ന്യൂയോർക്ക്: ഗസയിലെ ഇസ്രഈലി ആക്രമണത്തിനെതിരെ ശബ്ദം ഉയർത്തുന്നതിനെ സെമിറ്റിക് വിരുദ്ധമായി ചിത്രീകരിക്കുന്നുവെന്ന് ഹാർവേഡ്, കൊളംബിയ, യേൽസ് സർവകലാശാലകളിലെ വിദ്യാർത്ഥികൾ.
വിവിധ സർവകലാശാലകളിലെ ഫലസ്തീൻ അനുകൂല കൂട്ടായ്മകൾ ആന്റി സെമിറ്റിക്കും ധാർമിക വിരുദ്ധവുമാണെന്നും ഇസ്രഈലിനെതിരെ നടക്കുന്ന വംശഹത്യയോട് അനുഭാവം പുലർത്തുന്നുവെന്നും യു.എസ് സെനറ്റ് പ്രമേയം പാസാക്കിയിരുന്നു. സംഘടനകൾ അമേരിക്കൻ ജൂതന്മാരുടെ സുരക്ഷക്ക് വെല്ലുവിളി സൃഷ്ടിക്കുകയാണെന്നും സെനറ്റ് കുറ്റപ്പെടുത്തി.
ഹോംലാൻഡ് സെക്യൂരിറ്റി, വിദ്യാഭ്യാസ വകുപ്പ്, നീതിന്യായ വകുപ്പ് എന്നിവരോട് ക്യാമ്പസുകളിലെ ആന്റി സെമിറ്റിക് സംഭവങ്ങൾ അന്വേഷിക്കാൻ ബൈഡൻ ഭരണകൂടം നിർദേശം നൽകിയിരുന്നു.
വെടിനിർത്തൽ ആവശ്യപ്പെടുകയോ ഇസ്രഈൽ അധിനിവേശത്തെ കുറിച്ച് സംസാരിക്കുകയോ ചെയ്യുന്നതിന് പോലും ക്രിമിനൽ കുറ്റം ചുമത്താൻ ശ്രമിക്കുകയും കുടുംബത്തെ അപമാനിക്കുകയും കരിയർ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതായി വിദ്യാർത്ഥികൾ പറയുന്നു.
75 വർഷമായി ഫലസ്തീനിൽ ഇസ്രഈൽ നടത്തിവരുന്ന അധിനിവേശത്തെ കുറിച്ച് വർഷങ്ങളായി സംസാരിക്കുന്നതാണെന്നും എന്നാൽ ഇപ്പോഴാണ് അതിനെതിരെ ശക്തമായ എതിർപ്പ് പ്രകടമാകുന്നതെന്നും വിദ്യാർത്ഥികൾ പറയുന്നു.
ചിക്കാഗോയിൽ ആറ് വയസുകാരനായ മുസ്‌ലിം ബാലൻ കൊല്ലപ്പെട്ടതിന് പിന്നാലെ തങ്ങൾ മുൻകരുതലുകൾ എടുത്താണ് ജീവിക്കുന്നതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. പലരും സമൂഹ മാധ്യമങ്ങളിലെ പേരുകൾ മാറ്റുകയും പ്രതിഷേധങ്ങളിൽ പങ്കെടുക്കുമ്പോൾ മാസ്ക് ധരിക്കുകയും ചെയ്യുന്നു.
ഹാർവേഡ് സർവകലാശാലയിൽ നടന്ന പ്രതിഷേധത്തിൽ ഇസ്രഈലിലെ സർവകലാശാലയുടെ നിക്ഷേപം വെളിപ്പെടുത്തണമെന്നും ഫലസ്തീൻ സമുദായങ്ങൾക്കിടയിൽ നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ട് പ്രസ്താവന ഇറക്കിയിരുന്നു.
തുടർന്ന് സർവകലാശാലക്ക് 30 മില്യൺ ഡോളർ സംഭാവന ചെയ്ത ഇസ്രഈലി കോടീശ്വരൻ സർവകലാശാലയുടെ എക്‌സിക്യൂട്ടീവ് ബോർഡിൽ നിന്ന് രാജി വെച്ചിരുന്നു.
പ്രസ്താവനയിൽ ഒപ്പുവെച്ച വിദ്യാർത്ഥികളുടെ പട്ടിക പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് സർവകലാശാലയിലെ പൂർവ വിദ്യാർത്ഥികൾ ഉൾപ്പെടെ രംഗത്ത് വന്നിരുന്നു.
നിലവിൽ ഫലസ്തീൻ അനുകൂല നിലപാട് പ്രകടിപ്പിക്കുന്ന ഹാർവേഡ് ഉൾപ്പെടെയുള്ള സർവകലാശാലകളിലെ വിദ്യാർത്ഥികൾക്ക് തൊഴിൽ അവസരങ്ങൾ നഷ്ടപെടുന്ന സ്ഥിതിവിശേഷമാണ് ഉള്ളത്.
Content Highlight: At US universities, free speech isn’t free for pro-Palestine activists