പതഞ്‌ജലി സോനാ പപ്പടിയുടെ നിലവാരവും മോശം; കമ്പനി ഉദ്യോഗസ്ഥൻ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ
India
പതഞ്‌ജലി സോനാ പപ്പടിയുടെ നിലവാരവും മോശം; കമ്പനി ഉദ്യോഗസ്ഥൻ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th May 2024, 1:23 pm

ഡെറാഡൂൺ: പതഞ്‌ജലി ഉത്പന്നത്തിന്റെ ഗുണമേന്മയിൽ വീണ്ടും വീഴ്ച്ച. പതഞ്ജലിയുടെ മധുര പലഹാരമായ സോനാ പപ്പടിക്ക്
ഗുണനിലവാരമില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. തുടർന്ന് കമ്പനിയുടെ അസിസ്റ്റന്റ് മാനേജർ അടക്കം മൂന്ന് പേർക്ക് കോടതി തടവ് ശിക്ഷയും പിഴയും വിധിച്ചു. ഉത്പന്നത്തിന്റെ ഗുണനിലവാരം അളക്കുന്ന ടെസ്റ്റിലാണ് പതഞ്‌ജലിയുടെ മധുര പലഹാരമായ സോനപപ്പടിയുടെ നിലവാരമില്ലായ്മ കണ്ടെത്തിയത്.

ഉത്തരാഖണ്ഡിലെ രുദ്രാപൂർ ലബോറട്ടറിയിലാണ് പതഞ്ജലിയുടെ ഭക്ഷ്യ ഉൽപന്നം ഗുണനിലവാര പരിശോധനക്ക് വിധേയമാക്കിയത്. ടെസ്റ്റിൽ ഉത്പന്നത്തിന്റെ ഗുണനിലവാരം മോശമാണെന്ന് കണ്ടെത്തിയ കോടതി പതഞ്ജലി ആയുർവേദ് ലിമിറ്റഡിൻ്റെ അസിസ്റ്റൻ്റ് മാനേജർ ഉൾപ്പെടെ മൂന്ന് പേർക്ക് പിഴയും ആറുമാസം തടവും വിധിക്കുകയായിരുന്നു. പിത്തോരഗഡിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആണ് ശിക്ഷ വിധിച്ചത്.

2019 ൽ പിത്തോരഗഡിലെ ബെറിനാഗിലെ പ്രധാന മാർക്കറ്റായ ലീലാ ധർ പഥക്കിൻ്റെ കടയിൽ വില്പനക്ക് വെച്ച പതഞ്ജലി നവരത്ന എലൈച്ചി സോനാ പപ്പടിയെക്കുറിച്ച് ഒരു ഭക്ഷ്യ സുരക്ഷാ ഇൻസ്പെക്ടർ ആശങ്ക ഉന്നയിച്ചിരുന്നു.

തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മധുരപലഹാരത്തിൻ്റെ സാമ്പിളുകൾ ശേഖരിക്കുകയും രാംനഗറിലെ കനഹാ ജി ഡിസ്ട്രിബ്യൂട്ടറിനും ഹരിദ്വാറിലെ പതഞ്ജലി ആയുർവേദ് ലിമിറ്റഡിനും നോട്ടീസ് നൽകുകയും ചെയ്തിരുന്നു.

2020 ഡിസംബറിൽ, രുദ്രാപൂരിലെ ടെസ്റ്റിംങ് ലബോറട്ടറി കമ്പനിയുടെ പലഹാരത്തിൽ മധുരത്തിനായി ചേർത്ത പദാർത്ഥത്തിന് ഗുണനിലവാരമില്ലെന്ന് കണ്ടെത്തി. വിവരം സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിനെ അറിയിക്കുകയും ചെയ്തു .

പിന്നാലെ വ്യവസായി ലീലാ ധർ പഥക്, വിതരണക്കാരൻ അജയ് ജോഷി, പതഞ്ജലി അസിസ്റ്റൻ്റ് മാനേജർ അഭിഷേക് കുമാർ എന്നിവർക്കെതിരെയും കേസെടുക്കുകയായിരുന്നു. മൂന്ന് പേർക്ക് യഥാക്രമം 5,000, 10,000, 25,000 രൂപ പിഴയും ആറ് മാസം തടവും വിധിക്കുകയും ചെയ്തു.

അതേസമയം അടുത്തിടെ ഉത്തരാഖണ്ഡ് സർക്കാർ പതഞ്ജലിയുടെ 14 ഉത്പന്നങ്ങൾ നിരോധിച്ചിരുന്നു. ഇതിന്റെ വില്പന നിർത്തിയോ എന്നും കോടതി ചോദിച്ചു. ഉത്പന്നങ്ങളുടെ വില്പന നിർത്തിവെച്ചെന്ന് പതഞ്ജലിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ബൽബീർ സിങ് പറഞ്ഞു.

 

 

Content Highlight: Patanjali’s ‘soan papdi’ fails quality test, Ramdev’s company official, 2 others arrested