| Friday, 7th October 2022, 11:55 am

ചാണകം ചാരുന്നത് ഇന്ന് ലാഭകരമായിരിക്കാം; പക്ഷെ നാസ്തിക പ്രസ്ഥാനത്തിന്റെ ഭാഗമായവര്‍ സംഘപരിവാറിന് മണ്ണൊരുക്കുന്നത് സാമൂഹ്യദ്രോഹം: ഇ.എ. ജബ്ബാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരളത്തിലെ യുക്തിവാദ- നിരീശ്വരവാദ പ്രസ്ഥാനത്തിന്റെ ഭാഗമായവരില്‍ ഭൂരിഭാഗമാളുകളും വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടി സംഘപരിവാറിനെ പിന്തുണക്കുന്നുവെന്ന് യുക്തിവാദി നേതാവ് ഇ.എ. ജബ്ബാര്‍.

ഇന്ന് നാസ്തിക- നിരീശ്വരവാദ പ്രസ്ഥാനത്തിന്റെ ഭാഗമായ വലിയൊരു വിഭാഗമാളുകളും പ്രത്യക്ഷമായോ പരോക്ഷമായോ സംഘപരിവാറിന് മണ്ണൊരുക്കുകയാണെന്നും ഇത് വലിയ സാമൂഹ്യദ്രോഹമാണെന്നും ജബ്ബാര്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നു.

ചാണകം ചാരുന്നത് ഇന്ന് വ്യക്തിപരമായി ലാഭകരമാണെന്നും എന്നാല്‍ ബഹുസ്വര- മതേതര സമൂഹത്തെ സൃഷ്ടിക്കേണ്ടവര്‍ വംശീയമായ വെറുപ്പും ശത്രുതയും ഉത്പാദിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന സംഘപരിവാര്‍ ശക്തികളോട് പരോക്ഷമായി പോലും ചേര്‍ന്നുനില്‍ക്കാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”നിങ്ങളുടെ ലക്ഷ്യം വ്യക്തിപരമാണെങ്കില്‍ എനിക്ക് നിങ്ങളോട് പ്രത്യേകിച്ചൊന്നും പറയാനില്ല. വ്യക്തിപരമായി ഇന്ന് ഏറ്റവും കൂടുതല്‍ നേട്ടം കിട്ടുന്ന മേഖല അത് തന്നെയാണ്. കാരണം ചാണകം ചാരുന്നത് ഇന്ന് ലാഭകരമാണ്.

ഇന്നത്തെ ചാണകം പഴയ ചാണകം പോലെയല്ല. ഇന്നത്തെ ചാണകത്തില്‍ പ്ലൂട്ടോണിയമൊക്കെ ഉള്ള കാലമാണ്, പൂട്ടോണിയത്തിനൊക്കെ നല്ല വിലയുണ്ട്. അതുകൊണ്ട് അങ്ങോട്ട് ചാരിനില്‍ക്കുന്നത് വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വളരെ സഹായകരമായിരിക്കും.

അതിജീവനത്തിന് വേണ്ടി ഒരു നിലപാട് സ്വീകരിക്കുക എന്ന, സര്‍വൈവല്‍ ഓഫ് ദ ഫിറ്റസ്റ്റ് എന്ന പരിണാമ തത്വമനുസരിച്ച് നമുക്ക് വേണമെങ്കില്‍ സംഘപരിവാറിനോട് ചേര്‍ന്നുനില്‍ക്കാം, അതിനോട് ചാരിനില്‍ക്കാം. വളരെ ലാഭമുള്ള ബിസിനസായി ഇതിനെ മാറ്റാം.

ലാഭമുണ്ടാക്കാനുള്ള ബിസിനസാണ് നിങ്ങളുടെ യുക്തിവാദവും മതവിമര്‍ശനവുമെങ്കില്‍ നിങ്ങള്‍ക്ക് ചാണകം ചാരുന്നത് തന്നെയാണ് നല്ലത്. പക്ഷെ ജനിച്ചുവളര്‍ന്ന സമൂഹത്തെ കൂടി ബഹുസ്വര- മതേതര സമൂഹത്തിന് പാകപ്പെടുത്തുന്ന സാംസ്‌കാരിക പ്രവര്‍ത്തനമാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ അതിന്റെ ഫലം പെട്ടെന്ന് പെട്ടെന്ന് ലഭിക്കുന്ന ഒന്നല്ല, തലമുറകള്‍ക്ക് ശേഷം ലഭിക്കുന്ന ഒന്നാണ്.

