| Tuesday, 18th October 2022, 8:06 pm

സംവരണം, സംഘപരിവാര്‍, ഇസ്‌ലാമോഫോബിയ, ഫെമിനിസം; നവനാസ്തികതയെ തിരുത്തി ജബ്ബാര്‍ മാഷ്

നീതു രമമോഹന്‍

                                                                         ഇ.എ. ജബ്ബാര്‍

കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന്റെ ഭാഗമായി തുടക്കം മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന ഒരു സ്വതന്ത്ര ചിന്തകനെന്ന നിലയില്‍, ഇത്രയും വര്‍ഷം കൊണ്ട് പ്രസ്ഥാനത്തിലുണ്ടായ മാറ്റത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്?

ഞാന്‍ യുക്തിവാദി സംഘത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുന്നത് 1970കളുടെ പകുതിക്ക് വെച്ചാണ്. ആദ്യമായി ഞാന്‍ യുക്തിവാദി സംഘത്തിന്റെ ഒരു പരിപാടി കാണുന്നത് എ.ടി. കോവൂരിന്റെ ഒരു പര്യടനമായിരുന്നു. അദ്ദേഹം കേരള പര്യടനം നടത്തുന്ന സമയത്ത് മഞ്ചേരിയില്‍ വെച്ച് ഒരു സ്വീകരണം നല്‍കിയിരുന്നു. അത് കാണാന്‍ വേണ്ടി പോയതായിരുന്നു ഞാന്‍.

അന്ന് എ.ടി. കോവൂരിന്റെ കുറിപ്പുകളൊക്കെ ജനയുഗം വാരികയില്‍ വരുന്ന സമയമായിരുന്നു. അങ്ങനെ താല്‍പര്യം തോന്നി പോയതാണ്. അതാണ് ഈ പ്രസ്ഥാനവുമായി ബന്ധപ്പെട്ട എന്റെ ആദ്യത്തെ ആക്സസ്.

എ.ടി. കോവൂർ

പിന്നീട് 1979ലോ മറ്റോ മഞ്ചേരിയില്‍ യുക്തിവാദി സംഘത്തിന്റെ സംസ്ഥാന കമ്മിറ്റിയുടെ ഒരു ഉത്തരമേഖലാ പഠനക്യാമ്പ് നടന്നിരുന്നു. ആ ക്യാമ്പില്‍ ഞാനും ഒരു പഠിതാവായി രജിസ്റ്റര്‍ ചെയ്ത് പങ്കെടുത്തു. ഈയിടെ അന്തരിച്ച ഡോ. ഇ.വി. ഉസ്മാന്‍ കോയ ‘ജീവന്റെ ഉല്‍പത്തി, പരിണാമം’ എന്ന വിഷയത്തില്‍ ഒരു ക്ലാസ് എടുത്തിരുന്നു. ആ ക്ലാസ് കേട്ടതോടെ എനിക്ക് മനസിലുണ്ടായ കുറേയേറെ സംശയങ്ങള്‍ക്ക് ഒരു പരിഹാരമായി.

ആ ക്യാമ്പില്‍ വെച്ച് കുറേയാളുകളെ പരിചയപ്പെട്ടു. കലാനാഥന്‍ മാഷ്, അബ്ദുള്‍ അലി, ഡോ. ഉസ്മാന്‍ കോയ അങ്ങനെ അന്ന് നേതൃനിരയിലുണ്ടായിരുന്നവരെ പരിചയപ്പെട്ടു. അതിന് ശേഷം പതുക്കെപതുക്കെ സംഘടനയുമായി ബന്ധപ്പെടാന്‍ തുടങ്ങി.

മലപ്പുറം ജില്ലയില്‍ അന്ന് പേരിന് മാത്രമുള്ള ഒരു കമ്മിറ്റിയായിരുന്നു ഉണ്ടായിരുന്നത്. അങ്ങനെ 1979- 80 മുതല്‍ സംഘടനയില്‍ പ്രവര്‍ത്തിച്ചുതുടങ്ങി.

യുക്തിവാദികളുടെ ചെറിയചെറിയ മീറ്റിങ്ങുകള്‍, സൗഹൃദ മീറ്റിങ്ങുകള്‍ പോലെ സംസ്ഥാനത്തിന്റെ പല ഭാഗത്തായി അന്ന് നടന്നിരുന്നു. ഇടയ്ക്ക് ചെറിയതോതില്‍ പൊതുയോഗങ്ങളും ധര്‍ണകളുമൊക്കെ നടന്നിരുന്നു.

അന്ന് മാധ്യമങ്ങളൊന്നും നമ്മളെ ഒട്ടും പരിഗണിക്കാറുണ്ടായിരുന്നില്ല. എന്ത് പ്രശ്നങ്ങളുണ്ടായാലും, നമ്മള്‍ വാര്‍ത്ത എഴുതിക്കൊടുത്താല്‍ പോലും യുക്തിവാദികളുടെ വാര്‍ത്ത മീഡിയയിലൊന്നും വരില്ല.

അങ്ങനെയുള്ള പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് ചെറിയ മാസികകളിലെ എഴുത്തുകളും സമ്മേളനങ്ങളുമൊക്കെയായി പോന്നു. എത്ര വലിയ പരിപാടിയായാലും ആയിരത്തില്‍ താഴെ ആളുകളൊക്കെയേ വരൂ, ചെറിയ പരിപാടിയാണെങ്കില്‍ അമ്പതോ നൂറോ പേരും. അങ്ങനെ കുറേക്കാലം പ്രവര്‍ത്തിച്ചു.

1980കളില്‍ ശരീഅത്ത് പ്രശ്നമൊക്കെ വന്ന സമയത്ത് അതില്‍ ഇടപെടുകയും ആശയപ്രചരണവും ജാഥകളും ക്യാമ്പയിനുകളുമൊക്കെ നടത്തുകയും ചെയ്തിരുന്നു. സംഘടനാപരമായ കുറേ പരിമിതികളുണ്ടായിരുന്നു. യുക്തിവാദം വളരെ കുറച്ചാളുകളില്‍ മാത്രം പരിമിതപ്പെട്ട് കിടക്കുന്ന കാര്യമാണെന്നായിരുന്നു അന്നത്തെ ധാരണ.

പക്ഷെ ഈ ധാരണയൊക്കെ മാറിയത് 2007ലാണ്, ഞാന്‍ ഇന്റര്‍നെറ്റിലൂടെ ആശയപ്രചരണം തുടങ്ങിയത് മുതല്‍. ബ്ലോഗ് എഴുതിക്കൊണ്ടായിരുന്നു അതിന്റെ തുടക്കം. എനിക്ക് ബ്ലോഗിനെ കുറിച്ചൊന്നും അതുവരെ അറിയില്ലായിരുന്നു. കമ്പ്യൂട്ടര്‍ തന്നെ ഉപയോഗിച്ച് തുടങ്ങിയതേ ഉള്ളൂ. ബ്ലോഗെഴുത്ത് തുടങ്ങിയതിന് പിന്നിലും ഒരു കാരണമുണ്ട്.

അന്ന് ഞാന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഒരു ലേഖനം എഴുതിയിരുന്നു. റിച്ചാര്‍ഡ് ഡോക്കിന്‍സിനെ പരിചയപ്പെടുത്തിക്കൊണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഒരു കവര്‍ സ്റ്റോറി വന്നിരുന്നു. അതിന്റെ ഭാഗമായി എഴുതിയതാണെന്നാണ് എന്റെ ഓര്‍മ. അന്ന് കമല്‍റാം സജീവിനായിരുന്നു ആഴ്ചപ്പതിപ്പിന്റെ ചുമതല. അദ്ദേഹം എന്നോട് യുക്തിവാദത്തെ കുറിച്ചുള്ള ഒരു ലേഖനം എഴുതിത്തരാമോ എന്ന് ചോദിച്ചു.

മാതൃഭൂമി ആഴ്ചപ്പതിപ്പ്

അങ്ങനെ ഞാന്‍ ലേഖനം എഴുതി. അത് വായിച്ച ചിത്രകാരന്‍ മുരളി എന്നൊരാള്‍ ഈ ലേഖനത്തെ കുറിച്ച് ബ്ലോഗില്‍ ഒരു നിരൂപണം എഴുതി. അദ്ദേഹത്തിന്റെ ബ്ലോഗ് വായിച്ച എന്റെ മകനും വേറെ ചില ആളുകളും ഇതിന്റെ ലിങ്കൊക്കെ അയച്ച് തന്നു. അങ്ങനെയാണ് ഞാനും ബ്ലോഗെഴുത്തിലേക്ക് കടന്നാലോ എന്ന് ചിന്തിച്ചത്. എനിക്ക് അതിനെക്കുറിച്ചൊന്നും അറിയില്ലായിരുന്നു, മകനാണ് ബ്ലോഗൊക്കെ ഉണ്ടാക്കിത്തന്നതും മലയാളം ടൈപ്പിങ് പഠിപ്പിച്ചതും.

അങ്ങനെ 2007 മുതല്‍ ഞാന്‍ ബ്ലോഗിലൂടെ ഇസ്‌ലാം മതവിമര്‍ശനം എഴുതിത്തുടങ്ങി. യുക്തിവാദി സംഘത്തിലുള്ള ആളുകള്‍ മാത്രമല്ല, അതിനേക്കാളപ്പുറം ഇതേ ആശയം കൊണ്ടുനടക്കുന്ന ഒരുപാടാളുകള്‍ പുറത്തുണ്ട് എന്ന തിരിച്ചറിവുണ്ടായത് അപ്പോഴാണ്. കാരണം ബ്ലോഗില്‍ ഒരുപാടാളുകള്‍ വന്ന് പ്രതികരിക്കാന്‍ തുടങ്ങി. അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഒരുപാടുണ്ടായിരുന്നു. വലിയ ചര്‍ച്ചകളും നടന്നു.

യുക്തിവാദി സംഘവുമായി ബന്ധമില്ലാത്ത നിരവധി പേരെ ഇന്റര്‍നെറ്റ് ലോകത്ത് പരിചയപ്പെട്ടു. അത് വലിയൊരു തിരിച്ചറിവായിരുന്നു. അതനുസരിച്ച് പ്രസ്ഥാനം വിപുലപ്പെടുത്തുന്നതിന് വേണ്ടി സംഘടനയിലും ചില ഇടപെടലുകളൊക്കെ നടത്തി. അതിന്റെ ഭാഗമായി കുറേ പ്രശ്നങ്ങളും ഉണ്ടായിരുന്നു.

ബ്ലോഗ് കഴിഞ്ഞ് പിന്നെ ഫേസ്ബുക്ക് വന്നു. അവിടെ ഞങ്ങള്‍ ‘ഫ്രീ തിങ്കേഴ്സ്’ എന്നൊരു ഗ്രൂപ്പ് തുടങ്ങി. നാസര്‍ കെ.പി. എന്ന ഫേക്ക് ഐ.ഡിയില്‍ ഹാരിസ് എന്ന ഞങ്ങളുടെ ഒരു സുഹൃത്തായിരുന്നു ഗ്രൂപ്പ് തുടങ്ങിയത്. ഞാനും അതിന്റെ അഡ്മിനായിരുന്നു. സൗദി അറേബ്യയില്‍ നിന്നുകൊണ്ടായിരുന്നു അദ്ദേഹം ഗ്രൂപ്പ് തുടങ്ങിയതെല്ലാം, അതുകൊണ്ടാണ് ഫേക്ക് ഐ.ഡി ഉപയോഗിച്ചത്. അങ്ങനെ ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയായി പിന്നെ ചര്‍ച്ചകള്‍.

