ന്യൂദല്‍ഹി: രാജ്യത്ത് ആകെ ജനസംഖ്യയുടെ 30 ശതമാനം പേര്‍ക്കും ആരോഗ്യപരിരക്ഷയില്‍ ഒരു സഹായവും ലഭിക്കുന്നില്ലെന്ന് നീതി ആയോഗിന്റെ റിപ്പോര്‍ട്ട്. ‘ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഫോര്‍ ഇന്ത്യാസ് മിസിങ് മിഡില്‍’ എന്ന റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍.
റിപ്പോര്‍ട്ട് പ്രകാരം 40 കോടി ജനങ്ങള്‍ക്കാണ് ആരോഗ്യപരിരക്ഷയ്ക്ക് സഹായം ലഭിക്കാത്തത്.
70 കോടി പേര്‍ ആയുഷ്മാന്‍ ഭാരത് വഴി കേന്ദ്രസര്‍ക്കാരിന്റേയും മറ്റ് പദ്ധതികള്‍ വഴി സംസ്ഥാന സര്‍ക്കാരുകളുടേയും ഗുണഭോക്താക്കളാണ്. 25 കോടിയോളം പേര്‍ സാമൂഹികസുരക്ഷ പദ്ധതികളിലും സ്വകാര്യ ഇന്‍ഷുറന്‍സ് പദ്ധതികളിലുമായുണ്ട്.
ജനസംഖ്യയുടെ 30 ശതമാനം വരുന്ന ബാക്കി 40 കോടി പേര്‍ ഇവയില്‍ നിന്നെല്ലാം പുറത്താണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. രാജ്യത്തെ മൂന്നില്‍ രണ്ടുപേരും ആശ്രയിക്കുന്നത് സ്വകാര്യആശുപത്രികളെയാണ്.
ഇവരില്‍ ഭൂരിഭാഗവും ഗ്രാമങ്ങളില്‍ കാര്‍ഷിക-കാര്‍ഷികേതര മേഖലകളില്‍ സ്വയംതൊഴിലെടുക്കുന്നവരും നഗരങ്ങളില്‍ അസംഘടിത മേഖലകളില്‍ പണിയെടുക്കുന്നവരുമാണ്.
ആരോഗ്യഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ വന്‍തോതില്‍ പണം ചെലവിടണം. പല കുടുംബങ്ങളും തകരുന്നതിന് ഇത് ഇടയാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
ഇ.എസ്.ഐ.സി, പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന പോലുള്ള പദ്ധതികള്‍ അവസാനിച്ച മട്ടാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം എല്ലാവരേയും ആരോഗ്യപരിരക്ഷയില്‍ ഉള്‍പ്പെടുത്തുന്നതിന് സര്‍ക്കാരും സ്വകാര്യമേഖലയും ഒരുമിച്ച് നില്‍ക്കണമെന്ന് നീതി ആയോഗ് അംഗം വി.കെ. പോള്‍ പറഞ്ഞു.
ആരോഗ്യമേഖലയില്‍നിന്ന് കേന്ദ്രം കൂടുതല്‍ പിന്മാറുമെന്ന് സൂചിപ്പിക്കുന്നതാണ് നീതി ആയോഗ് റിപ്പോര്‍ട്ടെന്ന് ഇതിനോടകം വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: At Least 40 Cr Individuals Don’t Have Any Financial Protection for Health: Niti Aayog