മാത്യൂസിന്റെ രചനയില്‍ ആദ്യമായാണ് ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രമാണ് അതിരന്‍. നവാഗതനായ വിവേക് സംവിധാനം ചെയ്ത അതിരന്‍ ഒരു സൈക്കോളജിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമയാണ്. മാനസിക വൈകല്യമുള്ളവരെ ചികിത്സിക്കുന്ന ആശുപത്രിയിലെ ചികിത്സാ രീതികളില്‍ കൃത്രിമമുണ്ടോ എന്ന് പരിശോധിക്കാന്‍ വരുന്ന ഡോക്ടര്‍ എം.കെ നായരായാണ് ഫഹദ് വേഷമിടുന്നത്. അവിടെ അയാള്‍ക്ക് നേരിടേണ്ടി വരുന്ന സാഹചര്യങ്ങളാണ് ചിത്രത്തിന്റെ കഥാതന്തു.
നിഗൂഢതകള്‍ നിറഞ്ഞ സാഹചര്യങ്ങളും ആളുകളും അയാള്‍ക്ക് ചുറ്റും പടരുന്നതിന്റെ കഥയാണ് അതിരന്‍. അതില്‍ അയാള്‍ തേടി പോകുന്ന ഒരുവളിലേക്ക് മാത്രം ഒതുങ്ങിപ്പോയതാണ് അതിരന്റെ പിഴവും. ചുറ്റും ഭീതി പടര്‍ത്തുന്ന പശ്ചാത്തലത്തില്‍ കഥ പറഞ്ഞു തുടങ്ങുമ്പോള്‍ മേല്‍പറഞ്ഞ നിഗൂഢതകള്‍ നിറഞ്ഞ ആദ്യ പകുതിയും, അവയെ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താതെ പോയ രണ്ടാം പകുതിയുമാണ് അതിരന്‍ ഒരുവട്ടം കാണുവാന്‍ മാത്രമുള്ള ഒരു ആസ്വാദന ആവിഷ്‌കാരം മാത്രമാകുന്നത്. ചിത്രത്തിന്റെ പ്രമേയം അന്യഭാഷാ ചിത്രങ്ങള്‍ പ്രധാനമായും ഹോളിവുഡ് ചിത്രങ്ങളുമായി സാമ്യം തോന്നുന്നവയാണെങ്കിലും കയ്യടക്കത്തോടെ പറഞ്ഞിരുന്നുവെങ്കില്‍ ഒരുവട്ടം കാണാവുന്ന ഒരു ചലച്ചിത്ര അനുഭവത്തില്‍ നിന്നും വീണ്ടും വീണ്ടും കാണുവാനും ചിന്തിക്കുവാനുമുള്ള ഒരു ലക്ഷണമൊത്ത ത്രില്ലര്‍ മലയാളത്തിന് ലഭിക്കുമായിരുന്നു.
അതിനുള്ള എല്ലാ സാധ്യതകളും ഇപ്പോഴും നിലനില്‍ക്കുന്ന ഒരു ചിത്രമാണ് അതിരന്‍. എടുത്തുപറയാനും ചില സവിശേഷതകള്‍ ചിത്രത്തിനുണ്ട്. മലയാള സിനിമയില്‍ ഒരു സമയത്തിനുശേഷമാണ് ഏച്ചുകെട്ടലുകള്‍ ഇല്ലാതെ, കാത് പൊട്ടുന്ന പശ്ചാത്തല സംഗീതമില്ലാതെ മാനസിക വൈകല്യമുള്ള ഒരു പെണ്ണിന്റെ സംഘട്ടനങ്ങള്‍, അതും കളരിയില്‍ ക്രമീകരിച്ച് വരുന്നത്. ഒപ്പം തന്നെ നായകനും നായികയും ചേര്‍ന്നുള്ള ഒരു സംഘട്ടനവും ഏറെക്കാലത്തിന് ശേഷമാണ്. എന്നാല്‍ ഇവയൊന്നും വെറും മാസ്സ് ചേരുവകള്‍ക്ക് വേണ്ടി സൃഷ്ടിച്ചവയായി തോന്നിയില്ല മറിച്ച് കഥാപാത്രങ്ങളുടെയും കഥയുടെയും ആവശ്യത്തിന് വേണ്ടി സൃഷ്ടിച്ച പോലെയാണ് അനുഭവപ്പെട്ടത്.