ബ്ലോഗിനേക്കാള്‍ കുറച്ചുകൂടി വിപുലമായ, സാധാരണക്കാര്‍ കൂടുതല്‍ വരുന്ന സ്ഥലമാണ് ഫേസ്ബുക്ക്. അവിടെ നല്ല ചീത്ത വിളിയും തെറി വിളിയും നല്ല പ്രതികരണങ്ങളുമൊക്കെ കിട്ടി, വലിയ ബഹളമായിരുന്നു. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള വലിയൊരു സംഘട്ടനം തന്നെ ഫേസ്ബുക്കില്‍ നടന്നു.

ഇസ്‌ലാം മതത്തെയായിരുന്നു ഞങ്ങള്‍ കൂടുതലായും വിമര്‍ശിച്ചിരുന്നത്. അതിന് മറുപടിയായി ‘റൈറ്റ് തിങ്കേഴ്സ്’ എന്നൊരു എതിര്‍ഗ്രൂപ്പുമായി ആളുകള്‍ വന്നു. സോഷ്യല്‍ മീഡിയയില്‍ അതോടുകൂടിയാണ് സജീവമാകുന്നത്.

ഫേസ്ബുക്കിലൂടെയുള്ള പ്രചരണത്തിലൂടെയാണ് ആയിരക്കണക്കിനാളുകള്‍ ഈ രംഗത്തേക്ക് വരാന്‍ തുടങ്ങിയത്. പിന്നീട് ആ ബന്ധങ്ങള്‍ ഉപയോഗിച്ച് പുറത്ത് പരിപാടികള്‍ നടത്തിയപ്പോള്‍ കൂടുതലാളുകള്‍ പങ്കെടുത്തു. അങ്ങനെ 2012ല്‍ ഞങ്ങള്‍ മലപ്പുറത്ത് ‘സ്വതന്ത്രലോകം’ എന്നൊരു സെമിനാര്‍ നടത്തി. സെമിനാര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് സംഘടനക്കുള്ളില്‍ ചില പ്രശ്നങ്ങളൊക്കെ ഉണ്ടായെങ്കിലും പരിപാടി വലിയ വിജയമായിരുന്നു, ആയിരത്തോളം ആളുകള്‍ പങ്കെടുത്തു.

അവിടന്നിങ്ങോട്ടാണ് സംഘടനക്ക് ഒരു വളര്‍ച്ചയുണ്ടാകുന്നത്. ഈ സെമിനാറിലാണ് ആദ്യമായി ഡോ. വിശ്വനാഥന്‍, സി. രവിചന്ദ്രന്‍ എന്നിവരെയൊക്കെ പങ്കെടുപ്പിക്കുന്നത്. അതിന് ശേഷം അവരൊക്കെ ഈ രംഗത്ത് സജീവമായി. സോഷ്യല്‍ മീഡിയയും പുറത്തുള്ള പ്രവര്‍ത്തനങ്ങളും ചേര്‍ന്നാണ് സംഘടന ഇന്നത്തെ നിലയിലേക്ക് എത്തിയത്.

ഡോ. വിശ്വനാഥന്‍

ബി.ജെ.പിയുടെ ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ കേരളത്തില്‍ വന്ന സമയത്ത് നിരീശ്വര വാദികളെയും കൂടെ നിര്‍ത്തണം എന്ന് ഇവിടത്തെ ബി.ജെ.പി നേതാക്കളോട് ആഹ്വാനം ചെയ്യുന്ന തരത്തില്‍ ഒരു പ്രസ്താവന നടത്തിയിരുന്നല്ലോ. ഇത് വലിയ ചര്‍ച്ചയായി മാറുകയും ചെയ്തു. ‘കാര്യങ്ങള്‍ ഇത്രത്തോളമെത്തിയോ’ എന്നൊരു ക്യാപ്ഷനോടെ മാഷും ഇക്കാര്യം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. നദ്ദയുടെ ഈ പ്രതികരണത്തില്‍ നിന്നും വലിയ തിരിച്ചറിവുകളുണ്ടായോ?

ജെ.പി. നദ്ദയുടെ പ്രതികരണം വേറെ ഒരുപാട് കാര്യങ്ങളുടെ തുടര്‍ച്ചയായാണ് തോന്നിയത്. അദ്ദേഹം ഉപയോഗിച്ചത് യുക്തിവാദികള്‍ എന്ന് പോലുമല്ല, നിരീശ്വരവാദികള്‍ അല്ലെങ്കില്‍ നാസ്തികര്‍ എന്നാണ്. അത് കുറച്ച് ശ്രദ്ധിക്കേണ്ട കാര്യമാണ്. കാരണം നാസ്തികരായ ആളുകള്‍ നമുക്ക് സ്വീകാര്യരാണ് എന്ന് ബി.ജെ.പിയുടെ ദേശീയ അധ്യക്ഷന്‍ പറയുന്ന സാഹചര്യം കേരളത്തില്‍ കുറച്ചുകാലമായി ഉരുത്തിരിഞ്ഞ് വരുന്നുണ്ട്. ഇതിന്റെ ഒടുവിലത്തെ തെളിവാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.

കുറച്ചുകാലമായി നമ്മള്‍ നിരീക്ഷിക്കുന്ന ഒരു വിഷയമാണിത്. ഒരു വിഭാഗമാളുകള്‍ കേവലം നാസ്തികത മാത്രം പറഞ്ഞ്, ദൈവമാണ് ഏറ്റവും വലിയ പ്രശ്നം, ദൈവമില്ലാതായാല്‍ ബാക്കിയെല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും എന്ന് (പണ്ട് കമ്മ്യൂണിസ്റ്റുകാര്‍ അടിത്തറ- മേല്‍ക്കൂര സിദ്ധാന്തം പറഞ്ഞിരുന്നത് പോലെ) പറയുകയും അതിന്റെ കൂടെ കേരളത്തില്‍ സംഘപരിവാറിന് വേരോട്ടമുണ്ടാക്കുന്ന രീതിയിലുള്ള ഒരു മണ്ണൊരുക്കം നടത്തുകയും ചെയ്യുന്നതിന്റെ ചില സൂചനകള്‍ നാസ്തിക രംഗത്തും കണ്ടുതുടങ്ങിയിട്ടുണ്ട്.

ജെ.പി. നദ്ദ

സംഘപരിവാര്‍ കേരളത്തില്‍ വേരോടാത്തതിന് ഒരു കാരണമുണ്ട്. അത് കഴിഞ്ഞ ഒന്നുരണ്ട് നൂറ്റാണ്ടായി നീണ്ടുനില്‍ക്കുന്ന കേരളത്തിന്റെ നവോത്ഥാന പാരമ്പര്യമാണ്. ആ നവോത്ഥാനത്തിന്റെ റിസള്‍ട്ടായി കേരളത്തില്‍ ഒരു പൊതുബോധം നിലനില്‍ക്കുന്നുണ്ട്. അത് പൂര്‍ണമായില്ലെങ്കിലും ഏറെക്കുറേ സെക്കുലറായ ഒരു പൊതുബോധമാണ്. പൂര്‍ണമായും യുക്തിവാദികളും നിരീശ്വരവാദികളും അല്ലെങ്കിലും ഒരു അന്യമത വിദ്വേഷത്തിന്റെ തലത്തിലേക്കുള്ള വര്‍ഗീയത പെട്ടെന്ന് വേരുപിടിപ്പിക്കാന്‍ കഴിയാത്ത വിധം മനുഷ്യര്‍ കൂടിക്കലര്‍ന്ന് ജീവിക്കുന്ന ഒരു സംസ്‌കാരം കേരളത്തില്‍ രൂപപ്പെട്ടിട്ടുണ്ട്.

അതുകൊണ്ട് വെറുപ്പുല്‍പാദിപ്പിച്ച്, ഒരു വിഭാഗത്തെ അകറ്റി മാറ്റിനിര്‍ത്തി അതിലൂടെ രാഷ്ട്രീയനേട്ടം കൊയ്യുന്ന ഉത്തരേന്ത്യന്‍ സംഘപരിവാര്‍ രാഷ്ട്രീയം കേരളത്തില്‍ പെട്ടെന്നൊന്നും വേരുപിടിപ്പിക്കാന്‍ കഴിയില്ല. അല്ലറചില്ലറ ഗിമ്മിക്കുകള്‍ കാണിച്ചും കലാപമുണ്ടാക്കിയും കേരളത്തില്‍ അത് നടപ്പാക്കാനാവില്ല. അതിന് കേരള സമൂഹത്തിന്റെ പൊതുബോധത്തെ മാറ്റേണ്ടതുണ്ട്. ബി.ജെ.പിക്കാര്‍ ഒരു ക്യാമ്പെയിന്‍ നടത്തിയാലോ കുറേ സ്റ്റഡി ക്ലാസ് നടത്തിയാലോ ഈ പൊതുബോധം മാറില്ല.


കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും, പ്രത്യേകിച്ച് ഹൈന്ദവ സമൂഹത്തിലെ ഭൂരിപക്ഷവും ബി.ജെ.പിയെ സ്വീകരിക്കാവുന്ന മനസുള്ളവരല്ല. അതുകൊണ്ട് ബി.ജെ.പി നേരിട്ടിറങ്ങിയാലും നടക്കാത്ത ഈ കാര്യങ്ങള്‍ മറ്റ് ചിലരെക്കൊണ്ട് സ്വീകാര്യമായ ആശയങ്ങളുടെ കൂടെ മധുരം പുരട്ടി കൊടുത്താല്‍ നേരത്തെ പറഞ്ഞ ആ മണ്ണൊരുക്കല്‍ പ്രക്രിയ നടക്കാന്‍ സാധ്യതയുണ്ട്. അറിഞ്ഞോ അറിയാതെയോ ഈ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ കുറച്ചുകാലമായി നടക്കുന്നുണ്ട്. അതിന്റെ ലക്ഷണങ്ങളാണ് നമ്മള്‍ പല വേദികളിലും കാണുന്നത്.

ബി.ജെ.പി എന്ന വര്‍ഗീയ രാഷ്ട്രീയ പാര്‍ട്ടി വളരെ മോശമായ ഒരു പ്രസ്ഥാനമാണെന്നാണ് കേരളത്തിന്റെ പൊതുബോധം. വര്‍ഗീയതയും വിഭാഗീയതയും കലാപങ്ങളും ഉണ്ടാക്കി അതിലൂടെ മുതലെടുപ്പ് നടത്തുന്ന ഒരു പാര്‍ട്ടിയാണ് ബി.ജെ.പി എന്ന പൊതുബോധമാണിവിടെയുള്ളത്. അങ്ങനെയിരിക്കെ,

ബി.ജെ.പി അത്ര അപകടകാരികളായ പാര്‍ട്ടിയല്ല അവര് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും കോണ്‍ഗ്രസിനെയും പോലെ ജനാധിപത്യപരമായ പാര്‍ട്ടി മാത്രമാണ് എന്ന നരേഷന്‍ വരുന്നത് ഈ പൊതുബോധത്തില്‍ ഒരു ചെറിയ മാറ്റം വരുത്തും.