അത് ലക്ഷ്യംവെച്ചുള്ള പ്രവര്‍ത്തനമാണ് നിങ്ങളുദ്ദേശിക്കുന്നതെങ്കില്‍ വംശീയമായ വെറുപ്പും ശത്രുതയും ഉത്പാദിപ്പിച്ചുകൊണ്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന സംഘപരിവാര്‍ പോലുള്ള ശക്തികളോട് നമ്മള്‍ പരോക്ഷമായി പോലും ചേര്‍ന്നുനില്‍ക്കാന്‍ പാടില്ല, എന്നാണ് എന്റെ നിലപാട്.

ഇന്ന് നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ നാസ്തിക- നിരീശ്വരവാദ പ്രസ്ഥാനത്തിന്റെ വലിയൊരു വിഭാഗമാളുകള്‍ അറിഞ്ഞോ അറിയാതെയോ, പ്രത്യക്ഷമായോ പരോക്ഷമായോ സംഘപരിവാറിന് മണ്ണൊരുക്കുന്ന പ്രക്രിയയില്‍ ഏര്‍പ്പെടുന്നു എന്നുള്ളത് വാസ്തവമാണ്. അത് ബോധപൂര്‍വമായും വ്യക്തിപരമായ ലാഭങ്ങള്‍ക്ക് വേണ്ടി അവര്‍ കണ്ടെത്തിയ മാര്‍ഗം എന്ന നിലക്കാണെങ്കിലും വലിയൊരു സാമൂഹ്യദ്രോഹമാണ് എന്ന അഭിപ്രായം കൂടി എനിക്കുണ്ട്.

സ്വതന്ത്ര ചിന്തകരായ ആളുകള്‍ കുറേക്കൂടി വിശാലമായ സാമൂഹ്യലക്ഷ്യത്തോട് കൂടി, കൂറേക്കൂടി ഉയര്‍ന്ന ധാര്‍മിക ബോധത്തോട് കൂടി വേണം അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍, എന്നാണ് എനിക്ക് സ്‌നേഹപൂര്‍വം അഭ്യര്‍ത്ഥിക്കാനുള്ളത്.

ഈ പറയുന്നത് ഏതെങ്കിലും വ്യക്തികളെ ഉദ്ദേശിച്ചല്ല. ഏതെങ്കിലും വ്യക്തിയെ അവമതിക്കുന്നതിന് വേണ്ടിയല്ല. നൂറ് ശതമാനവും നിലപാടുപരവും ആശയപരവുമാണ്.

സ്വതന്ത്ര ചിന്ത എന്നാണ് പറയുന്നതെങ്കിലും കേവലം ദൈവവിശ്വാസം നഷ്ടപ്പെട്ടു, അല്ലെങ്കില്‍ മതവിശ്വാസം നഷ്ടപ്പെട്ടു എന്നതിനപ്പുറത്തേക്ക് ഉയര്‍ന്ന ഒരു സാമൂഹികബോധം ഉള്‍ക്കൊണ്ടുകൊണ്ട് ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ കഴിയാത്തവരാണ് ഈ കൂട്ടത്തിലെ വലിയൊരു വിഭാഗമാളുകള്‍ എന്ന ഖേദകരമായ യാഥാര്‍ത്ഥ്യം മുന്നിലുണ്ട്.

നിങ്ങളുടെ ലക്ഷ്യം സമൂഹത്തിന്റെ ഉന്നതിയും സാമൂഹ്യ പുരോഗതിയും പരിവര്‍ത്തനവും നമ്മളൊക്കെ ജനിച്ച് ജീവിക്കുന്ന സമൂഹത്തിന്റെ ചിന്താപരമായ മാറ്റവുമാണെങ്കില്‍ അതിന് കുറേക്കൂടി യാഥാര്‍ത്ഥ്യ ബോധത്തോടും ദീര്‍ഘവീക്ഷണത്തോടും കൂടി മനശാസ്ത്രപരമായ സമീപനമാണ് സ്വീകരിക്കേണ്ടത് എന്നാണ് എനിക്ക് പറയാനുള്ളത്,” ജബ്ബാര്‍ പറഞ്ഞു.

Content Highlight: Atheist EA Jabbar criticizes atheist organization’s affiliation towards Sanghparivar

We use cookies to give you the best possible experience. Learn more