| Friday, 14th October 2022, 3:19 pm

റിലീസിന് മുന്നേ വലിയ വാഗ്ദാനം തരാതിരുന്നത് തന്നെയാണ്, ഇനിയും പറഞ്ഞാല്‍ ഞാന്‍ കരഞ്ഞുപോകും: മമ്മൂട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേക്ഷകര്‍ ആവേഷത്തോടെ കണ്ട സിനിമയാണ് റോഷാക്ക്. തിയേറ്ററുകളില്‍ ആവേശമായി സിനിമ മുന്നേറുകയാണ്. ദുബായില്‍ നടന്ന പ്രസ്മീറ്റില്‍ വെച്ച് സിനിമയെ പിന്തുണച്ച മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രേക്ഷകര്‍ക്കും നന്ദി പറഞ്ഞിരുക്കുകയാണ് മമ്മൂട്ടി.

”റോഷാക്കിനെക്കുറിച്ചാണ് നമ്മള്‍ ഇപ്പോള്‍ സംസാരിക്കേണ്ടത്. കാരണം സിനിമ സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ദുബായിലായാലും നാട്ടിലായാലും ശരി വേള്‍ഡ് വൈഡ് സിനിമക്ക് നല്ല സ്വീകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

സിനിമ റിലീസാകുന്നതിന് മുന്നേ ഞാന്‍ നിങ്ങള്‍ക്ക് വലിയ വാഗ്ദാനം തരാതിരുന്നത് തന്നെയാണ്. സിനിമ അങ്ങനെ ആയിരിക്കും ഇങ്ങനെയായിരിക്കും എന്ന് പറഞ്ഞ് ഒരു അഭിമുഖം വേണ്ട എന്ന് കരുതി. സിനിമ റിലീസായി നിങ്ങളില്‍ കുറച്ചു പേരെങ്കിലും കണ്ടതിന് ശേഷം അഭിമുഖം തരാമെന്ന് വിചാരിച്ചു. അതുകൊണ്ടാണ് ഇത്രയും വൈകിയത്.

സിനിമ ഇറങ്ങിയിട്ട് ഒരാഴ്ചയായി. ഒരാഴ്ച കൊണ്ട് കാണാവുന്ന കാഴ്ചക്കാരെല്ലാം സിനിമ കണ്ടു. വേറെയും ചില സ്ഥലങ്ങളില്‍ നാളെ റിലീസാകും. എല്ലാ സ്ഥലത്തു നിന്നും പ്രതീക്ഷയോടെ ആളുകള്‍ കാത്തിരിക്കുന്ന സിനിമയാണ് റോഷാക്ക്.

സിനിമ കണ്ട നിങ്ങള്‍ക്കായിരിക്കും കൂടുതല്‍ പറയാനുണ്ടാകുക. സാധാരണ സിനിമകളെല്ലാം പരീക്ഷണങ്ങളാണ്. അതുപോലെ ഒരു പരീക്ഷണം തന്നെയായിരുന്നു റോഷാക്കും. എല്ലാ സിനിമകളും രണ്ട് തരത്തില്‍ പരീക്ഷണമാണ്. ഒന്ന് എടുത്ത് പരീക്ഷിക്കുക രണ്ട് കാഴ്ചക്കാരെ പരീക്ഷിക്കുക. ഞാന്‍ മുമ്പ് പറഞ്ഞപോലെ റോഷാക്ക് വേറിട്ട രീതിയിലുള്ള പരീക്ഷണമാണ്.

ഇതിന്റെ കഥക്കോ കഥാഗതിക്കോ കഥാപാത്രങ്ങള്‍ക്കോ വലിയ അത്ഭുതങ്ങളില്ല. പക്ഷേ കഥയുടെ സഞ്ചാരപാത വേറെയാണ്. കഥയുടെ നിര്‍മാണ രീതിയും ആവിഷ്‌കാര രീതിയിലും മാറ്റമുണ്ട്. അതുകൊണ്ടാണ് റോഷാക്ക് വേറിട്ട സിനിമയാകുന്നത്. അങ്ങനെയാണ് എല്ലാ സിനിമകളും ആകേണ്ടത്.

ഞങ്ങളുടെ സഞ്ചാരപാതക്ക് എല്ലാ പിന്തുണയും പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നു. ഞങ്ങള്‍ വിചാരിച്ച രീതിയിലല്ലാതെ വളരെ വ്യത്യസ്തമായി സിനിമയെ സൂഷ്മമായി വിലയിരുത്തിയവരുണ്ട്. അതെല്ലാം ഞങ്ങള്‍ക്ക് ഒരുപാട് സന്തോഷം തരുന്നതാണ്.

ഈ സിനിമക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഇപ്പോ ഇവിടെ സന്നിഹിതരാകാത്ത ഒരുപാട് പേരുണ്ട് അവരുടെ എല്ലാം പേരില്‍ ഞാന്‍ നന്ദി പറയുകയാണ്. ഇതില്‍ കൂടുതല്‍ പറഞ്ഞാല്‍ ഞാന്‍ കരഞ്ഞുപോകും,” മമ്മൂട്ടി പറഞ്ഞു.

ഒക്ടോബര്‍ ഏഴിനാണ് റോഷാക്ക് തിയേറ്ററുകളില്‍ റിലീസായത്. അബുദാബിയിലെ ഡാല്‍മ മാളില്‍ വെച്ച് നടന്ന വിജയാഘോഷത്തോട് അനുബന്ധിച്ച് ചിത്രത്തിലെ വീഡിയോ ഗാനം റിലീസ് ചെയ്തത് ഇന്നലെയായിരുന്നു.

Content Highlight: At the press meet held in Dubai, Mammootty thanked the media and audience for supporting the Rorschach

We use cookies to give you the best possible experience. Learn more