അതുപോലെ നമ്മുടെ പൊതുബോധത്തില്‍ ഗാന്ധിജി എന്ന മനുഷ്യന്‍ 100നോടടുത്ത് ഉയര്‍ന്ന് നില്‍ക്കുകയാണ്. ഗാന്ധിജിയെ കൊന്ന ഗോഡ്സെയുടെ ഗ്രാഫ് പൂജ്യത്തിനടുത്തും. അങ്ങനെ നില്‍ക്കുമ്പോള്‍ ഗാന്ധിജിയെയും ഗോഡ്സെയെയും കുറിച്ച് ഒരു നരേഷന്‍ വരുന്നു. ഗാന്ധിജി ആളത്ര, നമ്മള്‍ വിചാരിക്കുന്നത് പോലെ അത്ര മഹാനൊന്നുമല്ല എന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ഗ്രാഫ് ഒരു അമ്പതിലേക്ക് താഴ്ത്തുന്നു.

മറുവശത്ത് ഗോഡ്സെ നമ്മള്‍ വിചാരിക്കുന്ന പോലെ ഒരു ദുഷ്ടനൊന്നുമല്ല, അയാള്‍ ആത്മാര്‍ത്ഥതയുള്ള ത്യാഗവര്യനായ ഒരു ദേശീയവാദിയായിരുന്നു എന്ന് വളരെ വികാരഭരിതമായ ശരീരഭാഷയില്‍ അവതരിപ്പിക്കുന്നു. അപ്പോള്‍ ഗാന്ധിജിയുടെ ഗ്രാഫ് താഴേക്ക് വന്നതിന് സമാനമായി ഗോഡ്സെയുടെ ഗ്രാഫ് മേലോട്ട് ഉയര്‍ത്തുന്നു. അങ്ങനെ അത് രണ്ട് ഏകദേശം സമാനമാക്കുന്നു- ഈയൊരു പരിപാടിയാണ് ഇന്നിവിടെ നടക്കുന്നത്. ഇത് അറിയാതെയാണ് നടക്കുന്നത്.

ഇതൊക്കെ വസ്തുതയാണ് എന്നാണ് കേട്ടിരിക്കുന്ന ആളുകള്‍ക്ക് തോന്നുക. ഇനി ഗോഡ്സെ അത്ര മോശക്കാരനല്ലെന്നും ഗാന്ധിജി അത്ര നല്ല ആളല്ല എന്നും പറയുന്നത് വസ്തുതയാണ് എന്ന് തന്നെ വിചാരിക്കുക, എങ്കില്‍പോലും ഈ രണ്ട് വസ്തുതകളെ ഈയൊരു രീതിയില്‍ അവതരിപ്പിക്കുന്നത് വഴി കേരളത്തിലെ സമൂഹത്തിന് എന്ത് നേട്ടമാണ് ഉണ്ടാകാന്‍ പോകുന്നത് ? ആര്‍ക്കാണ് അതുകൊണ്ട് ഗുണം കിട്ടാന്‍ പോകുന്നത്? അവിടെയാണ് ഞാന്‍ പറയുന്നത് ഈ മണ്ണൊരുക്കല്‍ പ്രക്രിയ നടക്കുന്നു എന്ന്.

ബി.ജെ.പി പണ്ടത്തെ ബി.ജെ.പിയല്ല, ആര്‍.എസ്.എസ് പണ്ടത്തെ ആര്‍.എസ്.എസല്ല അവരൊക്കെ ഒരുപാട് പരിണമിച്ചു, തങ്ങളുടെ പ്രധാന പുസ്തകങ്ങളൊക്കെ തള്ളിക്കളഞ്ഞു എന്ന ഒരു നരേഷനുമുണ്ട്. (ഹദീസ് തള്ളി, ഖുര്‍ആന്‍ തള്ളി എന്ന് പറയുന്നത് പോലെ) സവര്‍ക്കറുടെയും ഗോള്‍വാര്‍ക്കറുടെയും പുസ്തകങ്ങള്‍ തള്ളി, അതുകൊണ്ട് അവരിപ്പോള്‍ ഒരു നോര്‍മല്‍ അവസ്ഥയിലേക്ക് മാറി എന്നാണ് ഈ വാദം.

പക്ഷെ ഈ പറയുന്ന യുക്തിയും ലോജിക്കും സംഘപരിവാറിന്റെ ശത്രുപക്ഷത്ത് നില്‍ക്കുന്ന ഇസ്‌ലാമിനോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കോ ബാധകമില്ല. ഈ യുക്തി ഏറ്റവും നന്നായി അപ്പ്ളൈ ചെയ്യാന്‍ പറ്റുന്നത് യഥാര്‍ത്ഥത്തില്‍ ഇസ്‌ലാമിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുമാണ്. കാരണം സ്റ്റാലിനും മാവോയും പ്രതിനിധാനം ചെയ്യുന്ന മാര്‍ക്സിസവും കമ്മ്യൂണിസവുമൊന്നും ഇന്ന് കേരളത്തിലോ ഇന്ത്യയിലോ ഇല്ല. ജനാധിപത്യത്തിലൂടെ ഒരു സാധാരണ പാര്‍ട്ടിയായാണ് അതിവിടെ വര്‍ക്ക് ചെയ്യുന്നത്.

ഇസ്‌ലാമും ഒരുപാട് മാറിയിട്ടുണ്ട്. ആറാം നൂറ്റാണ്ടില്‍ മുഹമ്മദ് നബി നടപ്പിലാക്കിയ ഇസ്‌ലാമൊന്നും ഇന്ന് ലോകത്തില്ല. അത് നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഐ.എസും താലിബാനും പോലുള്ള ന്യൂനപക്ഷങ്ങള്‍ പോലും എത്രയോ വെള്ളം ചേര്‍ത്ത ഇസ്‌ലാമാണ് നടപ്പിലാക്കുന്നത്. സാധാരണ മുസ്‌ലിങ്ങളാണെങ്കില്‍ അതിനേക്കാള്‍ എത്രയോ ചെറിയ ശതമാനമാണ്.

അതുകൊണ്ട്, ഇന്നെല്ലാം മാറിയിട്ടുണ്ട് ഇനി നമ്മള്‍ ഇവരെ പഴയതുപോലെ കാണേണ്ടതില്ല, എന്ന ലോജിക്ക് ആവശ്യമുള്ളയിടത്ത് മാത്രം അപ്പ്ളൈ ചെയ്യുകയും ശത്രുപക്ഷത്തുള്ളവരില്‍ അപ്പ്ളൈ ചെയ്യാതിരിക്കുകയും അവിടെ പറയേണ്ട നല്ല കാര്യങ്ങള്‍ മറച്ചുവെക്കുകയും ഇവിടെ പറയേണ്ട മോശം കാര്യങ്ങള്‍ പര്‍വതീകരിച്ച് പറയുകയും ചെയ്യുന്നത് പോലെയുള്ള ഒരുപാട് കലാപരിപാടികളിലൂടെ ഇത് കേള്‍ക്കുന്ന ആളുകളുടെ മനസില്‍ നേരത്തെ രൂപപ്പെട്ട് വന്ന പൊതുബോധത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുകയാണ്.

അല്ലാതെ നേരിട്ട് സംഘി രാഷ്ട്രീയം പറയുന്നെന്നോ പറയുന്നവരെല്ലാം സംഘികളാണെന്നോ ഉള്ള ഒരാരോപണവും ഞങ്ങള്‍ക്കില്ല. സംഘപരിവാര്‍ രാഷ്ട്രീയത്തിന് വളരാന്‍ പറ്റുന്ന രീതിയില്‍ കേരളത്തിലെ പൊതുബോധത്തെ പതുക്കെപതുക്കെ സമര്‍ത്ഥമായി മാറ്റിയെടുക്കുന്ന ഒരു സാംസ്‌കാരിക പ്രക്രിയ ദൗര്‍ഭാഗ്യവശാല്‍ നാസ്തികതയുടെ ബാനറില്‍ നടക്കുന്നുണ്ട് എന്ന തോന്നല്‍ കുറച്ചുകാലമായുണ്ട്. ഞാന്‍ പോലും അത് തിരിച്ചറിയാന്‍ കുറച്ച് വൈകിപ്പോയി. അതിന്റെ ഏറ്റവുമൊടുവിലത്തെ തെളിവായി വേണമെങ്കില്‍ ജെ.പി. നദ്ദയുടെ പ്രസ്താവനയെ കാണാം.

ചാണകം ചാരുന്നത് ഒരുപക്ഷെ വ്യക്തിപരമായി നേട്ടമായിരിക്കാം, പക്ഷെ യുക്തിവാദി പ്രസ്ഥാനത്തിന്റെ ഭാഗമായി നില്‍ക്കുന്നവര്‍ അങ്ങനെ ചെയ്യുന്നത് ഒരു സാമൂഹ്യദ്രോഹമാണെന്ന് മാഷ് ഒരു വീഡിയോയില്‍ വ്യക്തമായി പറഞ്ഞിരുന്നു. ഇത്തരത്തില്‍ യുക്തിവാദി പ്രസ്ഥാനത്തിന്റെ ഭാഗമായിരിക്കെ സ്വാര്‍ത്ഥ താല്‍പര്യത്തിന്റെ പുറത്ത് സംഘപരിവാറിനൊപ്പം നില്‍ക്കുന്നവരുടെ എണ്ണം കൂടുന്നതിലുള്ള ആശങ്കയാണോ ഈ വാക്കുകളിലുള്ളത്?

തീര്‍ച്ചയായും എനിക്കീ ആശങ്കയുണ്ട്. കാരണം ഞങ്ങള്‍ പ്രവര്‍ത്തിക്കുന്ന മേഖലയില്‍ തന്നെ വലിയ മാറ്റമാണ് വന്നുകൊണ്ടിരിക്കുന്നത്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള ഇസ്‌ലാമിസ്റ്റ് പണ്ഡിതന്മാര്‍ ഉപയോഗിക്കുന്ന ഭാഷയില്‍ പറയുകയാണെങ്കില്‍ ‘സുനാമി’യാണ് ഇവിടെ നടക്കുന്നത്. ഇസ്‌ലാമില്‍ നിന്നും ആളുകള്‍ വലിയരീതിയില്‍ പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നു. കേരളത്തിലും ഈ മാറ്റം കാണുന്നു.

പക്ഷെ ഇങ്ങനെ പുറത്തുവരുന്നവര്‍ വളരെ പെട്ടെന്ന് ആകര്‍ഷിക്കപ്പെടുന്നതും ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ അവര്‍ക്ക് കുറച്ചുകൂടെ സേഫ് സോണായി തോന്നുന്നതും സംഘപരിവാര്‍ പക്ഷത്തേക്ക് പോകുന്നതാണ്.

