| Saturday, 22nd April 2023, 4:25 pm

നിരീശ്വരവാദികള്‍ക്കും അവരുടേതായ ആഘോഷങ്ങള്‍ വേണം: ജാവേദ് അക്തര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നിരീശ്വരവാദികള്‍ക്ക് അവരുടേതായ ആഘോഷങ്ങള്‍ വേണമെന്ന കാര്യത്തെക്കുറിച്ച് താന്‍ ആലോചിക്കുകയാണെന്ന് കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍. അത്തരത്തില്‍ എന്തെങ്കിലും ആലോചനകളുണ്ടെങ്കില്‍ പങ്കുവെക്കണമെന്നും അദ്ദേഹം തന്റെ സുഹൃത്തുക്കളോട് ആവശ്യപ്പെട്ടു.

ട്വിറ്ററിലൂടെയായിരുന്നു ജാവേദ് അക്തര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. രാജ്യം ഈദുല്‍ ഫിത്തറും അക്ഷയ തൃതീയയും ആഘോഷിക്കുന്ന ശനിയാഴ്ചയാണ് നിരീശ്വരവാദികളുടെ ആഘോഷത്തെക്കുറിച്ച് പറഞ്ഞ് കൊണ്ട് ജാവേദ് അക്തര്‍ രംഗത്തെത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

‘നിരീശ്വരവാദികള്‍ അവരുടേതായ രണ്ട് ആഘോഷങ്ങളെങ്കിലും വര്‍ഷത്തില്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ട സമയമാണിതെന്ന് എനിക്ക് തോന്നുന്നു. മറ്റ് മതങ്ങളുടെ ആഘോഷങ്ങളെ അവസാനിപ്പിച്ച് കൊണ്ടല്ല, മറിച്ച് എല്ലാത്തരം വിശ്വാസികളെയും നമ്മുടെ സന്തോഷങ്ങളെ പങ്കുവെക്കാന്‍ ക്ഷണിച്ച് കൊണ്ടുള്ള ആഘോഷങ്ങളെക്കുറിച്ചാണ് പറയുന്നത്. നിരീശ്വരവാദികളായ എന്റെ സുഹൃത്തുക്കള്‍ക്ക് അത്തരം ആഘോഷങ്ങളെപ്പറ്റി എന്തെങ്കിലും ആലോചനകളുണ്ടോ,’ ജാവേദ് അക്തര്‍ ട്വിറ്ററില്‍ കുറിച്ചു.

നിരവധി കമന്റുകളാണ് ട്വീറ്റിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഫുഡ് ഫെസ്റ്റിവല്‍ നടത്തുന്നതിനെക്കുറിച്ച് ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്. ശാസ്ത്രദിനവും ഭൗമദിനവും ആഘോഷിക്കപ്പെടേണ്ടതിനെക്കുറിച്ച് ചിലര്‍ പറയുമ്പോള്‍ റിപ്പബ്ലിക് ദിനവും സ്വാതന്ത്ര്യദിനവുമാണ് ആഘോഷമാക്കേണ്ടതെന്ന് മറ്റ് ചിലര്‍ പറയുന്നു.

‘റിപ്പബ്ലിക് ദിനവും സ്വാതന്ത്ര്യ ദിനവുമാണ് എന്റെ മനസിലേക്ക് വരുന്നത്, ജാവേദ് സാഹിബ്. വിശ്വസിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടനയാണ് നമുക്ക് ഉറപ്പ് നല്‍കുന്നത് എന്ന സാഹചര്യത്തില്‍ നിരീശ്വരവാദികള്‍ തീര്‍ച്ചയായും ഭരണഘടനയെയാണ് ആഘോഷിക്കേണ്ടത്,’ ഒരാള്‍ കമന്റ് ചെയ്തു.

ഇതാദ്യമായല്ല ജാവേദ് അക്തര്‍ താന്‍ നിരീശ്വരവാദിയാണെന്ന് പ്രഖ്യാപിച്ച് രംഗത്ത് വരുന്നത്. 2020ല്‍ ട്വിറ്ററിലെഴുതിയ കുറിപ്പില്‍ താന്‍ എല്ലാത്തരം വിശ്വാസങ്ങള്‍ക്കും എതിരാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഒരു നിരീശ്വരവാദിയെ സംബന്ധിച്ചിടത്തോളം എല്ലാ മതങ്ങളും ഒരു പോലെയാണെന്ന് 2013ല്‍ അദ്ദേഹം പറഞ്ഞിരുന്നു.

ആര്‍.എസ്.എസിനെയും താലിബാനെയും താരതമ്യം ചെയ്തതിനെതിരെ അടുത്തിടെ അക്തറിനെ മുംബൈയിലെ പ്രിന്‍സിപ്പല്‍ കോടതി വിളിച്ചു വരുത്തിയിരുന്നു. ജാവേദ്അക്തര്‍ നടത്തിയ പരാമര്‍ശം സംഘടനാ പ്രവര്‍ത്തകരുടെ അന്തസിന് കോട്ടം വരുത്തുന്നതാണെന്നാണ് അന്ന് കോടതി നിരീക്ഷിച്ചത്.

താലിബാന്‍ മുസ്‌ലിം മതരാഷ്ട്രം കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നതു പോലെ ഹിന്ദു രാഷ്ട്രം നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നവരുമുണ്ടെന്നും ഇത്തരം ആളുകള്‍ എല്ലാം തന്നെ ഒരേ ചിന്താഗതിക്കാരാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

മതരാഷ്ട്രം ആഗ്രഹിക്കുന്നവര്‍ ഹിന്ദുവോ ക്രിസ്ത്യനോ മുസല്‍മാനോ ജൂതനോ ആരും തന്നെ ആകട്ടെ അവരുടെ പ്രവര്‍ത്തനങ്ങള്‍ അപലപനീയമാണെന്നും ആര്‍.എസ്.എസ്, വി.എച്ച്.പി, ബജ്‌റംഗ്ദള്‍ എന്നിവരും, അവരെ പിന്തുണക്കുന്നവരും അതുപോലെ തന്നെയാണെന്നുമായിരുന്നു ജാവേദ് അക്തര്‍ പറഞ്ഞത്. എന്‍.ഡി.ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ജാവേദിന്റെ പ്രതികരണം.

Content Highlights: Atheists also need their own celebrations: Javed Akhtar

We use cookies to give you the best possible experience. Learn more