ഖാൻ യൂനിസിൽ മൂന്ന് കൂട്ടകുഴിമാടങ്ങളില്‍ നിന്ന് ഇസ്രഈല്‍ കൊലപ്പെടുത്തിയ 392 ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു
World News
ഖാൻ യൂനിസിൽ മൂന്ന് കൂട്ടകുഴിമാടങ്ങളില്‍ നിന്ന് ഇസ്രഈല്‍ കൊലപ്പെടുത്തിയ 392 ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 27th April 2024, 12:30 pm

ജെറുസലേം: ഗസയിലെ ഖാൻ യൂനിസിലെ നാസര്‍ ഹോസ്പിറ്റലിന് സമപീത്തെ മൂന്ന് കൂട്ടകുഴിമാടങ്ങളില്‍ നിന്ന് ഇസ്രഈല്‍ കൊലപ്പെടുത്തിയ 392 ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു.

നേരത്തെയും നിരവധി കൂട്ടകുഴിമാടങ്ങള്‍ തെക്കന്‍ ഗസയില്‍ കണ്ടെത്തിയിരുന്നു. അല്‍ ഷിഫ ഹോസ്പിറ്റലിന്റെയും നാസര്‍ ഹോസ്പിറ്റലിന്റെയും പരിസരത്തു നിന്നും നിരവധി മൃതദേഹങ്ങളാണ് അന്ന് കണ്ടെടുത്തിയിരുന്നത്. ഇസ്രഈല്‍ പട്ടാളം പിന്‍വാങ്ങിയ ഏപ്രില്‍ 7നു ശേഷമാണ് തെക്കന്‍ ഗസയില്‍ നിന്നും ഇത്തരത്തിലുള്ള കൂട്ടകുഴിമാടങ്ങള്‍ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഫലസ്തീനികളോട് ഇസ്രഈല്‍ സൈന്യം കാണിക്കുന്ന ക്രൂരതയുടെ ഏറ്റവും വലിയ തെളിവുകളാണ് അവിടെ നിന്നും വരുന്ന വീഡിയോകള്‍. കുഴിമാടങ്ങളില്‍ നിന്നും കണ്ടെത്തിയ മൃതദേഹങ്ങളിലെ മുറിവുകളും പാടുകളും സൂചിപ്പിക്കുന്നത് ഫലസ്തീനികള്‍ അതിക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ട് എന്നാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

”മരിച്ചവരില്‍ 227 പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് തിരിച്ചറിയാന്‍ സാധിച്ചത്, 165 പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല ” ഗസ സിവില്‍ ഡിഫന്‍സ് ഏജന്‍സിയുടെ തലവന്‍ യമന്‍ അബ്ദുസുലൈമാന്‍ പറഞ്ഞു. ഏപ്രില്‍ 25ന് തെക്കന്‍ റഫയില്‍വെച്ചു നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇരകള്‍ക്ക് നേരെ നടന്നത് വലിയ തരത്തിലുള്ള പീഡനങ്ങളാണ്, ആളുകളെ ജീവനോടെ വരെ കുഴിച്ചുമൂടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആംബുലന്‍സും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. കണ്ടെത്തിയ മൃതദേഹങ്ങളിലധികവും മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. മിക്കവയും കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലും, വയറുകള്‍ തുറന്ന നിലയിലുമാണ്. ആശുപത്രികളിലെ സ്ട്രിപ്പും ദേഹത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്.

ഇരകളില്‍ പലരുടെയും അവയവങ്ങള്‍ നഷ്ടപെട്ടതായും സംശയമുണ്ടെന്നും വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. മൃതദേഹങ്ങള്‍ എളുപ്പത്തില്‍ സംസ്‌കരിക്കുന്നതിനും തെളിവ് നശിപ്പിക്കുന്നതിനുമായി പ്ലാസ്റ്റിക് കവറുകളിലും ബാഗുകളിലുമാക്കിയാണ് കുഴിച്ചിട്ടിരിക്കുന്നത്. കേവലം മൂന്ന് മീറ്റര്‍ താഴ്ചയിലാണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടത്.

Content Highlight: At least 392 bodies from 3 mass graves recovered in Khan Younis