ഹസീന രാജിവെക്കണം; ബംഗ്ലാദേശിൽ പ്രക്ഷോഭം ആളിക്കത്തുന്നു, തൊണ്ണൂറിലേറെ മരണം
Worldnews
ഹസീന രാജിവെക്കണം; ബംഗ്ലാദേശിൽ പ്രക്ഷോഭം ആളിക്കത്തുന്നു, തൊണ്ണൂറിലേറെ മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th August 2024, 8:10 am

ധാക്ക: ഇരുന്നൂറിലേറെ പേർ കൊല്ലപ്പെട്ട വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്നാലെ ബംഗ്ലാദേശിൽ വീണ്ടും പ്രക്ഷോഭം ആളിക്കത്തുന്നു. പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ പതിനായിരക്കണക്കിന് പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകവും സ്റ്റോൺ ഗ്രനൈഡും ഉപയോഗിച്ചതിനെ തുടർന്ന് ഉണ്ടായ ആക്രമണത്തിൽ 91 പേർ കൊല്ലപ്പെട്ടു.

കൊല്ലപ്പെട്ടവരിൽ 14 പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. തലസ്ഥാന നഗരമായ ധാക്കയിലും വടക്കൻ ജില്ലകളായ ബോഗുര, ഫെനി എന്നിവിടങ്ങളിലും പൊലീസ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

സർക്കാർ ജോലികൾക്കുള്ള ക്വാട്ട സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ ജൂലൈയിൽ നടത്തിയ പ്രതിഷേധം 200 പേരുടെ മരണത്തിനിടയാക്കിയതോടെയാണ് ജനങ്ങൾ ഹസീനയുടെ രാജി ആവശ്യപ്പെട്ടത്.

നികുതിയും യൂട്ടിലിറ്റി ബില്ലുകളും അടക്കരുതെന്നും ബംഗ്ലാദേശിലെ പ്രവർത്തി ദിവസമായ ഞാറാഴ്ച ജോലിക്ക് പോകരുതെന്നും ആവശ്യപ്പെട്ട് പ്രതിഷേധക്കാർ നിസ്സഹകരണ സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

പ്രതിഷേധത്തിന്റെ പേരിൽ അട്ടിമറിയും ആക്രമണവും നടത്തുന്നവർ ഇപ്പോൾ വിദ്യാർത്ഥികളല്ല ക്രിമിനലുകളാണെന്നും ജനങ്ങൾ അവരെ ഇരുമ്പ് കൊണ്ട് നേരിടണമെന്നും ഹസീന പറഞ്ഞു.

പ്രക്ഷോഭത്തെ തുടർന്ന് അധികൃതർ ഇന്റർനെറ്റ് ആക്സസ് തടയുകയും ഷൂട്ട് ഓൺ സൈറ്റ് കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ആഴ്ചകളിലായി 11 ,000 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഹസീന രാജിവെക്കാതെ പിരിഞ്ഞ് പോകില്ലെന്ന് പ്രഖ്യാപിച്ച് ധാക്കയിൽ ആയിരക്കണക്കിന് ജനങ്ങൾ തടിച്ച് കൂടിയിട്ടുണ്ട്. അതോടൊപ്പം ബംഗ്ലാദേശ് സൈന്യവും പ്രക്ഷോഭകർക്കൊപ്പമാണെന്ന അഭ്യൂഹവും രാജ്യത്ത് ശക്തമാണ്. ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ കരസേനാ മേധാവി സൈന്യം എന്നും ജനങ്ങൾക്കൊപ്പമാണെന്ന് വ്യക്തമാക്കി. മുൻ കരസേനാ മേധാവികളും വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയറിയിച്ചിട്ടുണ്ട്.

വിമോചനയുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ പിൻതലമുറക്കാർക്കുള്ള 30 ശതമാനം സംവരണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർത്ഥി പ്രക്ഷോഭം ആരംഭിച്ചത്.
സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടായതിനെ തുടർന്ന് പ്രക്ഷോഭത്തിന്റെ തീവ്രത കുറഞ്ഞിരുന്നു. എന്നാൽ ജയിലിലടച്ചവരെ വിട്ടയക്കാൻ സർക്കാർ തയ്യാറായില്ല. തുടർന്ന് രാജ്യത്ത് വീണ്ടും പ്രക്ഷോഭം ആളിക്കത്തുകയായിരുന്നു.

ബംഗ്ലാദേശിലുള്ള ഇന്ത്യക്കാർ ജാഗ്രത പുലർത്തണമെന്നും ആവശ്യമെങ്കിൽ ഉടൻ തന്നെ ബന്ധപ്പെടണമെന്നും ഇന്ത്യൻ ഹൈക്കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.

 

 

Content Highlight: at least 90 killed as bangladesh protesters renew call for hasina  to quit