| Wednesday, 14th June 2023, 2:07 pm

അവയവമെങ്കിലും മറ്റുള്ളവരില്‍ ജീവിക്കട്ടേയൊന്നോര്‍ത്ത് ഒപ്പിട്ടുക്കൊടുത്തു; മകനെ കൊന്നതാണോ എന്ന് സംശയം: എബിന്റെ അമ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ലേക്‌ഷോര്‍ ആശുപത്രിയിലെ അവയവദാനവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികരണവുമായി മരണപ്പെട്ട എബിന്റെ അമ്മ. ആശുപത്രിയിലെത്തിയപ്പോള്‍ ചികിത്സ കൊടുത്തതായൊന്നും കണ്ടില്ലെന്നും എബിന്റെ തലയില്‍ വട്ടത്തില്‍ ഒരു കെട്ട് മാത്രമേ കണ്ടുള്ളൂവെന്നും അവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ദ്രവിച്ച് പോകുന്നതിനേക്കാള്‍ നല്ലത് അവയവമെങ്കിലും മറ്റുള്ളവരില്‍ ജീവിക്കട്ടേയെന്നോര്‍ത്താണ് അവയവദാനത്തിന് സമ്മതിച്ചതെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇപ്പോള്‍ തന്റെ മകനെ കൊന്നതാണോ എന്ന് പോലും സംശയമുണ്ടെന്നും അവര്‍ പറയുന്നു.

‘ആശുപത്രിയില്‍ പോയി കണ്ടപ്പോള്‍ കുഞ്ഞിന് ചികിത്സ നല്‍കിയതായി എനിക്ക് തോന്നുന്നില്ല. ഒരു മകന് ചികിത്സ നല്‍കിയിട്ടുണ്ട്. അപ്പോള്‍ ആംബുലന്‍സ് വരാന്‍ താമസിച്ചു, മൂത്തമകനെ എത്രയും വേഗം എത്തിച്ചുവെന്ന് പറഞ്ഞു. രണ്ടാമതാണ് ഗുരുതരമായ പരിക്കുള്ള മകനെ കൊണ്ടുപോകുന്നത്. അത് കഴിഞ്ഞ് ഞാന്‍ അവിടെ ചെല്ലുമ്പോഴും ചികിത്സ കൊടുത്തതായൊന്നും കണ്ടില്ല. കുഞ്ഞിന്റെ തലയില്‍ വട്ടത്തില്‍ ഒരു കെട്ട് മാത്രമേ കണ്ടുള്ളൂ.

എന്തെങ്കിലും മരുന്ന് കൊടുത്തതായും എനിക്ക് അറിഞ്ഞൂടാ. പക്ഷേ ഞാനവന്റെ ചങ്കത്ത് ഉമ്മയും നല്‍കി പോരുകയാണ് ചെയ്തത്. പിന്നെ അവന്‍ മരിച്ചെന്നാണ് അറിഞ്ഞത്.

കുഞ്ഞ് രക്ഷപ്പെടുന്നില്ല, മൂന്നാല് പേര് ആശുപത്രിയില്‍ അഡ്മിറ്റ് ആയിട്ടുണ്ടെന്നും അവര്‍ക്ക് അവയവം ദാനം ചെയ്‌തോട്ടെയെന്നും എന്നോട് ചോദിച്ചു. ദ്രവിച്ച് പോകുന്നതിനേക്കാള്‍ എന്റെ കുഞ്ഞിന്റെ അവയവമെങ്കിലും മറ്റുള്ളവരില്‍ ജീവിക്കട്ടേയൊന്നോര്‍ത്ത് ഞാന്‍ ഒപ്പിട്ടുക്കൊടുത്തു.

ഇപ്പോള്‍ പലരും പറയുന്നു കുഞ്ഞിന് ചികിത്സ കൊടുത്തില്ലെന്ന്. അതില്‍ എനിക്ക് സംശയമുണ്ട്. എന്റെ കുഞ്ഞിനെ കൊന്നതാണോ എന്ന് പോലും എനിക്ക് ഓര്‍മ വരുന്നുണ്ട്. പക്ഷേ ഇത്രയും നാള്‍ ഞാന്‍ ദുഖിച്ചിരുന്നില്ല. ഇപ്പോഴാണ് എനിക്ക് ഏറ്റവും ദുഖം വരുന്നത്.

ഒരു ഡോക്ടര്‍ ദൈവതുല്യനാണ്. ജീവന്‍ രക്ഷിക്കുന്നവരാണ് ഡോക്ടര്‍. എനിക്കറിഞ്ഞൂടായിരുന്നു ഇത് സര്‍ക്കാരിനോട് പറയണമെന്ന്. അല്ലെങ്കില്‍ ഞാന്‍ അപ്പോള്‍ തന്നെ പറഞ്ഞേനെ. ഇത്രയും കാര്യങ്ങള്‍ വന്ന സ്ഥിതിക്ക് ഇനി അന്വേഷണം വേണമെന്നാണ് ഞാന്‍ പറയുന്നത്,’ അമ്മ പറഞ്ഞു.

കഴിഞ്ഞ ദിവസം എബിന് മസ്തിഷ്‌കമരണം സംഭവിച്ചെന്ന റിപ്പോര്‍ട്ട് നല്‍കി മലേഷ്യന്‍ പൗരന് അവയവങ്ങള്‍ ദാനം ചെയ്തെന്ന പരാതിയില്‍ ആശുപത്രിക്കും ഡോക്ടര്‍മാര്‍ക്കുമെതിരെ കേസെടുത്തിരുന്നു. കൊച്ചി ലേക്‌ഷോര്‍ ആശുപത്രിക്കെതിരെയും അവിടുത്തെ എട്ട് ഡോക്ടര്‍മാര്‍ക്കുമെതിരെയും എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രതികള്‍ക്ക് കോടതി സമന്‍സും അയച്ചിരുന്നു.

2009 നവംബര്‍ 29നാണ് എബിന്‍ ബൈക്കപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് കോതമംഗലം മാര്‍ ബസേലിയസ് ആശുപത്രിയിലെത്തിച്ച യുവാവിനെ അടുത്ത ദിവസം ലേക്‌ഷോറിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റുകയായിരുന്നു. പിന്നീട് തൊട്ടടുത്ത ദിവസം അഖിലിന് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചെന്ന് അറിയിക്കുകയും കരളും വൃക്കകളും മാറ്റിവെക്കുകയായിരുന്നു.

കൊല്ലം സ്വദേശിയായ ഡോ. ഗണപതിയാണ് സംഭവത്തില്‍ ദൂരൂഹത ആരോപിച്ച് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. യുവാവിന്റെ തലയില്‍ കട്ടപിടിച്ച രക്തം നീക്കം ചെയ്യാതെ ആശുപത്രി അധികൃതർ മസ്തിഷ്‌ക മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നാണ് പരാതി.
അവയവദാനത്തിന്റെ നടപടിക്രമങ്ങള്‍ ഒന്നും പാലിച്ചില്ലെന്നും പരാതിയുണ്ട്.

രക്തം കട്ടപിടിക്കാതിരിക്കാനുള്ള ചികിത്സ രണ്ട് ആശുപത്രികളും നല്‍കിയതായി രേഖകളിലില്ലെന്നും അവയവ ദാനം ചെയ്തതിലും ചട്ടലംഘനമുണ്ടായെന്നും കോടതി നിരീക്ഷിച്ചു. ഇതിന് പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

CONTENT HIGHLIGHTS: At least the organ was signed with the intention of living in others; Doubt that he killed his son: Eb’s mother

We use cookies to give you the best possible experience. Learn more