| Monday, 7th August 2023, 12:17 pm

ഇനിയെങ്കിലും പ്രതിപക്ഷ അംഗങ്ങളെ ടാര്‍ഗെറ്റ് ചെയ്യാതെ നന്നായി ഭരിക്കാന്‍ മോദി ശ്രമിക്കണം: ഖാര്‍ഗെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ എം.പി സ്ഥാനം പുനസ്ഥാപിച്ചതിലുള്ള സന്തോഷം പങ്കുവെച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഇത് വയനാട്ടിലെ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. പ്രതിപക്ഷ നേതാക്കളെ ടാര്‍ഗെറ്റ് ചെയ്യാതെ ഭരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മോദിയോടും അദ്ദേഹം ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.

‘രാഹുല്‍ ഗാന്ധിയുടെ എം.പി സ്ഥാനം പുനസ്ഥാപിക്കപ്പെട്ട തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഇത് വയനാട്ടിലെയും രാജ്യത്തെയും ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നു.

പ്രതിപക്ഷ നേതാക്കളെ ടാര്‍ഗെറ്റ് ചെയ്യുന്നതിന് പകരം എത്ര സമയമാണോ മോദി സര്‍ക്കാരിനും ബി.ജെ.പിക്കും ബാക്കിയുള്ളത് അത് നല്ല ഭരണത്തിന് വേണ്ടി മാറ്റി വെക്കു,’ അദ്ദേഹം പറഞ്ഞു.

ഇന്ത്യ സഖ്യത്തിലെ എം.പിമാര്‍ക്ക് മധുരം നല്‍കുന്ന വീഡിയോയും ഇതിനോടൊപ്പം ഖാര്‍ഗെ പങ്കുവെച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെയാണ് എം.പി സ്ഥാനം പുനസ്ഥാപിച്ച് കൊണ്ടുള്ള വിജ്ഞാപനം ലോക്‌സഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയത്. സഭ ചേരാന്‍ അല്‍പസമയം മാത്രം ബാക്കി നില്‍ക്കവേയാണ് വിജ്ഞാപനം ഇറക്കിയത്. വിജ്ഞാപനത്തിന് പിന്നാലെ രാഹുല്‍ പാര്‍ലമെന്റില്‍ എത്തിച്ചേര്‍ന്നു.

ലോക്‌സഭ സെക്രട്ടറി ജനറല്‍ ഉത്പല്‍ കുമാറായിരുന്നു എം.പി സ്ഥാനം പുനസ്ഥാപിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

രാഹുല്‍ ഗാന്ധിയെ കുറ്റക്കാരനാക്കി കൊണ്ടുള്ള വിധിക്ക് സുപ്രീം കോടതിയില്‍ നിന്നും സ്‌റ്റേ ലഭിച്ചത് കൊണ്ട് തന്നെ എം.പി സ്ഥാനം പുനസ്ഥാപിക്കുന്നുവെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.

134 ദിവസങ്ങള്‍ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധിക്ക് എം.പി സ്ഥാനം തിരിച്ച് ലഭിക്കുന്നത്. ലോക്‌സഭയില്‍ ചൊവ്വാഴ്ച അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കുകയാണ്. 90 മിനിറ്റാണ് ചര്‍ച്ചയില്‍ കോണ്‍ഗ്രസിന് സംസാരിക്കാന്‍ അനുവദിച്ചിട്ടുള്ളത്. രാഹുല്‍ ഗാന്ധി സഭയില്‍ വരുന്നതോട് കൂടി കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് സംസാരിക്കുന്നത് രാഹുലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓഗസ്റ്റ് നാലിനാണ് അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി വന്നത്. വിചാരണ കോടതിയുടെ പരമാവധി ശിക്ഷക്ക് സുപ്രീം കോടതി സ്റ്റേ അനുവദിക്കുകയായിരുന്നു.

2019 ഏപ്രിലില്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് രാഹുല്‍ ശിക്ഷിക്കപ്പെട്ടത്. തുടര്‍ന്ന് വയനാട് മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയായിട്ടുള്ള രാഹുലിന്റെ എം.പി.സ്ഥാനം നഷ്ടമായിരുന്നു.

കേസിലെ രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹരജി ഗുജറാത്ത് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് ആയിരുന്നു വിധി പുറപ്പെടുവിച്ചത്. സ്റ്റേ ചോദിക്കാന്‍ രാഹുലിന് അര്‍ഹതയില്ലെന്നും രാഹുലിനെതിരെ നിരവധി സമാനമായ കേസുകളുണ്ടെന്നുമാണ് ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നത്.

CONTENT HIGHLIGHTS: At least Modi should take care to govern well without targeting opposition members: Kharge

We use cookies to give you the best possible experience. Learn more