അതിന് മനശ്ശാസ്ത്രപരമായ ഒരു കാരണം, ഇതാണ്. തങ്ങള്‍ വിശ്വസിച്ചിരുന്ന മതം വെറുത്ത് പുറത്തുകടക്കുമ്പോള്‍ സ്വാഭാവികമായും മതത്തിന്റെ ഭാഗത്തുനിന്ന് ഒരുപാട് സമ്മര്‍ദങ്ങളും ഉപദ്രവങ്ങളും നേരിടേണ്ടി വരും. അതിന്റെ ഫ്രസ്ട്രേഷനും നേരിടാന്‍ ശക്തിയില്ലാതെയും വരുമ്പോഴാണ് സംഘപരിവാര്‍ ഇവര്‍ക്ക് നേരെ ഈ ‘കൈത്താങ്ങ് സഹായം’ നീട്ടുന്നത്. അതുകൊണ്ട് ആ പക്ഷത്തേക്ക് ചായാനുള്ള പ്രവണതയുണ്ടാകും. മനുഷ്യനെപ്പോഴും കംഫര്‍ട്ട് സോണില്‍ സഞ്ചരിക്കാനുള്ള പ്രവണതയുണ്ട്.

പക്ഷെ സ്വതന്ത്ര ചിന്തകര്‍ എന്നും ഒഴുക്കിനെതിരെ മാത്രം നീന്തുന്നവരാണ്. നമ്മളൊരിക്കലും വ്യക്തിപരമായ ലാഭങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരല്ല. അങ്ങനെയായിരുന്നെങ്കില്‍ ഞങ്ങള്‍ക്കൊക്കെ എത്രയോ നല്ല സോണുകള്‍ വേറെയുണ്ടായിരുന്നു.

പക്ഷെ പുതുതായി ഈ രംഗത്തേക്ക് വരുന്നവര്‍ക്ക് ഈ കംഫര്‍ട്ട് സോണ്‍ കാണുമ്പോള്‍ അതിലേക്ക് ആകര്‍ഷണം തോന്നുകയും അതനുസരിച്ച് അവിടെനിന്ന് പ്രലോഭനങ്ങള്‍ വരികയും ചെയ്യും.

എനിക്ക് തന്നെ സംഘപരിവാറിന്റെയൊക്കെ ഭാഗത്തുനിന്ന് എത്രയോ പ്രലോഭനങ്ങളുണ്ടായിട്ടുണ്ട്. വളരെ മുമ്പ് തന്നെ അവരുടെ പ്രസിദ്ധീകരണങ്ങളില്‍ എഴുതിക്കൊടുക്കാനും മീഡിയയില്‍ ചെന്ന് സംസാരിക്കാനുമൊക്കെ എന്നെ ഒരുപാട് തവണ വിളിച്ചിട്ടുണ്ട്. പക്ഷെ എനിക്ക് നിങ്ങളുടെ മീഡിയയിലൂടെ ആരോടും ഒന്നും പറയാനില്ല, എന്ന് പറഞ്ഞ് ഞാന്‍ ഒഴിവാക്കി വിടുകയായിരുന്നു.

ഇത്തരത്തില്‍ പല പ്രലോഭനങ്ങളുമുണ്ടായിട്ടുണ്ട്. ഈ പ്രലോഭനങ്ങള്‍ വരികയും ഒപ്പം സ്വന്തം സമൂഹത്തില്‍ നിന്ന് വലിയ ഉപദ്രവങ്ങളുണ്ടാകുകയും ചെയ്യുമ്പോള്‍, നിലനില്‍പ്പിന് നല്ലത് അങ്ങോട്ട് പോകുന്നതാണ് എന്ന് തോന്നുന്നത് മനുഷ്യന്റെ സ്വാഭാവികമായ ഒരു അവസ്ഥയാണ്.

അതുകൊണ്ട് ജീവിക്കാന്‍ പ്രത്യേകിച്ച് വേറെ വരുമാനമില്ലാത്ത കുറച്ചാളുകള്‍ ചിലപ്പോള്‍ സംഘപരിവാര്‍ പക്ഷത്തേക്ക് പോകുന്നുണ്ടാകാം. വ്യക്തിപരമായ ഈ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ വെച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ഞാന്‍ പറഞ്ഞതുപോലെ ഇന്നത്തെ പ്ലൂട്ടോണിയമുള്ള ചാണകത്തിലേക്ക് ചായാനുള്ള പ്രവണതയുണ്ടാകും. പക്ഷെ അതിനെ നമ്മള്‍ ചെറുത്തേ മതിയാകൂ. കാരണം കേരളം പോലുള്ള ഒരു സമൂഹം കൂടി സംഘപരിവാര്‍ വഴിയിലേക്ക് പോകുക എന്നത് നമ്മളും നമ്മുടെ പൂര്‍വികരും പണിയെടുത്തതിന്റെ ഫലം നഷ്ടപ്പെടുന്നത് പോലെയാണ്. അത് തീര്‍ത്തും സങ്കടകരമാണ്.

ഇസ്‌ലാം മതത്തില്‍ നിന്നും പുറത്തുവന്ന് ഇസ്‌ലാമിനെ വിമര്‍ശിക്കുന്ന ചിന്തകനെന്ന നിലയില്‍ സ്വാഭാവികമായും ഇത്രയും വര്‍ഷം കൂടുതല്‍ നേരിടേണ്ടി വന്നതും സംവാദങ്ങളിലേര്‍പ്പെടേണ്ടി വന്നതും ഇസ്‌ലാമിക മതപണ്ഡിതരോടാണ്. ഇന്നത്തെ സംഘപരിവാര്‍ ഭരണത്തിന് കീഴില്‍ ഇസ്‌ലാമിനെ വിമര്‍ശിക്കുമ്പോള്‍ അതില്‍ കുറച്ചുകൂടി ശ്രദ്ധയോ സൂക്ഷ്മതയോ പുലര്‍ത്തേണ്ടതുണ്ടെന്ന് തോന്നിയിട്ടുണ്ടോ? കാരണം നമ്മുടെ വിമര്‍ശനം എതിര്‍പക്ഷം അവരുടെ പൊളിറ്റിക്കല്‍ ടൂളായി ഉപയോഗിക്കാന്‍ സാധ്യതയുണ്ടല്ലോ?

അങ്ങനെ തോന്നിത്തുടങ്ങിയിട്ടുണ്ട്, പ്രത്യേകിച്ചും സോഷ്യല്‍ മീഡിയയിലൂടെ വലിയ ആക്സസ് കിട്ടിയതോടുകൂടി. നമുക്കിത് സ്വകാര്യമായി ചെയ്യാന്‍ പറ്റില്ലല്ലോ. സംഘപരിവാര്‍ അവരുടെ മാധ്യമങ്ങളിലേക്ക് ക്ഷണിക്കുമ്പോഴും അതിലൂടെ എനിക്കൊന്നും പറയാനില്ല എന്ന് ഞാന്‍ പറഞ്ഞതിന് കാരണം എനിക്ക് കാര്യങ്ങള്‍ പറയാനുള്ളത് ഈ സമൂഹത്തോടാണ്. അത് അവരുടെ മീഡിയയിലുണ്ടാവില്ല.

പക്ഷെ ഇന്ന് അത് സാധ്യമല്ല.

സോഷ്യല്‍ മീഡിയ ഉപയോഗിച്ച് ആശയങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ അത് ടാര്‍ഗറ്റഡ് സമൂഹത്തിലേക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ കഴിയില്ല. സ്വാഭാവികമായും ഈ വിമര്‍ശനം എല്ലാവരുടെയും കയ്യിലെത്തുമ്പോള്‍ അത് ദുരുപയോഗിക്കപ്പെടാന്‍ സാധ്യത കൂടുതലാണ്. ഇപ്പോള്‍ ചെറിയ തോതിലെങ്കിലും ദുരുപയോഗിക്കപ്പെടുന്നുമുണ്ട്.


മതസമൂഹത്തില്‍ ജീവിക്കുന്ന മനുഷ്യരെ ഇന്നത്തെ ഇന്ത്യന്‍ സമൂഹത്തില്‍, ഒരു ബഹുസ്വര- ജനാധിപത്യ മതേതര സമൂഹത്തില്‍ ജീവിക്കാന്‍ പ്രാപ്തരാക്കുന്നതിന് വേണ്ടിയാണ് മതത്തെ വിമര്‍ശിക്കുന്നത്. അങ്ങനെ പ്രാപ്തരാക്കണമെങ്കില്‍ അവരെ കടുത്ത അന്ധവിശ്വാസത്തില്‍ നിന്ന് മോചിപ്പിച്ച് തങ്ങളുടെ മതത്തെ കുറിച്ചുണ്ടായിരുന്ന പാരമ്പര്യ ബോധങ്ങളില്‍ നിന്ന് മാറ്റി അവരെ നവീകരിച്ചെടുക്കണം. ആ പ്രക്രിയ ഉദ്ദേശിച്ചുകൊണ്ടാണ് നമ്മള്‍ മതവിമര്‍ശനം നടത്തുന്നത്. അല്ലാതെ ഇവരെ ശത്രുവായി കാണുന്ന ഒരു വിഭാഗത്തിന് ആശയങ്ങള്‍ എടുത്തുകൊണ്ടുപോയി ഇവരെത്തന്നെ അടിക്കാനുള്ള വടിയായി ഉപയോഗിക്കപ്പെടുക എന്നത് നമ്മുടെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ പെട്ടതല്ല, അത് പ്രതീക്ഷിച്ചതുമല്ല.

പക്ഷെ ഇന്ന് ചെറിയ തോതിലെങ്കിലും അത് സംഭവിക്കുന്നു എന്നതില്‍ ആശങ്കയുണ്ട്. അതുകൊണ്ട് ചോദ്യത്തില്‍ പറഞ്ഞപോലെ മതവിമര്‍ശനത്തില്‍, ഇസ്‌ലാമിനെ വിമര്‍ശിക്കുന്നതില്‍ നമ്മള്‍ കുറച്ചുകൂടി ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്. 

സംഘപരിവാറിനേക്കാള്‍ കൂടുതല്‍ ഭയപ്പെടേണ്ടത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും ഇസ്‌ലാമിനെയുമാണെന്ന് സി. രവിചന്ദ്രന്‍ പറയുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നല്ലോ. അതിനോടുള്ള മറുപടിയെന്താണ്?

ഇതിനൊപ്പം എന്റെ തന്നെ ചില പഴയ പോസ്റ്റുകളും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പൊക്കിക്കൊണ്ടുവന്ന് പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ആ പോസ്റ്റുകളില്‍ ഞാന്‍ പറയുന്നത് സംഘപരിവാര്‍ അപകടകാരികളല്ല, എന്നല്ല.

