| Tuesday, 7th November 2017, 10:06 am

ഈ വയസിലെങ്കിലും ഞാന്‍ സമാധാനം ആഗ്രഹിക്കുകയാണ്; വിവാദങ്ങളില്‍ പ്രതികരണവുമായി അമിതാഭ് ബച്ചന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: നികുതിവെട്ടിച്ച് വിദേശത്ത് കോടികളുടെ കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ വിവരങ്ങള്‍ പുറത്തുവിട്ട പാരഡൈസ് പേപ്പേര്‍സ് റിപ്പോര്‍ട്ടില്‍ നിലപാട് വ്യക്തമാക്കി ബിഗ് ബി അമിതാഭ് ബച്ചന്‍.

തനിക്കെതിരെയുള്ള എന്ത് ആരോപണത്തിലും നടക്കുന്ന അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ജീവിതത്തിന്റെ ഇത്തരമൊരു ഘട്ടത്തിലെങ്കിലും തന്നെ വെറുതെ വിടണമെന്നുമാണ് അമിതാഭ് ബച്ചന്‍ പറയുന്നത്.

നാളെ ചിലപ്പോള്‍ ഇതിനേക്കാള്‍ വലുത് എന്തെങ്കിലും വന്നേക്കാം എന്നാല്‍ അതുമായെല്ലാം ഞാന്‍ സഹകരിക്കും. പക്ഷേ വസ്തുതകള്‍ക്ക് നിരക്കാത്ത ആരോപണങ്ങള്‍ മാത്രമാണ് പലതുമെന്നും ബിഗ് ബി പറയുന്നു.

പനാമ രേഖകളിലും ബോഫേഴ്‌സ് അഴിമതിയിലും തന്റെ പേര് ഉള്‍പ്പെട്ടപ്പോള്‍ തന്റെ ഭാഗം വിശദീകരിച്ച് മുന്‍പും ബിഗ് ബി രംഗത്തെത്തിയിരുന്നു.

നികുതിവെട്ടിച്ച് വിദേശത്ത് കോടികളുടെ കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ വിവരങ്ങളായിരുന്നു പാരഡൈസ് പേപ്പേര്‍സ് എന്ന പേരില്‍ ജര്‍മ്മന്‍ പത്രമായ സിഡോയിച്ചെ സെതൂങ്ങും ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും (ഐസിഐജെ) പുറത്തുവിട്ടത്.


Dont Miss ഗുജറാത്തിലെ 31% എം.എല്‍.എമാര്‍ക്കെതിരെയും ക്രിമിനല്‍ കേസ്: 15 ബി.ജെ.പി എം.എല്‍.എമാര്‍ക്കെതിരെയുള്ളത് ഗുരുതരമായ ക്രിമിനല്‍ കേസ്


96 മാധ്യമ സ്ഥാപനങ്ങള്‍ സംയുക്തമായാണ് അന്വേഷണം നടത്തിയത്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍, ബോളിവുഡ് താരങ്ങള്‍ എന്നിവര്‍ പട്ടികയിലുണ്ടായിരുന്നു. ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രമാണ് ഇന്ത്യയില്‍നിന്ന് അന്വേഷണത്തില്‍ പങ്കാളിയായത്. ഈ പട്ടികയില്‍ അമിതാഭ് ബച്ചന്റെ പേരും ഉണ്ടായിരുന്നു.

“ജീവിതത്തിന്റെ ഈ ഘട്ടത്തിലെങ്കിലും ഞാന്‍ സമാധാനവും പ്രശസ്തിയില്‍ നിന്നുള്ള സ്വാതന്ത്ര്യവും ആഗ്രഹിക്കുകയാണ്. ജീവിതത്തില്‍ ബാക്കിയുള്ള കുറച്ചുനാളുകള്‍ എന്നില്‍ മാത്രമൊതുങ്ങിയുള്ള ജീവിതമാണ് ഞാന്‍ ആഗ്രഹിക്കുന്നത്-അമിതാഭ് ബച്ചന്‍ പറയുന്നു.
ഏതാനും മാസങ്ങള്‍മുന്‍പാണ് പനാമ രേഖകളില്‍ വീണ്ടും തന്റെ പേര് ഉള്‍പ്പെട്ടതായ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടത്. എന്തെങ്കിലും പ്രതികരണത്തിന് വേണ്ടിയോ ന്യായീകരണത്തിന് വേണ്ടിയോ അല്ല പറയുന്നത്. എങ്കിലും ഇതിന്റെയൊന്നും അന്വേഷണം എവിടെയുമെത്തുന്നില്ല. തന്നില്‍ നിന്നും വിശദീകരണം തേടുകയും മൊഴിയെടുക്കുയും ചെയ്തു. ആറ് സമന്‍സെങ്കിലും തങ്ങള്‍ക്ക് ലഭിച്ചിരുന്നു. അതില്‍ മൊഴിയെടുത്തതുമാണ്. എന്നിട്ടും അന്വേഷണം എവിടെയും എത്തിയില്ല. ഇപ്പോഴും അത്. തുടര്‍ന്നുകൊണ്ടിരിക്കുയാണ്. ഇത്തരം അന്വേഷണങ്ങള്‍ അവസാനിക്കാന്‍ വര്‍ഷങ്ങള്‍ എടുക്കും. ബോഫേഴ്‌സ് കേസില്‍ വരെ തന്റെ പേര് വലിച്ചിഴക്കപ്പെടുകയായിരുന്നെന്നും കേസിന്റെ പേരില്‍ വര്‍ഷങ്ങളോളം മാനസികമായി തങ്ങള്‍ പീഡിപ്പിക്കപ്പെട്ടെന്നും ബച്ചന്‍ പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more