| Monday, 9th January 2017, 4:47 pm

പെട്രോള്‍ പമ്പുകളില്‍ കാര്‍ഡ് ഉപയോഗിച്ച് ഇന്ധനം നിറയ്ക്കുന്നതിന് അധിക ചാര്‍ജ് ഈടാക്കരുതെന്ന് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


 അതേസമയം, കാര്‍ഡ് ഇടപാടുകള്‍ നടത്തുന്നതിനുള്ള അധികനിരക്ക് ആരു വഹിക്കണമെന്ന് എണ്ണക്കമ്പനികളും ബാങ്കുകളും ചര്‍ച്ച ചെയ്യുകയാണെന്ന് ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.


ന്യൂദല്‍ഹി:  രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ കാര്‍ഡ് ഉപയോഗിച്ച് ഇന്ധനം നിറയ്ക്കുന്നതിന് അധിക ചാര്‍ജ്ജ് ഈടാക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. ബാങ്കുകള്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.  കേന്ദ്ര പെട്രോളിയം സഹമന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നത് ഉപഭോക്താക്കള്‍ക്കും പമ്പ് ഉടമകള്‍ക്കും അധിക ബാധ്യത ഉണ്ടാക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം, കാര്‍ഡ് ഇടപാടുകള്‍ നടത്തുന്നതിനുള്ള അധികനിരക്ക് ആരു വഹിക്കണമെന്ന് എണ്ണക്കമ്പനികളും ബാങ്കുകളും ചര്‍ച്ച ചെയ്യുകയാണെന്ന് ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് പെട്രോള്‍ ഡീലര്‍മാരില്‍ നിന്നും ഒരു ശതമാനം സര്‍വീസ് ചാര്‍ജ് ഈടാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന തീരുമാനത്തില്‍ നിന്ന് പെട്രോള്‍ പമ്പ് ഉടമകളുടെ സംഘടന പിന്മാറിയിരുന്നു.

ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നീ ബാങ്കുകള്‍ ശനിയാഴ്ചയാണ്  ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് ഒരു ശതമാനം വരെ സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തുമെന്ന് പമ്പുടമകളെ അറിയിച്ചിരുന്നത്. രാജ്യത്തെ 60 ശതമാനം പമ്പുകളിലും ഈ കമ്പനികളുടെ  സ്വൈപിങ് മെഷീനുകളാണ് ഉപയോഗിക്കുന്നത്.


Read more: ആറളം കേസില്‍ നദീര്‍ ആറാം പ്രതി: തെളിവില്ലെന്ന മുന്‍നിലപാടില്‍ മലക്കംമറിഞ്ഞ് ഹൈക്കോടതിയില്‍ പൊലീസ്


We use cookies to give you the best possible experience. Learn more