ന്യൂയോര്‍ക്ക്: സെപ്റ്റംബര്‍ 13ന് ആരംഭിച്ച, ഐക്യരാഷ്ട്രസഭയുടെ 77ാമത് വാര്‍ഷിക ജനറല്‍ അസംബ്ലി സെഷന്‍ കഴിഞ്ഞ ദിവസമായിരുന്നു അവസാനിച്ചത്. ഒരാഴ്ചയിലേറെ നീണ്ടുനിന്ന യോഗത്തില്‍ 100ലേറെ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തിരുന്നു.
യോഗത്തില്‍ വെച്ച് തങ്ങളുടെ രാജ്യം വിടാന്‍ അമേരിക്കയോട് ആഹ്വാനം ചെയ്തിരിക്കുകയാണ് സിറിയ.
കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ വെച്ചായിരുന്നു സിറിയയിലെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥനായ ഫൈസല്‍ മെക്ദാദ് (Faisal Mekdad) ഈ വിഷയം മുന്നോട്ടുവെച്ചത്.
തന്റെ രാജ്യത്ത് 11 വര്‍ഷമായി നടന്നുകൊണ്ടിരിക്കുന്ന യുദ്ധം ‘ലോകത്തിന്റെ നിയന്ത്രണം കയ്യിലാക്കാനുള്ള പാശ്ചാത്യരുടെ ശ്രമ’ത്തിന്റെ ഭാഗമാണ് എന്ന് ഫൈസല്‍ മെക്ദാദ് പ്രസംഗത്തില്‍ പറഞ്ഞു.
അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യം തന്റെ രാജ്യം വിടണമെന്നും മെക്ദാദ് ആവശ്യപ്പെട്ടു.
”യു.എസ് സഖ്യത്തിന്റെ സൈന്യം സിറിയയില്‍ തുടരുന്നത് അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണ്. തീവ്രവാദത്തിനെതിരെ പോരാടുന്നതിന് ആ രാജ്യത്തെ സര്‍ക്കാരുമായി സഹകരണം ആവശ്യമാണ്.
സിറിയയുടെ പരമാധികാരം ലംഘിക്കുകയും രാജ്യത്തെ പട്ടണങ്ങളും ഗ്രാമങ്ങളും നശിപ്പിക്കുകയും ചെയ്യുന്ന നിയമവിരുദ്ധമായ ഒരു അന്താരാഷ്ട്ര സഖ്യത്തിലൂടെയല്ല തീവ്രവാദത്തിനെതിരെ പോരാടേണ്ടത്,” ഫൈസല്‍ മെക്ദാദ് വ്യക്തമാക്കി.
2011ല്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിന്റെ ഭരണത്തിനെതിരെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നായിരുന്നു സിറിയ ആഭ്യന്തരയുദ്ധത്തിലേക്ക് നീങ്ങിയത്. യുദ്ധത്തില്‍ ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെടുകയും രാജ്യത്തിന്റെ വലിയൊരു ഭാഗം നശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ റഷ്യന്‍ വ്യോമസേനയുടെയും ഇറാനിയന്‍ സൈന്യത്തിന്റെയും പിന്തുണയോടെ സിറിയയുടെ മൂന്നില്‍ രണ്ട് ഭാഗവും തിരിച്ചുപിടിക്കാന്‍ ബഷാര്‍ അല്‍ അസദ് സര്‍ക്കാരിനായിരുന്നു.
സിറിയയുടെ ഊര്‍ജമേഖലയില്‍ നേരിട്ടും അല്ലാതെയുമുണ്ടായ നഷ്ടം 107 ബില്യണ്‍ ഡോളറിലെത്തിയെന്നും യുദ്ധസമയത്ത് സിറിയയുടെ എണ്ണ-വാതക വ്യവസായത്തിനുണ്ടായ നഷ്ടത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും മെക്ദാദ് പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.
അതേസമയം, സിറിയയുടെ എണ്ണ- വാതക സമ്പത്തിന്റെ ഭൂരിഭാഗവും യു.എസ് പിന്തുണയുള്ള കുര്‍ദിഷ് സേനയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലാണുള്ളത്.
250 മുതല്‍ 400 ബില്യണ്‍ ഡോളര്‍ വരെയാണ് സിറിയയുടെ പുനര്‍നിര്‍മാണ ചെലവായി കണക്കാക്കുന്നതെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ അമേരിക്കയുടെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളുടെയും ഉപരോധം സിറിയക്ക് മേലുണ്ട്.
റഷ്യയുടെ ഉക്രൈന്‍ അധിനിവേശ ശ്രമങ്ങള്‍ക്കും മെക്ദാദ് പിന്തുണ വാഗ്ദാനം ചെയ്തു.
Content Highlight: At UN General Assembly Syria’s top diplomat calls on America to leave his country blames west for the war