|

ഇന്ത്യന്‍ ഭൂപ്രദേശത്തില്‍ അവകാശവാദമുന്നയിച്ച മാപ്പുമായി പാകിസ്താന്‍; അജിത് ഡോവലും സംഘവും മോസ്കോ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ:ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഇന്ത്യന്‍ ടീമംഗങ്ങളും റഷ്യ സംഘടിപ്പിച്ച ഷാന്‍ഹായി സഹകരണ ഉച്ചകോടിയില്‍ നിന്ന് ഇറങ്ങിപ്പോയി. പാകിസ്താന്‍ ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ തെറ്റായ മാപ്പുമായി വന്നതിനെ തുടര്‍ന്നാണ് അജിത് ഡോവലുള്‍പ്പെടുന്ന ടീമംഗങ്ങള്‍ പ്രതിഷേധ സൂചകമായി പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോയത്.

പാകിസ്താന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബോധപൂര്‍വ്വം തെറ്റായ മാപ്പുമായി രംഗത്തെത്തിയതാണെന്നും ഈ മാപ്പ് ഈയടുത്തായി പാകിസ്താന്‍ പ്രചരിപ്പിക്കുന്നതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പ്രതികരിച്ചു. ഇത് മീറ്റിങ്ങ് സംഘടിപ്പിക്കുന്ന റഷ്യയോടുള്ള അനാദരവാണെന്നും  ഇത്തരം നീക്കങ്ങള്‍ യോഗത്തിന്റെ നിബന്ധനകളെ വിലവെക്കാത്തതുമാണെന്നും ശ്രീവാസ്തവ അഭിപ്രായപ്പെട്ടു.

റഷ്യയെ വിയോജിപ്പ് അറിയിച്ചതിന് ശേഷമാണ് ഇന്ത്യന്‍ ടീമംഗങ്ങള്‍ പരിപാടിയില്‍ നിന്ന് വിട്ടു നിന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഗസ്ത് നാലിന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പുറത്തിറക്കിയ മാപ്പ് ഇന്ത്യയുടെ ജമ്മു കശ്മീരിന്റെയും, ലഡാക്കിന്റെയും, ഗുജറാത്തിലെ സര്‍ ക്രീക്കിന്റെയും ചില ഭാഗങ്ങള്‍ തങ്ങളുടേതാണെന്ന് അവകാശപ്പെടുന്നതായിരുന്നു. നിയപരമായി ഒരു സാധുതയുമില്ലാത്ത രാഷ്ട്രീയ അസംബന്ധമെന്നാണ് ഇന്ത്യ പാക് നീക്കത്തെ വിശേഷിപ്പിച്ചത്.

കഴിഞ്ഞ ദിവസം ഷാന്‍ഹായ് സഹകരണ ഉച്ചകോടിയല്‍ അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെ ഇന്ത്യയുടെയും ചൈനയുടെയും വിദേശേകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തിയിരുന്നു. റഷ്യയുടെ വിദേശകാര്യ മന്ത്രിയുമായും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: At moscow meet India walks out as pak uses doctored map

Video Stories