കേരളത്തിലെ ഹൈന്ദവ സമൂഹം സംഘപരിവാറിന് പാകപ്പെട്ട സമൂഹമല്ല എന്നതുകൊണ്ട് ഇവിടെ സംഘപരിവാറിന് പെട്ടെന്ന് അപകടമുണ്ടാക്കാന്‍ കഴിയില്ല. പക്ഷെ മുസ്‌ലിം – ക്രിസ്ത്യന്‍ സമൂഹം ഇവിടെ കുറേക്കൂടി മതപരമായും സാമുദായികപരമായും രാഷ്ട്രീയപരമായും സംഘടിതരാണ്. അതുകൊണ്ട് കേരളത്തില്‍ ഹൈന്ദവ സമൂഹത്തെ ഭയപ്പെടേണ്ടതില്ല, എന്ന അര്‍ത്ഥത്തിലായിരുന്നു ഞാന്‍ പറഞ്ഞത്.

സി. രവിചന്ദ്രന്‍

പക്ഷെ ഞാന്‍ പറഞ്ഞ കാര്യത്തെ, സംഘപരിവാറിനെ അല്ലെങ്കില്‍ ബി.ജെ.പിയെ ഭയപ്പെടേണ്ടതില്ല എന്ന ഈ നരേഷനോട് ചേര്‍ത്തുവെച്ച്, ഞാന്‍ പറഞ്ഞതും ഇപ്പറഞ്ഞും ഒന്നാണെന്ന് സമര്‍ത്ഥിക്കുകയാണ് ആളുകള്‍ ചെയ്തത്. അതല്ല സത്യം.

സംഘപരിവാറിനെ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഭയപ്പെടേണ്ടതില്ല, എന്ന് പറയുമ്പോള്‍ അത് വളരെ അപകടകരമായ ഒരു സ്റ്റേറ്റ്മെന്റായാണ് ഞാന്‍ കാണുന്നത്.

യുക്തിവാദത്തില്‍ തുടങ്ങി, പിന്നീട് വെസ്റ്റേണ്‍ ഇംപീരിയലിസത്തെ പിന്തുണക്കുന്ന വലതുപക്ഷ നിരീക്ഷകനെന്ന വിമര്‍ശനം നേരിട്ടയാളാണ് സാം ഹാരിസൊക്കെ. സാം ഹാരിസിന്റെ വിവിധ വേര്‍ഷനുകളാണ് ഇന്ന് കേരളത്തിലുള്ള പല യുക്തിവാദി നേതാക്കളും എന്ന് തോന്നിയിട്ടുണ്ടോ?

യൂറോപ്യന്‍ സാഹചര്യം നമ്മുടെ ഇന്ത്യന്‍ സാഹചര്യവുമായി ഒരിക്കലും തുലനം ചെയ്യാന്‍ പറ്റുന്ന ഒന്നല്ല. സാം ഹാരിസും റിച്ചാര്‍ഡ് ഡോക്കിന്‍സും അതുപോലുള്ള യൂറോപ്യന്‍ യുക്തിവാദികളും അവിടെ ചെയ്യുന്ന പ്രവര്‍ത്തനങ്ങളും ആശയങ്ങളും ആ സമൂഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ പ്രസക്തമായ കാര്യങ്ങളായിരിക്കും. പക്ഷെ അതിന്റെ 300ഓ 400ഓ വര്‍ഷം പിറകില്‍ സഞ്ചരിക്കുന്ന, മനുഷ്യന് വെള്ളം കുടിക്കാനും അക്ഷരം പഠിക്കാനുമുള്ള അവകാശം പോലുമില്ലാത്ത നമ്മുടെ നാട്ടില്‍ സാം ഹാരിസ് പറയുന്ന യുക്തിവാദം അപ്പ്ളൈ ചെയ്യാന്‍ പറ്റില്ല. വൈശാഖന്‍ തമ്പി ഒരു അഭിമുഖത്തില്‍ പറഞ്ഞത് പോലെ, മനുഷ്യന്റെയും സമൂഹത്തിന്റെയും വിഷയങ്ങളെ ഫിസിക്സും കെമിസ്ട്രിയും പോലെ ലളിതവല്‍ക്കരിച്ച് പറയാന്‍ പറ്റില്ല.

നമ്മുടെ സമൂഹം എവിടെയാണിപ്പോള്‍ നില്‍ക്കുന്നത്, അതില്‍ നമ്മള്‍ ഏത് സ്റ്റേജിലാണുള്ളത് എന്നൊക്കെ നോക്കണം. നമ്മള്‍ നില്‍ക്കുന്ന സ്റ്റേജ് മാത്രം കണ്ടാല്‍ പോര, കാരണം നമ്മള്‍ ചിലപ്പോള്‍ പ്രിവിലേജ്ഡായ ഒരു സ്റ്റെപ്പിലായിരിക്കാം. പക്ഷെ ഇവിടത്തെ മഹാഭൂരിപക്ഷം ജനങ്ങളും അതിനേക്കാള്‍ എത്രയോ താഴെയാണ്. അക്ഷരാഭ്യാസമില്ലാത്ത, അത് നേടാനുള്ള അവകാശം പോലും ലഭിക്കാത്ത ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്.

കിണറ്റില്‍ നിന്നും വെള്ളമെടുത്തതിന്റെ പേരില്‍ ഇപ്പോഴും ദളിതരെ തല്ലിക്കൊല്ലുന്ന നാടാണ് നമ്മുടേത്. അങ്ങനെയുള്ള നാട്ടില്‍ സാം ഹാരിസ് പറയുന്ന നാസ്തികത പറഞ്ഞിട്ട് വലിയ കാര്യമില്ല. മനുഷ്യന്റെ പ്രശ്നങ്ങളുമായി കൂട്ടിച്ചേര്‍ത്തല്ലാതെ യുക്തിവാദവും നാസ്തികതയും പറയുന്നതില്‍ അര്‍ത്ഥമില്ല. അതുകൊണ്ടാണ് കേരളത്തില്‍ യുക്തിവാദി പ്രസ്ഥാനം നവോത്ഥാന പ്രസ്ഥാനത്തിന്റെ ഭാഗമായി വന്നതാണെന്ന് നമ്മള്‍ ആവര്‍ത്തിച്ച് പറയുന്നത്.

സാം ഹാരിസ്

അതേസമയം, സഹോദരന്‍ അയ്യപ്പനെ പോലുള്ളവരെ വെറും ജാതിവാദിയായി ഇകഴ്ത്തികാണിക്കുന്ന പ്രവണതയാണ് വലതുപക്ഷ വിഭാഗത്തില്‍ നിന്നുമുണ്ടാകുന്നത്. സഹോദരന്‍ അയ്യപ്പന്‍ അദ്ദേഹത്തിന്റെ കാലത്ത് ചെയ്ത കാര്യങ്ങളുടെ പ്രസക്തിയെന്താണെന്ന് അറിയണമെങ്കില്‍ നമുക്ക് ആ കാലത്തെ ഉള്‍ക്കൊള്ളാനാവണം. എന്തുകൊണ്ട് നാരായണ ഗുരു പ്രതിഷ്ഠ നടത്തി എന്ന് മനസിലാവണമെങ്കില്‍ ആ കാലത്ത് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ എന്തൊക്കെയായിരുന്നു എന്നതിനെകുറിച്ച് നമുക്കൊരു ധാരണ വേണം. അല്ലാതെ ഇന്ന് നമ്മളുള്ള പൊസിഷനില്‍ നിന്നുകൊണ്ട് അയ്യേ ജാതിവാദി എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല.

ഗാന്ധിജി ശൈശവ വിവാഹം നടത്തി എന്നുംപറഞ്ഞ് വേണമെങ്കില്‍ ഗാന്ധിജിയെ ചീത്ത പറയാം. പക്ഷെ ആ കാലഘട്ടത്തെയും അന്നത്തെ സാമൂഹിക ചുറ്റുപാടുകളെയും പരിഗണിച്ചാണ് നമ്മള്‍ ഇത് പറയേണ്ടത്. അവര് ജീവിച്ച കാലത്തെ സാഹചര്യങ്ങള്‍ വെച്ചാണ് നമ്മളവരെ വിലയിരുത്തേണ്ടത്. അത് ചെയ്യാത്തതുകൊണ്ടാണ് ഇത്തരം അബദ്ധങ്ങള്‍ പറയുന്നത്.

അന്നത്തെ സമൂഹത്തെ അവിടെനിന്ന് അടുത്ത സ്റ്റെപ്പിലേക്ക് കൊണ്ടുപോകാന്‍ എന്തൊക്കെ ചെയ്യണം എന്ന് തിരിച്ചറിഞ്ഞവരാണ് ഈ നവോത്ഥാന പ്രവര്‍ത്തനങ്ങളൊക്കെ നടത്തിയിട്ടുള്ളത്.

സാം ഹാരിസിനെ പോലുള്ളവര്‍ അവിടെ പറയുന്ന കാര്യങ്ങള്‍, അത് എന്ത് തന്നെയായാലും, ആ വലതുപക്ഷ ആശയങ്ങള്‍ക്ക് അവിടത്തെ സാഹചര്യത്തില്‍ ഒരുപക്ഷെ പ്രസക്തിയുണ്ടാകാം. പക്ഷെ ഇവിടെ അത്തരം ആശയങ്ങള്‍ പറയാനാവില്ല.

സംവരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ യുക്തിവാദി പ്രസ്ഥാനത്തിലെ നേതാക്കള്‍ തമ്മില്‍ തന്നെ വിരുദ്ധാഭിപ്രായങ്ങളുണ്ടല്ലോ. ഈ സംവരണ വിഷയത്തിലും ഫെമിനിസം, സോഷ്യലിസം പോലുള്ള ആശയധാരകളോടുമുള്ള നിലപാടെന്താണ്?

എന്റെ നിലപാടുകള്‍ ഞാന്‍ പലപ്പോഴായി വിശദീകരിച്ചിട്ടുള്ളതാണ്. സംവരണം എന്ന വിഷയം നമുക്കത്ര ലളിതമായി മനസിലാക്കാന്‍ കഴിയില്ല. ‘ജാതി വേണ്ടെന്ന് പറയുന്നവര്‍ എന്തിനാണ് സര്‍ട്ടിഫിക്കറ്റില്‍ ജാതിയെഴുതി സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ വാങ്ങുന്നത്’ എന്ന നരേഷനാണ് അവിടെയും വരുന്നത്. അങ്ങനെ ആനുകൂല്യങ്ങള്‍ വാങ്ങുന്ന ദളിതരൊന്നും യുക്തിവാദി പ്രസ്ഥാനത്തിലേക്ക് വരേണ്ട, അവരവരുടെ സാമുദായിക സംഘടനയില്‍ തന്നെ നിന്നാല്‍ മതി, എന്ന തരത്തിലുള്ള മ്ലേച്ഛമായ പ്രസ്താവനകള്‍ വരെ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.

