ന്യൂദല്‍ഹി: മതേതര പരസ്യത്തിന്റെ പേരില്‍ ഗുജറാത്തിലെ തനിഷ്‌ക് ജ്വല്ലറിക്ക് നേരെ ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകള്‍. ജ്വല്ലറിയില്‍ അതിക്രമിച്ചെത്തിയ ഹിന്ദുത്വ പ്രവര്‍ത്തകര്‍ മാനേജരെ കൊണ്ട് നിര്‍ബന്ധിച്ച് മാപ്പ് എഴുതി വാങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
തിങ്കളാഴ്ച രാത്രി സംസ്ഥാന തലസ്ഥാനമായ ഗാന്ധിനഗറില്‍ നിന്ന് 310 കിലോമീറ്റര്‍ അകലെയുള്ള തനിഷ്‌കിന്റെ ഗാന്ധിദാം സ്റ്റോറിന് നേരായിരുന്നു ആക്രമണം. ജ്വല്ലറിയില്‍ എത്തിയ ചിലര്‍ മാനേജരെക്കൊണ്ട് നിര്‍ബന്ധിച്ച് മാപ്പ് എഴുതിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
‘പരസ്യം ലജ്ജാകരമാണ്, ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു ,’ എന്നാണ് സ്റ്റോര്‍ മാനേജരെ കൊണ്ട് ഇവര്‍ എഴുതിച്ചത്. പിന്നീട് ഇത് സ്റ്റോറില്‍ ഒട്ടിക്കുകയും ചെയ്തുവെന്നാണ് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ ഭീഷണി സന്ദേശം ലഭിച്ചതല്ലാതെ ആക്രമണമോ കലാപമോ നടന്നിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
ഹൈന്ദവ മതവിശ്വാസിയായ മരുമകള്‍ ഗര്‍ഭിണിയായതുമായി ബന്ധപ്പെട്ട ചടങ്ങ് ആഘോഷിക്കുന്ന മുസ് ലിം കുടുംബത്തിന്റെ കഥയായിരുന്നു തനിഷ്‌കിന്റെ പുതിയ പരസ്യത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. പരസ്യം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്നു ആരോപിച്ചുകൊണ്ട് ഹിന്ദുത്വ ഗ്രൂപ്പുകള്‍ രംഗത്തെത്തി.
തുടര്‍ന്ന് ബോയ്‌ക്കോട്ട് തനിഷ്‌ക് തുടങ്ങിയ ക്യാംപെയ്‌നുകള്‍ ട്വിറ്ററിലും മറ്റു സമൂഹമാധ്യമങ്ങളിലും ശക്തമാകാന്‍ തുടങ്ങി. കടുത്ത വിദ്വേഷ പ്രചരണത്തെ തുടര്‍ന്ന്, കഴിഞ്ഞ ദിവസം തനിഷ്‌ക് പരസ്യം പിന്‍വലിച്ചതായി അറിയിക്കുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Atatck against Tanishq Store In Gujarat