ഉത്തരകാശി മഹാപഞ്ചായത്തിൽ മുസ്‌ലിം പള്ളിക്കെതിരെ, 'ലാൻഡ് ജിഹാദ്' അവകാശവാദം ഉന്നയിച്ച് ഹിന്ദു പ്രഭാഷകർ
national news
ഉത്തരകാശി മഹാപഞ്ചായത്തിൽ മുസ്‌ലിം പള്ളിക്കെതിരെ, 'ലാൻഡ് ജിഹാദ്' അവകാശവാദം ഉന്നയിച്ച് ഹിന്ദു പ്രഭാഷകർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st December 2024, 8:38 pm

കാശി: കനത്ത പൊലീസ് സുരക്ഷയിൽ നടന്ന ഉത്തരകാശി മഹാപഞ്ചായത്തിൽ മുസ്‌ലിം പള്ളിക്കെതിരെ, ‘ലാൻഡ് ജിഹാദ്’ അവകാശവാദം ഉന്നയിച്ച് ഹിന്ദു പ്രഭാഷകർ. ഉത്തരാഖണ്ഡ് പട്ടണത്തിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള മുസ്‌ലിം പള്ളിക്ക് എതിരെ വ്യാപക പ്രതിഷേധം നടത്താൻ
പ്രഭാഷകർ ആവശ്യപ്പെടുകയായിരുന്നു.

ലൗ ജിഹാദിനും ലാൻഡ് ജിഹാദിനുമെതിരെ ഹിന്ദുക്കൾ ഒന്നിക്കാനും പോരാടാനും മഹാപഞ്ചായത്തിലെ പ്രഭാഷകർ ആഹ്വാനം ചെയ്യുകയും സംസ്ഥാനത്ത് ജനസംഖ്യാപരമായ മാറ്റമുണ്ടായെന്ന് ആശങ്കകൾ ഉന്നയിക്കുകയും ചെയ്തു.

പരിപാടിക്ക് അനുമതി നൽകിയിട്ടില്ലെന്ന് ഉത്തരാഖണ്ഡ് സർക്കാർ ബുധനാഴ്ച ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെ ഉത്തരകാശി ജില്ലാ ഭരണകൂടം അനുമതി നൽകിയതിനെ തുടർന്നാണ് മഹാപഞ്ചായത്ത് നടന്നത് . വിഷയത്തിൽ അടുത്ത കോടതി വാദം ഡിസംബർ 5 ന് ഷെഡ്യൂൾ ചെയ്തു.

വിദ്വേഷ പ്രസംഗം പാടില്ല, റാലികൾ നടത്തരുത്, ഗതാഗതം തടസ്സപ്പെടുത്തരുത്, മതവികാരം വ്രണപ്പെടുത്തരുത്, സമാധാനം നിലനിർത്തുക തുടങ്ങി നിരവധി ഉപാധികളോടെയാണ് മഹാപഞ്ചായത്തിന് അനുമതി നൽകിയത്. എല്ലാ നിയമങ്ങളും പാലിച്ചാണ് പരിപാടി നടത്തിയതെന്ന് സംഘാടകർ പറഞ്ഞു.

മഹാപഞ്ചായത്തിൽ പങ്കെടുത്ത തെലങ്കാന ബി.ജെ.പി എം.എൽ.എ ടി. രാജ സിങ് , ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയോട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ‘ലാൻഡ് ജിഹാദ്’ നേരിടാൻ ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കാൻ ബുൾഡോസറുകൾ ഉപയോഗിക്കുന്നത് പരിഗണിക്കണമെന്ന് സിംഗ് ധാമി നിർദേശിച്ചു.

ഒരു മാസത്തിനുള്ളിൽ ഉത്തരകാശിയിലെ രാംലീല മൈതാനിയിൽ മുസ്‌ലിം പള്ളിക്കെതിരെയും മറ്റൊരു മഹാപഞ്ചായത്തിനെതിരെയും ജില്ല വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി ) സംസ്ഥാന പ്രസിഡൻ്റ് അനൂജ് വാലിയ പ്രഖ്യാപിച്ചു.

‘ഇത് ഞങ്ങളുടെ പോരാട്ടത്തിൻ്റെ തുടക്കം മാത്രമാണ്. ഞങ്ങൾ അവർക്കെതിരെ പ്രതികരിക്കുകയും ഉത്തരാഖണ്ഡിൽ നിന്ന് ഈ ശക്തികളെ പിഴുതെറിയുകയും ചെയ്യും,’ വാലിയ പറഞ്ഞു.

പരിപാടിയിൽ, ഗംഗോത്രി എം.എൽ.എ സുരേഷ് സിങ് ചൗഹാൻ ഉത്തരകാശിയിലെ ഹിന്ദു മതം സംരക്ഷിക്കുന്നതിനായി മാംസ, മദ്യശാലകൾ നിരോധിക്കണമെന്ന് വാദിച്ചു.

 

Content Highlight: At Uttarkashi mahapanchayat against ‘illegal’ mosque, claims of ‘land jihad’ and calls for Hindu unity