| Friday, 19th April 2024, 8:27 am

എല്ലാം നേടി ഇതുമാത്രമില്ല, കണ്ണീരോടെ പടിയിറങ്ങി ക്ളോപ്പ്; ജയിച്ചിട്ടും ലിവർപൂൾ പുറത്തായി

സ്പോര്‍ട്സ് ഡെസ്‌ക്

യൂറോപ്പ ലീഗില്‍ നിന്നും ലിവര്‍പൂള്‍ പുറത്ത്. യൂറോപ്പ ലീഗ ക്വാര്‍ട്ടര്‍ ഫൈനലിന്റെ സെക്കന്‍ഡ് ലെഗില്‍ ഇറ്റാലിയന്‍ ക്ലബ്ബായ അറ്റ്‌ലാന്‍ഡക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ചിട്ടും ലിവര്‍പൂള്‍ പുറത്താവുകയായിരുന്നു.

ആദ്യപാദ മത്സരത്തില്‍ ലിവര്‍പൂളിന്റെ തട്ടകമായ ആൻഫീല്‍ഡില്‍ വച്ച് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഇറ്റാലിയന്‍ ക്ലബ്ബിനോട് തോല്‍വി ഏറ്റുവാങ്ങിയിരുന്നു. അതുകൊണ്ടുതന്നെ രണ്ടാം പാദം ഇംഗ്ലീഷ് വമ്പന്മാര്‍ക്ക് ഏറെ നിര്‍ണായകമായിരുന്നു.

എന്നാല്‍ ഈ മത്സരത്തില്‍ ലിവര്‍പൂളിന് ഒരു ഗോള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ ക്ലോപ്പിന്റെയും കൂട്ടരുടെയും യൂറോപാ ലീഗ് പ്രതീക്ഷകളും അവസാനിക്കുകയായിരുന്നു. ലിവര്‍പൂള്‍ പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പ് ഈ സീസണോടുകൂടി ലിവര്‍പൂള്‍ വിടുന്ന സാഹചര്യത്തില്‍ തന്റെ മാനേജര്‍ കരിയറില്‍ ക്ലോപ്പ് ലിവര്‍പൂളിനൊപ്പം യൂറോപ്പ ലീഗ് കിരീടം മാത്രമാണ് നേടാന്‍ ബാക്കിയുണ്ടായിരുന്നത്. എന്നാല്‍ തോല്‍വിയോട ക്‌ളോപ്പിന് ഈ അവിസ്മരണീയ നേട്ടം സ്വന്തമാക്കാന്‍ ഉള്ള അവസരവുമാണ് നഷ്ടമായത്.

അറ്റ്‌ലാന്‍ഡയുടെ തട്ടകമായ ഗവിസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 3-4-1-2 എന്ന ഫോര്‍മേഷനില്‍ ആയിരുന്നു ആതിഥേയര്‍ അണിനിരന്നത് മറുഭാഗത്ത് 4-3-3 എന്ന ശൈലിയും ആയിരുന്നു ലിവര്‍പൂള്‍ പിന്തുടര്‍ന്നത്.

മത്സരം തുടങ്ങി ഏഴാം മിനിട്ടില്‍ തന്നെ ലഭിച്ച പെനാല്‍ട്ടി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് ലിവര്‍പൂളിനായി ഈജിപ്ഷ്യന്‍ സൂപ്പര്‍താരം മുഹമ്മദ് സല വലിയ പ്രതീക്ഷകളാണ് നല്‍കിയത്. എന്നാല്‍ തുടക്കത്തില്‍ ലഭിച്ച ഗോളടി മികവ് പിന്നീടുള്ള നിമിഷങ്ങളില്‍ ലിവര്‍പൂളിന് നഷ്ടമാവുകയായിരുന്നു.

മത്സരത്തില്‍ 71 ശതമാനം ബോള്‍ പൊസഷന്‍ ക്ലോപ്പിന്റെയും കൂട്ടരുടെയും കൈകളിലായിരുന്നു. 10 ഷോട്ടുകളാണ് ഡാഡി ക്ലബ്ബിന്റെ പോസ്റ്റിലേക്ക് ലിവര്‍പൂള്‍ ഉതിര്‍ത്തത് ഇതില്‍ അഞ്ചെണ്ണവും ലക്ഷ്യത്തിലേക്ക് ആയിരുന്നു. മറുഭാഗത്ത് സന്ദര്‍ശകരുടെ പോസ്റ്റിലേക്ക് എട്ട് ഷോട്ടുകളാണ് അറ്റ്‌ലാന്‍ഡ അടിച്ചത്. ഇതില്‍ രണ്ടെണ്ണം ഓണ്‍ ടാര്‍ഗറ്റിലേക്ക് ആയിരുന്നു.

യൂറോപ ലീഗിന്റെ സെമി ഫൈനലില്‍ മെയ് മൂന്നിന് നടക്കുന്ന മത്സരത്തില്‍ ഫ്രഞ്ച് ക്ലബ്ബായ മാര്‍സെലെയാണ് ഇറ്റാലിയന്‍ ക്ലബ്ബിന്റെ എതിരാളികള്‍. അതേസമയം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഏപ്രില്‍ 21ന് ഫുള്‍ ഹാമിനെതിരെയാണ് ലിവര്‍പൂളിന്റെ അടുത്ത മത്സരം. ഫുള്‍ ഹാമിന്റെ തട്ടകമായ ക്രാവന്‍ കോട്ടേജ് സ്റ്റേഡിയം ആണ് വേദി.

Content Highlight: Atalanta beat Liverpool in Europa League

We use cookies to give you the best possible experience. Learn more