| Sunday, 19th December 2021, 8:48 am

ഫിലിപ്പീന്‍സില്‍ റായ് ചുഴലിക്കാറ്റില്‍ 75 മരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മനില: ഫിലിപ്പീന്‍സില്‍ വീശിയടിച്ച് റായ് ചുഴലിക്കാറ്റില്‍ 75ഓളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഫിലിപ്പീന്‍സില്‍ ഈ വര്‍ഷമുണ്ടായതില്‍ ഏറ്റവും നാശനഷ്ടവും ജീവഹാനിയുമുണ്ടാക്കിയ ചുഴലിക്കാറ്റാണിത്.

ദുരന്തബാധിത പ്രദേശങ്ങളില്‍ ഭക്ഷണമോ വെള്ളമോ പോലും എത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.

മൂന്ന് ലക്ഷത്തോളം ആളുകള്‍ വീടുകളില്‍ നിന്നും വിവിധ ബീച്ച് റിസോര്‍ട്ടുകളില്‍ നിന്നും ഒഴിഞ്ഞ് പോയിട്ടുണ്ട്. വൈദ്യുതിയും വിവിധ ആശയവിനിമയ മാര്‍ഗങ്ങളും ദുരന്തം കാരണം വിച്ഛേദിക്കപ്പെട്ട സ്ഥിതിയിലാണ്.

ബൊഹോല്‍ ദ്വീപില്‍ മാത്രം 49 പേര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും 10 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

പൊലീസും സൈന്യവും കോസ്റ്റ്ഗാര്‍ഡും മറ്റ് റെസ്‌ക്യൂ സര്‍വീസുകളും സംയുക്തമായാണ് ദുരന്തബാധിത പ്രദേശങ്ങളില്‍ തിരിച്ചിലിന് നേതൃത്വം നല്‍കുന്നത്.

ബൊഹോല്‍ ദ്വീപിലേക്ക് വേണ്ട ഭക്ഷണവും മറ്റ് ആവശ്യങ്ങളുമായി തിങ്കളാഴ്ച നാവികസേനയുടെ കപ്പല്‍ പുറപ്പെടുമെന്നും റിപ്പോര്‍ട്ടുണ്ട്.

വ്യാഴാഴ്ചയായിരുന്നു ചുഴലിക്കാറ്റ് ഫിലിപ്പീന്‍സിന്റെ തെക്ക്-കിഴക്കന്‍ ദ്വീപുകളില്‍ ആഞ്ഞടിച്ചത്. മണിക്കൂറില്‍ 195 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

പ്രകൃതിക്ഷോഭങ്ങള്‍ ഏറ്റവുമധികവും വേഗത്തിലും ബാധിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഫിലിപ്പീന്‍സ്. ശരാശരി 20 കൊടുങ്കാറ്റുകളും ചുഴലിക്കാറ്റുകളും രാജ്യത്ത് വര്‍ഷം തോറും ഉണ്ടാവാറുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: At least 75 dead in Philippines super typhoon

We use cookies to give you the best possible experience. Learn more