മനുഷ്യനെയും മനുഷ്യന്റെ സാമൂഹിക അവസ്ഥകളെയും മനസിലാക്കുന്നതിന് പകരം നമ്മുടെ പ്രിവിലേജിന് മുകളില്‍ നിന്നുകൊണ്ട് നമ്മളെ മാത്രം കണ്ട് താഴെ നില്‍ക്കുന്ന മുഴുവന്‍ മനുഷ്യരെയും അവഗണിച്ച് പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന രീതിയുടെ കുഴപ്പമാണിത്. സമൂഹത്തിലിറങ്ങി പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ സംബോധന ചെയ്യുന്ന സമൂഹം എവിടെ നില്‍ക്കുന്നു എന്നതിനനുസരിച്ച് വേണം കാര്യങ്ങള്‍ അവതരിപ്പിക്കാന്‍, അല്ലാതെ നമ്മള്‍ എവിടെ നില്‍ക്കുന്നു എന്ന് നോക്കിയല്ല.

നമ്മള്‍ ലക്ഷ്യം വെക്കുന്ന ഒരു സ്വപ്ന രാജ്യമുണ്ട്. ആ ലോകം ഇന്ന് തന്നെ നടപ്പിലാക്കണം എന്ന് വിചാരിച്ചുകൊണ്ട് കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ല. സംവരണം പോലുള്ള വിഷയങ്ങളിലെ നരേഷനുകളൊക്കെ അതുകൊണ്ട് വളരെ സങ്കീര്‍ണമാണ്.

ഞാനായിരുന്നു ഈ സ്ത്രീയുടെ സ്ഥാനത്തെങ്കില്‍, എന്ന് ഒരു പുരുഷന് ചിന്തിക്കാന്‍ കഴിയുമ്പോഴേ സ്ത്രീയുടെ പ്രശ്നങ്ങള്‍ മനസിലാക്കാനാവൂ. അപ്പോഴേ ഫെമിനിസത്തെ മനസിലാക്കാനാവൂ.

ഒരു ദളിതന്‍ അനുഭവിക്കുന്ന ജീവിത പ്രശ്നങ്ങള്‍ ദളിതനല്ലാത്ത ഒരാള്‍ക്ക് മനസിലാവണമെങ്കില്‍ ആ ദളിതനായിരുന്നു ഞാനെങ്കില്‍ എന്ന് ചിന്തിക്കാനാവണം. അതിനെയാണ് നമ്മള്‍ എമ്പതി, തന്മയീഭാവം, സഹാനുഭൂതി എന്നൊക്കെ പറയുന്നത്.

അങ്ങനെ ചിന്തിക്കാത്തവര്‍ നോക്കുമ്പോഴാണ്, ‘ഏയ് സ്ത്രീകള്‍ക്ക് എന്താണിവിടെ പ്രശ്നം, ഒരു പ്രശ്നവുമില്ലല്ലോ’ എന്ന് തോന്നുന്നതും ഫെമിനിസത്തെ പരിഹസിക്കുന്നതും. സ്ത്രീകളും പുരുഷനും തുല്യരാണെന്ന് പറഞ്ഞാല്‍, അതങ്ങനെയല്ല എന്ന് പറഞ്ഞുകൊണ്ട് ശാസ്ത്രീയമായ തെളിവുകളൊക്കെ കൊണ്ടുവന്നായിരിക്കും ചര്‍ച്ച. വസ്തുതകളാണ് ഞങ്ങള്‍ പറയുന്നതെന്ന് വാദിക്കുകയും ചെയ്യും.

ഇവിടെ വസ്തുതകള്‍ പറയുക എന്നുള്ളതിലല്ല കാര്യം. മനുഷ്യനെ മനുഷ്യനാക്കാനാവശ്യമായ വസ്തുതകള്‍ പറയുകയും അല്ലാത്ത വസ്തുതകള്‍ പറയാതിരിക്കുകയും ചെയ്യുക എന്നതാണ് സാമൂഹികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ചെയ്യേണ്ടത്.

അതുകൊണ്ട് സംവരണം എന്ന വിഷയം വളരെ സങ്കീര്‍ണമാണ്. അത് ഇങ്ങനെയൊരു ചെറിയ ചര്‍ച്ചയില്‍ വിശദീകരിക്കാനാവില്ല.

കുറേ ജോലി വിതരണം ചെയ്യുന്ന ഏര്‍പ്പാടല്ല സംവരണം. അത് അനേകം തലമുറകളായി ഇവിടെ നിലനിന്നുപോരുന്ന മറ്റൊരു ‘സംവരണ’ത്തിന് എതിരായി മറ്റുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കാനുള്ള ഒരു സംവിധാനമാണ്. കാലങ്ങളായി ഇവിടെ നിലനില്‍ക്കുന്ന ആ ‘സംവരണം’ കാരണം സാമൂഹിക ജീവിതത്തില്‍ യാതൊരു പ്രാതിനിധ്യവും കിട്ടാതെപോയ ഒരു വലിയ വിഭാഗമാളുകളെ കൂടി ഈ ജനാധിപത്യ പ്രക്രിയയിലേക്ക് കൊണ്ടുവരാന്‍ വേണ്ടി, അവര്‍ക്കുകൂടി പ്രാതിനിധ്യം നല്‍കാന്‍ വേണ്ടിയാണ് ഈ സംവരണം.

അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു ആര്‍ട്ടിക്കിളില്‍ തന്നെ ഇക്കാര്യം പറയുന്നുണ്ട്.

ഒരു നാട്ടിലെ എല്ലാ വിഭാഗമാളുകള്‍ക്കും ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിത്തം നല്‍കണം, എന്നാണ് മനുഷ്യാവകാശ പ്രഖ്യാപന രേഖയില്‍ പറയുന്നത്. അതിന്റെ അടിസ്ഥാനത്തില്‍, എല്ലാ വിഭാഗമാളുകളുടെയും പ്രാതിനിധ്യം ഉറപ്പുവരുത്താനുള്ള ഒരു മാര്‍ഗമെന്ന നിലയ്ക്കാണ് ഈ സംവരണ സിസ്റ്റം കൊണ്ടുവരുന്നത്. അല്ലാതെ ജോലി വിതരണം ചെയ്യാനല്ല.

ജെന്‍ഡര്‍ പൊളിറ്റിക്സിന്റെ വിഷയത്തിലേക്ക് വരികയാണെങ്കിലും, ഇവിടെ പ്രശ്നമുണ്ടെന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. പ്രശ്നമുണ്ടെന്ന് തിരിച്ചറിഞ്ഞവര്‍ക്ക് മാത്രമേ അത് എന്താണെന്നും മനസ്സിലാവൂ. അത് മനസിലാക്കാത്തവര്‍ക്ക് ആ തിരിച്ചറിവ് ഉണ്ടാക്കിയെടുക്കുകയാണ് ഈ രംഗത്ത് ആദ്യം ചെയ്യേണ്ട പ്രവര്‍ത്തനം.

പൊലീസ് കോണ്‍സ്റ്റബിളായിരുന്ന വിനയ ചെയ്തിട്ടുള്ള കുറേ കാര്യങ്ങളുണ്ട്. പൊലീസിനകത്ത് അവരുണ്ടാക്കിയ മാറ്റങ്ങള്‍ നമുക്കറിയാം. അവരത് ചെയ്ത സമയത്തൊക്കെ നമുക്ക് തോന്നിയത്, അവര്‍ക്ക് ഭ്രാന്താണെന്നായിരുന്നു. പക്ഷെ അവര് നടത്തിയ സമരങ്ങളുടെ ഫലമായി പൊലീസ് സേനക്കകത്ത് മാത്രമല്ല നമ്മുടെ സമൂഹത്തിന്റെ ചിന്താഗതിയില്‍ തന്നെ എത്ര മാറ്റമുണ്ടായി.

വിനയ

വനിതാ പൊലീസ് കേരളത്തില്‍ തുടങ്ങിയ സമയത്ത് സാരിയുടുത്തായിരുന്നു ലാത്തിചാര്‍ജ് നടത്തിയിരുന്നത്. മലപ്പുറത്ത് നടന്ന ഒരു ലാത്തിചാര്‍ജിനിടയില്‍ സാരിയഴിഞ്ഞുപോയ ഒരു വനിതാ പൊലീസുകാരിയുടെ ചിത്രം ഇവിടത്തെ മാധ്യമങ്ങളില്‍ വന്നത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. എത്ര ഭീകരമായിരുന്നു ആ അവസ്ഥ.

അങ്ങനെ വനിതാ പൊലീസുകാരുടെ സാരി മാറ്റി പുരുഷന്മാരായ പൊലീസുകാര്‍ ധരിക്കുന്നത് പോലുള്ള യൂണിഫോം വേണമെന്ന് പറഞ്ഞാണ് വിനയയൊക്കെ ആദ്യം ബഹളമുണ്ടാക്കിയത്. അന്നത്തെ അവസ്ഥ വെച്ച് നോക്കുമ്പോഴാണ് ഇവരൊക്കെ നടത്തിയിരുന്ന പ്രവര്‍ത്തനം എത്രത്തോളം പ്രസക്തമാണെന്ന് മനസ്സിലാകുക. ഇതൊന്നും മനസിലാവാത്തവരാണ് ഫെമിനിസത്തെ പരിഹസിക്കുന്നത്.

ഫെമിനിസത്തിനെതിരായ പ്രചരണമായിരുന്നു വര്‍ഷങ്ങളോളം കേരളത്തിലെ ഒരുവിഭാഗം നാസ്തികര്‍ നടത്തിക്കൊണ്ടിരുന്നത്. അതൊക്കെ വളരെ നിര്‍വികാരനായി നോക്കിനില്‍ക്കേണ്ട അവസ്ഥയൊക്കെ ഉണ്ടായിട്ടുണ്ട്.

കാസര്‍ഗോഡ് ബബിയ മുതല മരിച്ചതും അതുമായി ബന്ധപ്പെട്ട് നടന്ന ഹൈന്ദവാചാര ചടങ്ങുകളും നടന്നതിന്റെ പിറ്റേദിവസമാണ് പത്തനംതിട്ടയിലെ ആഭിചാര- നരബലി കൊലപാതകങ്ങളുടെ വാര്‍ത്ത പുറത്തുവരുന്നത്. ഇത് രണ്ടും താരതമ്യപ്പെടുത്തിക്കൊണ്ട്, ഒന്ന് വിശ്വാസം മറ്റേത് അന്ധവിശ്വാസം എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരണങ്ങളുണ്ടായിരുന്നു. ഈ വിഷയത്തിലെ മാഷിന്റെ കാഴ്ചപ്പാടെന്താണ്?

വിശ്വാസം, അന്ധവിശ്വാസം എന്നിങ്ങനെ രണ്ട് സംഭവങ്ങളില്ല. അന്ധവിശ്വാസങ്ങളില്‍ ഏറ്റവും അപകടമുള്ളത്, താരതമ്യേന അപകടം കുറഞ്ഞത് എന്നിങ്ങനെ വേണമെങ്കില്‍ നമുക്ക് തരംതിരിക്കാം. എല്ലാ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങള്‍ തന്നെയാണ്.

