ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിനും, ഫ്രീഡം ഫൈറ്റിനും ശേഷം ജിയോ ബേബി തിരക്കഥയും, സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രമാണ് ശ്രീധന്യ കാറ്ററിങ് സര്‍വീസ്.
കൂട്ടുകാരന്റെ മകളുടെ ഒന്നാം പിറന്നാളിന് ബിരിയാണി വെക്കാന്‍ ഒത്തുകൂടുന്ന ആണ്‍കൂട്ടത്തിന്റെ ആഘോഷരാവും, അതിനിടെ നടക്കുന്ന തമാശകളുമാണ് ചിത്രത്തിന്റെ പ്രമേയം.
ശ്രീധന്യ കാറ്ററിങ് സര്‍വീസില്‍ ഒരു പ്രധാന വേഷത്തില്‍ ജിയോ ബേബിയും എത്തുന്നുണ്ട്. ഇപ്പോള്‍ എന്തുകൊണ്ട് ചിത്രത്തില്‍ അത്തരമൊരു നെഗറ്റീവ് കഥാപാത്രം ചെയ്തു, ഓട്ടോക്കാരന്റെ കഥാപാത്രം ചെയ്തുകൂടായിരുന്നോ എന്ന ഡൂള്‍ ന്യൂസിലെ അന്ന കീര്‍ത്തി ജോര്‍ജിന്റെ ചോദ്യത്തിന് പ്രതികരിക്കുകയാണ് ജിയോ ബേബി.
തന്റെ കംഫര്‍ട്ട് നോക്കി എടുത്തതാണ് ആ കഥാപാത്രം. ചിത്രത്തിലെ നല്ലവനായ ഓട്ടോക്കാരന്റെ വേഷം എനിക്ക് ചെയ്യാന്‍ കഴിയുമായിരുന്നില്ലെന്നുമാണ് ജിയോ ഡൂള്‍ ന്യൂസിനോട് പറഞ്ഞത്.
‘സിനിമയിലെ ഓട്ടോക്കാരനെക്കാളും എനിക്കറിയാവുന്നത് സിബി എന്ന കഥാപാത്രത്തെയാണ്, എന്നെ നാട്ടില്‍ വിളിക്കുന്നത് സിബിയെന്നാണ്, എന്റെ കുഞ്ഞിലെ പേര് അതാണ്. ഞാന്‍ വേറൊരു ലൈനില്‍ പോയില്ലായിരുന്നുവെങ്കില്‍ സിനിമയിലെ കഥാപാത്രത്തെ പോലെത്തന്നെ ആയിരുന്നെനെ.
എന്റെ ലൈഫിന്റെ ഒരു പോയിന്റില്‍ വെച്ച് ഞാന്‍ യു ടേണ്‍ എടുത്തിട്ടുണ്ട്, റൂട്ട് മാറി യാത്ര ചെയ്തിട്ടുണ്ട്. അവിടുന്നാണ് എന്റെ ജീവിതത്തിലൊരു മാറ്റം ഉണ്ടാകുന്നത്. അതില്‍ പ്രധാനമായും മദ്യപാനം നിര്‍ത്തിയതാണ്. ഇല്ലെങ്കില്‍ കറക്ട് സിനിമയിലെ കഥാപാത്രമായ ആ മനുഷ്യന്‍ തന്നെയാണ് ഞാന്‍,’ ജിയോ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
ജിയോ ബേബിയെ കൂടാതെ മൂര്‍, പ്രശാന്ത് മുരളി, ജിലു ജോസഫ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ്. രാജ്, വിഷ്ണു രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ഛായാഗ്രഹണം സാലു കെ. തോമസ്, എഡിറ്റര്‍ ഫ്രാന്‍സിസ് ലൂയിസ്, ബേസില്‍ സി.ജെ, സംഗീത സംവിധാനം മാത്യൂസ് പുളിക്കല്‍, കലാ സംവിധാനം നോബിന്‍ കുര്യന്‍, വസ്ത്രാലങ്കാരം സ്വാതി വിജയന്‍, ശബ്ദ രൂപകല്പന ടോണി ബാബു, എം.പി.എസ്.ഇ, ഗാനരചന സുഹൈല്‍ കോയ, അലീ, കളറിസ്റ്റ് ലിജു പ്രഭാകര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിനോയ് ജി. തലനാട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആരോമല്‍ രാജന്‍, ലൈന്‍ പ്രൊഡ്യൂസര്‍ നിദിന്‍ രാജു, കൊ ഡയറക്ടര്‍ അഖില്‍ ആനന്ദന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിധിന്‍ പണിക്കര്‍, മാര്‍ട്ടിന്‍ എന്‍ ജോസഫ്, അസോസിയേറ്റ് ഡയറക്ടര്‍ ദീപക് ശിവന്‍, സ്റ്റില്‍സ് അജയ് അലക്സ്, പരസ്യകല നിയാണ്ടര്‍ താള്‍, വിനയ് വിന്‍സന്‍, മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് റോജിന്‍ കെ. റോയ്.