ന്യൂദല്‍ഹി: ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ആതര്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തങ്ങളുടെ പുതിയ സ്‌കൂട്ടര്‍ പുറത്തിറക്കി.
ആതര്‍ 450 എന്ന് പേരിട്ടിരിക്കുന്ന മോഡല്‍ പൂര്‍ണ്ണമായും വൈദ്യുതിയിലാണ് പ്രവര്‍ത്തിക്കുക. 1,24,750 രൂപയാണ് സ്‌കൂട്ടറിന്റെ വില. സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി, ജി.എസ്.ടി, റോഡ് ടാക്‌സ് എല്ലാം ഉള്‍പ്പെടെയുള്ള വിലയാണിത്.
ആതര്‍ 450ക്ക് മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ സാധിക്കും. ഈ ശ്രേണിയില്‍പ്പെട്ട ഇലക്ട്രിക്ക് വാഹനങ്ങളിൽ ഏറ്റവും കൂടുതലാണിത്. മാത്രമല്ല പൂജ്യത്തില്‍ നിന്ന് നാൽപത് കിലോമീറ്ററിലേക്ക് വേഗത ഉയര്‍ത്താന്‍ വെറും നാല് സെക്കന്‍ഡുകള്‍ മാത്രം മതി.
ഇതിന് പുറമേ സ്‌കൂട്ടറിനെ ആകര്‍ഷകമാക്കുന്നത് ഏഴ് ഇഞ്ച് വലിപ്പമുള്ള ടച്ച് സ്‌ക്രീനാണ്. ഇതുവഴി പാര്‍ക്കിങ്ങ് അസിസ്റ്റന്റ്, നാവിഗേഷന്‍ തുടങ്ങിയ സേവനങ്ങള്‍ ഉപയോഗിക്കാം. മറ്റ് വാഹനങ്ങളിലുള്ള പോലെ വേഗത, ബാറ്ററി തുടങ്ങിയവയും ടച്ച് സ്‌ക്രീന്‍ വഴി കാണാനും നിയന്ത്രിക്കാനും സാധിക്കും.
രണ്ട് വര്‍ഷത്തേയും മുപ്പതിനായിരം കിലോമീറ്ററിന്റേയും ഗ്യാരന്റി കമ്പനി ഉറപ്പ് നല്‍കുന്നുണ്ട്. ബാറ്ററിക്ക് മൂന്ന് വര്‍ഷത്തെ ഗ്യാരന്റിയുമുണ്ട്.