എന്നാല്‍ അറിവുകള്‍ ഒരിക്കലും വിശ്വാസങ്ങളല്ല. ശാസ്ത്രീയമായി നമുക്ക് ബോധ്യപ്പെട്ട ഒരു കാര്യം വിശ്വസിക്കേണ്ടതില്ല. ഭൂമി ഉരുണ്ടതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം ഭൂമി ചുറ്റി സഞ്ചരിച്ച് എനിക്കത് ബോധ്യപ്പെട്ടതാണ്, പിന്നെയത് വിശ്വസിക്കേണ്ട കാര്യമില്ല. അതേസമയം തെളിവില്ലാത്ത കാര്യങ്ങളാണ് വിശ്വസിക്കേണ്ടി വരുന്നത്. അതില്‍ സമൂഹത്തിനും നമുക്കും വലിയ തോതില്‍ അപകടമുണ്ടാക്കുന്ന വിശ്വാസങ്ങളുമുണ്ട് താരതമ്യേന അപകടം കുറഞ്ഞ വിശ്വാസങ്ങളുമുണ്ട്.

ദൈവവിശ്വാസം തന്നെ ഉദാഹരണമായി പറയാം, എന്താണ് യഥാര്‍ത്ഥത്തില്‍ ദൈവവിശ്വാസം?

ഒരു മൃഗത്തിനെയോ മനുഷ്യനെയോ അല്ലെങ്കില്‍ രക്തമോ ബലി കൊടുത്താല്‍, അല്ലെങ്കില്‍ നമ്മുടെ ശരീരത്തെ സ്വയം പീഡിപ്പിച്ചുകൊണ്ട് എന്തെങ്കിലും ചെയ്താല്‍, ഏതെങ്കിലും ഭാഗം മുറിച്ചുകൊടുത്താല്‍, രക്തമൊഴുക്കിയാല്‍, എന്തെങ്കിലും വഴിപാടുകള്‍ നേര്‍ന്നാല്‍, മുഖസ്തുതി പറഞ്ഞാല്‍- ഇതൊക്കെ ചെയ്താല്‍ നമ്മളോട് പ്രീതിപ്പെടുകയും ഉദ്ദിഷ്ട കാര്യങ്ങള്‍ സാധിച്ച് തരികയും ചെയ്യുന്ന ഒരു അദൃശ്യശക്തി നമുക്ക് ചുറ്റുമുണ്ട്, എന്ന വിശ്വാസമാണ് ദൈവവിശ്വാസം.

പ്രപഞ്ചത്തിന് ഒരു സൃഷ്ടാവുണ്ട്, എന്ന രീതിയില്‍ തര്‍ക്കിക്കാന്‍ വരുന്ന ആളുകള്‍ ഈ വിഷയത്തെ അങ്ങോട്ടൊക്കെ വലിച്ച് കൊണ്ടുപോകുന്നുണ്ട്. ആ വിശ്വാസമല്ല സത്യത്തില്‍ ദൈവവിശ്വാസം.

ബബിയ മുതല

നരബലിയില്‍ ഏറെ സന്തോഷിക്കുന്ന, എന്നാല്‍ നരബലി ബുദ്ധിമുട്ടാണെങ്കില്‍ എനിക്ക് മൃഗബലി മതി എന്ന് വിട്ടുവീഴ്ച ചെയ്യുന്ന ഒരു ശക്തിയാണ് മതങ്ങള്‍ പരിചയപ്പെടുത്തുന്ന ദൈവങ്ങള്‍, അത് ഏത് മതമായാലും. അത്തരം ദൈവങ്ങളിലുള്ള വിശ്വാസമാണ് ദൈവവിശ്വാസം. അതിലും വലിയൊരു അന്ധവിശ്വാസം വേറെയില്ല.

ആ അന്ധവിശ്വാസത്തിന്റെ അനുബന്ധ വിശ്വാസങ്ങളും ആ ദൈവത്തെ പ്രീതിപ്പെടുത്താന്‍ വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ചടങ്ങുകളുടെയൊക്കെ അവശിഷ്ടങ്ങളുമാണ് ഈ നരബലി രൂപത്തിലും മറ്റും വന്നുകൊണ്ടിരിക്കുന്നത്.

ഇതില്‍ നമ്മള്‍ കാണേണ്ട ഒരു കാര്യം, ഈ നരബലി നടത്തിയ ഭഗ്വല്‍ സിങും ഭാര്യയും നല്ല മനുഷ്യരായിരുന്നു എന്നാണ് നാട്ടുകാരൊക്കെ ചാനലില്‍ സാക്ഷ്യം പറയുന്നത്. അദ്ദേഹം നല്ല വിദ്യാഭ്യാസമുള്ളയാളാണ്, ആളുകളോട് നന്നായി പെരുമാറുന്നയാളാണ്, കവിത എഴുതുന്നയാളാണ്, സമൂഹമാധ്യമങ്ങളില്‍ സജീവമാണ്, പൊതുകാര്യങ്ങളില്‍ ഇടപെടുന്നയാളാണ്, രാഷ്ട്രീയ കാഴ്ചപ്പാടുള്ളയാളാണ്… ചുരുക്കിപ്പറഞ്ഞാല്‍ ഒരു നല്ല മനുഷ്യനാണ് !

ഒരു നല്ല മനുഷ്യനെക്കൊണ്ട് ഇത്രയും ക്രൂരമായ ഒരു കൃത്യം ചെയ്യിക്കാന്‍ ഒരു വിശ്വാസത്തിന് സാധിച്ചു, എന്നതാണ് വിശ്വാസം ചെയ്യുന്ന ഏറ്റവും വലിയ അപകടം. നല്ല മനുഷ്യരെക്കൊണ്ട് പോലും കടുംകൈകള്‍ ചെയ്യിക്കാന്‍ കഴിയുന്ന കുറേ വിശ്വാസങ്ങള്‍ മനുഷ്യര്‍ക്കിടയില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.


അതിനേക്കാള്‍ വലിയ തമാശ എന്താണെന്ന് വെച്ചാല്‍, ഈ കേസിലെ ഒന്നാം പ്രതിയായ, നരബലിക്ക് വേണ്ട ഏജന്‍സി വര്‍ക്കൊക്കെ ചെയ്തയാള്‍ ദൈവത്തിലൊന്നും വിശ്വാസമില്ലാത്തയാളാണെന്ന് മനോരമ ന്യൂസില്‍ പറയുന്നത് കേട്ടു. അപ്പൊ ദൈവവിശ്വാസമില്ലാത്ത നാസ്തികനായ ഒരാള്‍ക്കും ദൈവവിശ്വാസിയായ ഒരു അന്ധവിശ്വാസി കാണിക്കുന്നതിനേക്കാള്‍ ഭീകരമായ കടുംകൈകള്‍ കാണിക്കാന്‍ കഴിയും എന്നുകൂടി ഈ സംഭവം തെളിയിക്കുന്നുണ്ട്.

ദൈവവിശ്വാസം പോയി എന്നതുകൊണ്ട് ഒരു മനുഷ്യനില്‍ മനുഷ്യത്വമോ എംപതിയോ സഹജീവി സ്നേഹമോ വന്നോളണമെന്നില്ല, അതിന് മരുന്ന് വേറെ കുടിക്കണം. ദൈവവിശ്വാസമില്ലാത്ത ഒരു മനുഷ്യന് അതിക്രൂരമായ പ്രവര്‍ത്തികള്‍ ചെയ്യാമെന്നും നല്ലൊരു മനുഷ്യനെക്കൊണ്ട് കൊടും ക്രൂരതകള്‍ ചെയ്യിക്കാന്‍ ദൈവവിശ്വാസം കാരണമാകുന്നു എന്നും ഇവിടെ തെളിയിക്കപ്പെട്ടിരിക്കുകയാണ്. അങ്ങനെ ഒരുപാട് പാഠങ്ങള്‍ ഈ സംഭവങ്ങളിലുണ്ട്.

അതില്ലാതാവണം എന്നുണ്ടെങ്കില്‍ കുരുന്ന് തലച്ചോറുകളിലേക്ക് അശാസ്ത്രീയമായ കെട്ടുകഥകളും അന്ധവിശ്വാസങ്ങളും അടിച്ചുകയറ്റുന്ന രീതി നമ്മള്‍ ഇല്ലാതാക്കണം. അത് നിയമം മൂലം നടപ്പിലാക്കണോ ബോധവല്‍ക്കരണത്തിലൂടെ സാധ്യമാകുമോ എന്ന കാര്യമൊക്കെ സമൂഹം ഗൗരവത്തില്‍ ആലോചിക്കേണ്ടതുണ്ട്. ചെറിയ കുട്ടികളില്‍ അന്ധവിശ്വാസം കുത്തിക്കയറ്റുന്ന, മതപഠനം പോലുള്ള കാര്യങ്ങള്‍ നിയന്ത്രിക്കണം എന്നാണ് എനിക്ക് ഈ വിഷയത്തില്‍ പറയാനുള്ളത്.

പ്രായപൂര്‍ത്തിയായതിന് ശേഷം, എല്ലാ വിശ്വാസങ്ങളെ കുറിച്ചും മതങ്ങളെ കുറിച്ചും പഠിച്ച ശേഷം, ഓരോരുത്തരും അവരുടെ ചോയ്സ് തെരഞ്ഞെടുക്കട്ടെ, എന്ന സമീപനമാണ് വേണ്ടത്. കുട്ടികളില്‍ കുത്തിവെക്കപ്പെടുന്ന അന്ധവിശ്വാസം നാളെ ആ കുട്ടി ഒരു ശാസ്ത്രജ്ഞനായാല്‍ പോലും വേറിട്ട് പോകില്ല എന്നതിന്റെ തെളിവുകളാണ് നമ്മള്‍ ഇന്ന് കാണുന്നത്.

ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും എന്ന വിഷയം ഏറ്റവും കൂടുതല്‍ ചര്‍ച്ചയില്‍ നില്‍ക്കുന്ന സമയമാണിത്, പ്രത്യേകിച്ചും പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കപ്പെട്ട ഒരു സാഹചര്യത്തില്‍. ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും സമീകരിച്ച്, തുല്യമായി കണക്കാക്കി എതിര്‍ക്കണമെന്നും അങ്ങനെ സമീകരിച്ച് കണ്ടല്ല എതിര്‍ക്കേണ്ടത് എന്നും രണ്ടഭിപ്രായങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ തന്നെ നിലനില്‍ക്കുന്നുണ്ട്. ഈ വിഷയത്തിലെ കാഴ്ചപ്പാടെന്താണ്?

ഭുരിപക്ഷ വര്‍ഗീയത ന്യൂനപക്ഷ വര്‍ഗീയത എന്ന് പറയുന്നത് തന്നെ കുറച്ച് സങ്കീര്‍ണമാണ്. എല്ലാ സ്ഥലത്തും എല്ലാ വര്‍ഗീയതയും ഭൂരിപക്ഷമല്ല, എല്ലാ സ്ഥലത്തും എല്ലാ വര്‍ഗീയതയും ന്യൂനപക്ഷവുമല്ല. കേരളത്തിലെ കാര്യം എടുക്കുകയാണെങ്കില്‍ ഇവിടത്തെ ഹൈന്ദവ സമൂഹം സംഘപരിവാര്‍ പ്രതിനിധാനം ചെയ്യുന്ന വര്‍ഗീയ ചേരിയിലേക്ക് ഇതുവരെ മാറിയിട്ടില്ല. അവര്‍ക്ക് ഒരു നിശ്ചിത ശതമാനം വോട്ട് കിട്ടുന്നുണ്ട് എന്നത് ശരിയാണെങ്കിലും മഹാഭൂരിപക്ഷമാളുകളും ഇന്നും ആ പ്രസ്ഥാനത്തില്‍ നിന്നും മാറിനില്‍ക്കുകയാണ്.