എങ്കിലും പി.എഫ് മാത്യൂസ് എന്ന തിരക്കഥാകൃത്തിന് സാധ്യതയുള്ള പ്രമേയത്തെ ഇനിയും ഉയരങ്ങളിലേക്ക് കൊണ്ടുപോകാന്‍ സാധിക്കുമായിരുന്നു. തീരദേശങ്ങളില്‍ ജീവിക്കുന്ന വാവച്ചന്‍ മേസ്തിരിയുടെയും കഥപറഞ്ഞ് മരണത്തിന്റെ മറ്റൊരു മുഖം ആവിഷ്‌കരിച്ച അദ്ദേഹം തന്റെ കംഫര്‍ട്ട് സോണ്‍ വിട്ടൊരു എഴുത്താണ് അതിരനില്‍. സംവിധായകന്‍ വിവേക് പ്രമേയം തിരഞ്ഞെടുക്കുന്നതില്‍ നിലവാരം പുലര്‍ത്തിയെങ്കിലും, എവിടെയൊക്കെയോ ഒരു ആഘാതം ഉണ്ടാക്കിയെടുക്കുവാന്‍ സാധിച്ചില്ല. പ്രചോദനങ്ങള്‍ അനുകരിക്കുന്നതിലപ്പുറം സംവിധായകന്റെ ക്രാഫ്റ്റ് പ്രേക്ഷകര്‍ക്ക് അനുഭവിച്ചറിയുന്നതില്‍ പിന്നോട്ട് നില്‍ക്കുന്ന ചിത്രമാണ് അതിരന്‍. രഞ്ജി പണിക്കര്‍-സായ് പല്ലവി സീനുകളെല്ലാം മനോഹരമായിരുന്നു. അച്ഛന്‍ മകള്‍ കഥ ക്‌ളീഷേ ആണെങ്കില്‍പ്പോലും മറ്റൊരു തലത്തിലൂടെ പറഞ്ഞതായി അനുഭവപ്പെട്ടു.
സായ് പല്ലവിക്ക്, തന്റെ കരിയറില്‍ പ്രയത്നം അര്‍ഹിക്കുന്ന കഥാപാത്ര നിര്‍മ്മിതിയും ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളില്‍ ശരീര ഭാഷകൊണ്ടും പശ്ചാത്തലം കൊണ്ടും വേറിട്ട് നില്‍ക്കുന്ന ചിത്രമാണ് അതിരന്‍.
ഫഹദ് ഫാസില്‍ എന്ന നടനിലെ സാധ്യതയെ മുഴുവനായി ഉപയോഗപ്പെടുത്തിയ ചിത്രമല്ല അതിരന്‍. കഥാപാത്രത്തില്‍ നിന്ന് വല്ലാതെ വിട്ടുപോയില്ലെങ്കിലും, മുഴുവനായി എത്തിച്ചേരാന്‍ സാധിച്ചില്ല. സാങ്കേതികത കൊണ്ട് ചിത്രം പലയിടങ്ങളിലും മികച്ചുനിന്നു. അനു മൂത്തേടത്തിന്റെ ഛായാഗ്രഹണം ഒരു ത്രില്ലര്‍ ശൈലി സൃഷ്ടിക്കുന്നതില്‍ വിജയിച്ചു. ബാക്കി ഭാഗങ്ങളിലെല്ലാം ഒരു സാധാരണ ശൈലിയില്‍ ഒതുങ്ങി നിന്നപ്പോള്‍ ചില പരീക്ഷണ ഷോട്ടുകള്‍ എടുത്തു പറയേണ്ട കാര്യമാണ്..
പി.എസ് ജയഹരിയുടെ പാട്ടുകള്‍ സാഹചര്യത്തിനോട് ചേര്‍ന്നുനിന്നു. ഗിബ്രാന്റെ പശ്ചാത്തല സംഗീതവും സാഹചര്യങ്ങളുടെ അവസ്ഥ പ്രേക്ഷകനില്‍ തോന്നിക്കും വിധം മികച്ചുനിന്നു, ത്രില്‍ സൃഷ്ടിക്കുന്നതില്‍ പശ്ചാത്തല സംഗീതം വിജയിച്ചു നിന്നു.