| Monday, 7th June 2021, 8:00 pm

പാകിസ്താനില്‍ പാളം തെറ്റിയ ട്രെയിനില്‍ മറ്റൊരു ട്രെയിനിടിച്ചു; 50 മരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കറാച്ചി: പാകിസ്താനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 50 പേര്‍ മരിച്ചു. 70 പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. തെക്കന്‍ സിന്ധ് പ്രവിശ്യയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. 14 ഓളം ബോഗികള്‍ പാളംതെറ്റുകയും ആറു ബോഗികള്‍ പൂര്‍ണമായും തകരുകയും ചെയ്തിട്ടുണ്ട്.

മരിച്ചവരില്‍ സ്ത്രീകളും റെയില്‍വേ ജീവനക്കാരും ഉള്‍പ്പെടുന്നുവെന്നാണു റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരെ പ്രവേശിപ്പിക്കുന്നതിന്റെ ഭാഗമായി സമീപ പ്രദേശങ്ങളിലെ ആശുപത്രികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രദേശത്തു രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായതിനാല്‍ സൈന്യത്തിന്റേയും അര്‍ധ സൈനിക വിഭാഗങ്ങളുടേയും സഹായം തേടിയിട്ടുണ്ട്.

പാളംതെറ്റി അടുത്ത ട്രാക്കിലേക്കു മറിഞ്ഞ ട്രെയിനില്‍ മറ്റൊരു ട്രെയിന്‍ ഇടിക്കുകയായിരുന്നു. കറാച്ചിയില്‍ നിന്നും സര്‍ഗോദയിലേക്കുള്ള മില്ലാറ്റ് എക്‌സ്പ്രസ് പാളം തെറ്റി മറിയുകയും എതിരേ വന്ന സര്‍ സയ്യിദ് എക്‌സ്പ്രസ്സ് ഇതിന്‍മേല്‍ ഇടിക്കുകയുമായിരുന്നെന്നു പാകിസ്താന്‍ റെയില്‍വേ വക്താവു പറഞ്ഞു.

അപകടം നടന്നു രണ്ടു മണിക്കൂറുകള്‍ക്കു ശേഷം പ്രദേശവാസികളാണു രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയതെന്നു സയ്യദ് എക്പ്രസിന്റെ ലോക്കോ പൈലറ്റ് മാധ്യമങ്ങളോടു പറഞ്ഞു. ട്രെയിന്‍ സാധാരണ വേഗതയിലാണു സഞ്ചരിച്ചിരുന്നതെന്നും പെട്ടന്നാണു ട്രാക്കില്‍ മില്ലന്റ് എക്സ്പ്രസിന്റെ ബോഗികള്‍ കണ്ടെതെന്നും അദ്ദേഹം പറഞ്ഞു. അടുത്തെത്തിയതിനാല്‍ ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്നും ലോക്കോ പൈലറ്റ് കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTNENT HIGHLIGHTS: At least 50 people have been killed in a train crash in Pakistan

We use cookies to give you the best possible experience. Learn more