എന്നാല്‍ നമ്മള്‍ മുസ്‌ലിം, ക്രിസ്ത്യന്‍ സമൂഹത്തിന്റെ കാര്യമെടുത്താല്‍, അവരുടെ പൊളിറ്റിക്സ് പോലും മതവുമായി ബന്ധപ്പെട്ടാണ് ഇപ്പോഴും നില്‍ക്കുന്നതെന്ന് കാണാം. ഇവിടെ മതേതരവര്‍ക്കരണം അഥവാ സെക്യുലറൈസേഷന്‍ എന്ന പ്രോസസ് ഹൈന്ദവ സമൂഹത്തില്‍ നടന്ന അത്രയും മുസ്‌ലിം, ക്രിസ്ത്യന്‍ സമൂഹങ്ങളില്‍ താരതമ്യേന നടന്നിട്ടില്ല. എന്നാല്‍ ജനസംഖ്യയുടെ അനുപാതം നോക്കുകയാണെങ്കില്‍ അത്ര ന്യൂനപക്ഷമാണെന്ന് പറയാനും പറ്റില്ല. കേരളത്തിലെ കാര്യമാണിത്.

ഉത്തരേന്ത്യയില്‍ നടക്കുന്ന അത്ര ഭീകരമായ പീഡനങ്ങള്‍ കേരളത്തിലെ മതന്യൂനപക്ഷങ്ങളായ മുസ്‌ലിം സമൂഹം അനുഭവിക്കുന്നുമില്ല. അതേസമയം കേരളത്തിലെ മുസ്‌ലിം സമൂഹത്തെ ചൂണ്ടിക്കാണിച്ച് കൊണ്ടാണ് ഇവിടെ സംഘപരിവാര്‍ വളരാന്‍ ശ്രമിക്കുന്നത്.

മുസ്‌ലിങ്ങള്‍ രാഷ്ട്രീയമായി നേട്ടം കൊയ്യുന്നു, മതം പ്രചരിപ്പിക്കുന്നു, വിദേശത്ത് നിന്ന് പണം കൊണ്ടുവരുന്നു, അങ്ങനെ ചെയ്യുന്നു ഇങ്ങനെ ചെയ്യുന്നു എന്നൊക്കെ പറഞ്ഞ് ഇസ്‌ലാമിക വര്‍ഗീയതയെയും തീവ്രവാദത്തെയും ചൂണ്ടിക്കാണിച്ച് കേരളത്തില്‍ വളരാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്.

സംഘപരിവാറിന് ഇരയാകുന്ന ഇപ്പുറത്തെ വര്‍ഗീയതയെ ഇല്ലാതാക്കുക എന്നതും കൂടി സംഘപരിവാര്‍ വളരുന്നത് തടയാന്‍ ആവശ്യമാണ്. ആ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ്, ഞാന്‍ ജനിച്ചുവളര്‍ന്ന സമൂഹം എന്ന നിലയ്ക്ക് എന്റെ വിമര്‍ശനം പ്രധാനമായും ഇസ്‌ലാമില്‍ ഒതുങ്ങിനിന്നത്.

ചോദ്യത്തില്‍ പറഞ്ഞതുപോലെ ന്യൂനപക്ഷ വര്‍ഗീയത, ഭൂരിപക്ഷ വര്‍ഗീയത എന്ന സമീകരണത്തില്‍ ആര്, എവിടെ, ഏത് രീതിയില്‍ കൈകാര്യം ചെയ്യുന്നു എന്നതെല്ലാം പ്രസക്തമാണ്. മതവിമര്‍ശനമുള്‍പ്പെടെ ഏത് സമൂഹത്തോടാണോ നമ്മള്‍ പറയുന്നത് ആ സമൂഹം നമ്മളെ എങ്ങനെ കാണുന്നു എന്ന കാര്യം കൂടി പരിഗണിക്കണം.

ഞാന്‍ പറയുന്നത് പോലുള്ള ഇസ്‌ലാം മതവിമര്‍ശനം അപ്പുറത്ത് ഡോ. വിശ്വനാഥന്‍ പറയുകയും ഹൈന്ദവ വിമര്‍ശനത്തെ കുറിച്ച് അദ്ദേഹം കാര്യമായൊന്നും പറയാതിരിക്കുകയും ചെയ്താല്‍ ഡോ. വിശ്വനാഥനെയും എന്നെയും ഒരുപോലുള്ള യുക്തിവാദികളായല്ല സമൂഹം കാണുക. കാരണം എന്നെ കാണുന്നത് പോലെയല്ല ഡോ. വിശ്വനാഥനെ സമൂഹം കാണുന്നത്. ഞാന്‍ ഇസ്‌ലാം മതത്തെ കൂടുതലായി വിമര്‍ശിക്കുമ്പോള്‍ അതിനെ വര്‍ഗീയതയായി ആര്‍ക്കും ചിത്രീകരിക്കാനാവില്ല. ആര് പറയുന്നു എന്നതിന് പോലും പ്രസക്തിയുണ്ട്.

നമ്മള്‍ എന്ത് എന്നതല്ല പ്രശ്നം. നമുക്ക് ജാതിയും മതവും വിശ്വാസവുമൊന്നുമില്ല, മനുഷ്യനെ മനുഷ്യനായാണ് കാണുന്നത് എന്നൊക്കെ അവകാശപ്പെടാം. പക്ഷെ നമ്മള്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സമൂഹം അവിടെയൊന്നും എത്തിയിട്ടില്ല. ആ സമൂഹം നമ്മളെ എങ്ങനെയാണ് നോക്കിക്കാണുന്നത്, നമ്മള്‍ പറയുന്ന കാര്യങ്ങള്‍ സ്വീകരിക്കാന്‍ അവര്‍ക്ക് എത്രത്തോളം സന്നദ്ധതയുണ്ട് എന്നതുകൂടി നമ്മള്‍ പരിഗണിക്കേണ്ടതുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ കേരളത്തില്‍ പറയുന്ന കാര്യമല്ല ഉത്തരേന്ത്യയില്‍ പറയേണ്ടത്.

ത്തരേന്ത്യയിലാണ് ജനിച്ചിരുന്നതെങ്കില്‍ ഞാനൊരിക്കലും ആ കാലത്ത് ഒരു ഇസ്‌ലാം മതവിമര്‍ശകനായി മാറുമായിരുന്നില്ല. ആ മനുഷ്യരെ അക്ഷരം പഠിപ്പിക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ എന്നായിരിക്കും നോക്കുക. കേരളത്തില്‍ അങ്ങനെയൊരു ഘട്ടം കഴിഞ്ഞുപോയത് കൊണ്ടാണ് അടുത്ത സ്റ്റെപ്പെന്ന നിലയില്‍ അവരെ ബഹുസ്വര സമൂഹത്തിലേക്ക് നയിക്കാന്‍ ശ്രമിക്കുന്നത്. ബഹുസ്വര സമൂഹത്തിലെത്തുന്നതില്‍ നിന്നും അവരെ തടയുന്നത്, ജീവിതത്തില്‍ പ്രയാസമുണ്ടാക്കുന്നത് അവരുടെ തന്നെ അന്ധവിശ്വാസമാണ് എന്ന് മനസിലാക്കുമ്പോഴാണ് ആ വിശ്വാസത്തില്‍ നിന്നും അവരെ മോചിപ്പിക്കാനുള്ള ശ്രമം നമ്മള്‍ നടത്തുന്നത്.

ഈ ശ്രമങ്ങള്‍ ഇസ്‌ലാമിനെ അല്ലെങ്കില്‍ മുസ്‌ലിം വര്‍ഗീയതയെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ളതല്ല. അവരെ ചൂണ്ടിക്കാണിച്ച് വളരാന്‍ കാത്തുനില്‍ക്കുന്ന ഹിന്ദുത്വ വര്‍ഗീയതക്ക് കൂടി തടയിടുക എന്ന ലക്ഷ്യം ഇതിനുണ്ട്.

രാജവെമ്പാല എന്ന പാമ്പിന്റെ ഭക്ഷണം മറ്റ് പാമ്പുകളാണ്. രാജവെമ്പാലക്ക് ആഹാരം കിട്ടാതാവണമെങ്കില്‍ മറ്റ് പാമ്പുകളെ നമ്മള്‍ വളര്‍ത്താതിരിക്കണം, അല്ലെങ്കില്‍ അവയെ കിട്ടാതാക്കണം. അതുപോലെ ഭൂരിപക്ഷ വര്‍ഗീയത വളരുന്നത് ന്യൂനപക്ഷ വര്‍ഗീയതയെ കൂടി ചൂണ്ടിക്കാണിച്ചാണ്. മറ്റ് പല കാരണങ്ങളുമുണ്ടെങ്കിലും ഇതും ഒരു ടൂളാക്കുന്നുണ്ട്.

അതുകൊണ്ട് ന്യൂനപക്ഷ വര്‍ഗീയതയെ എങ്കിലും നമുക്ക് കുറക്കാന്‍ കഴിഞ്ഞാല്‍ അത്രയും ഭൂരിപക്ഷ വര്‍ഗീയതയെ തടയാന്‍ കഴിയും. ഇപ്പോള്‍ മുസ്‌ലിം സമൂഹത്തില്‍ ഒരുപാട് മാറ്റങ്ങളുണ്ടാകുകയും നിരവധി പേര്‍ സെക്കുലറാവുകയും ചെയ്യുമ്പോള്‍ സംഘപരിവാറിന് ഇവിടത്തെ മുസ്‌ലിം സമൂഹത്തെ ചൂണ്ടിക്കൊണ്ട് വര്‍ഗീയത വളര്‍ത്താനുള്ള സാധ്യത കുറയുകയാണ് യഥാര്‍ത്ഥത്തില്‍.

പക്ഷെ നിര്‍ഭാഗ്യവശാല്‍ ഞാന്‍ നേരത്തെ പറഞ്ഞ പ്രക്രിയയാണ് ഇവിടെ നടക്കുന്നതെങ്കില്‍, ഇസ്‌ലാം വിട്ട് വരുന്നവരെ കൂടി സംഘപരിവാര്‍ ചേരിയിലേക്ക് കൊണ്ടുപോകുകയും സംഘപരിവാറിനെ ‘നോര്‍മലൈസ്’ ചെയ്യുന്ന നരേഷനുമായി നാസ്തികര്‍ തന്നെ രംഗത്തുവരികയും ചെയ്യുമ്പോള്‍ നമ്മളൊക്കെ എടുത്ത പണിയുടെ ഫലം ഇല്ലാതാവുകയാണ്. അതില്‍ ആശങ്കയുണ്ട്.

Content Highlight: Atheist and Free Thinker EA Jabbar interview with Doolnews

നീതു രമമോഹന്‍

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ് ട്രെയിനി, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more