| Sunday, 16th March 2025, 12:19 pm

സർക്കാർ നിയമ ഓഫീസർമാരിൽ കുറഞ്ഞത് 30% എങ്കിലും സ്ത്രീകളായിരിക്കണം: ജസ്റ്റിസ് ബി. വി. നാഗരത്ന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: സർക്കാർ നിയമ ഓഫീസർമാരിൽ കുറഞ്ഞത് 30 ശതമാനമെങ്കിലും സ്ത്രീകളായിരിക്കണമെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി. വി. നാഗരത്ന. പൊതുമേഖലയിലെ നിയമ ഉപദേഷ്ടാക്കളുടെ എംപാനൽമെന്റിലും എല്ലാ സംസ്ഥാന സർക്കാരിന്റെ സ്ഥാപനങ്ങളിലും ഏജൻസികളിലും കുറഞ്ഞത് 30% എങ്കിലും സ്ത്രീകളായിരിക്കണമെന്ന് ജസ്റ്റിസ് ബി. വി. നാഗരത്ന പറഞ്ഞു.

‘ബ്രേക്കിങ് ദി ഗ്ലാസ് സിലിങ്: വുമൺ ഹൂ മേഡ് ഇറ്റ്’ എന്ന വിഷയത്തിൽ ശനിയാഴ്ച നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ്. പ്രൊഫഷണൽ ഇടങ്ങളിലെ, പ്രത്യേകിച്ച് നിയമരംഗത്തെ ലിംഗപരമായ തടസങ്ങൾ ഇല്ലാതാക്കുന്നതിന് ആവശ്യമായ വിവിധ നടപടികളെക്കുറിച്ച് സെമിനാറിൽ ജസ്റ്റിസ് ചർച്ച ചെയ്തു. ബെഞ്ചിലേക്കുള്ള സ്ഥാനക്കയറ്റത്തിലും ലിംഗവൈവിധ്യം ഉറപ്പാക്കണമെന്ന് അവർ പറഞ്ഞു.

‘ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിയമ ഓഫീസർമാരിൽ കുറഞ്ഞത് 30% എങ്കിലും സ്ത്രീകളായിരിക്കണം. കൂടാതെ, പൊതുമേഖലയിലെ നിയമ ഉപദേഷ്ടാക്കളുടെ എംപാനൽമെന്റിൽ കുറഞ്ഞത് 30% സ്ത്രീകളായിരിക്കണം, അതുപോലെ എല്ലാ സംസ്ഥാന സ്ഥാപനങ്ങളിലും ഏജൻസികളിലും സ്ത്രീകൾ വേണം. കൂടാതെ, ഹൈക്കോടതികളിലേക്ക് യോഗ്യതയുള്ള വനിതാ അഭിഭാഷകരെ നിയമിക്കുന്നത് ബെഞ്ചിൽ കൂടുതൽ വൈവിധ്യം ഉണ്ടാക്കും. ഹൈക്കോടതികളിൽ 45 വയസ്സിൽ താഴെ പ്രായമുള്ള പുരുഷ അഭിഭാഷകരെ പോലും നിയമിക്കാൻ കഴിയുമെങ്കിൽ, എന്തുകൊണ്ട് കഴിവുള്ള വനിതാ അഭിഭാഷകരെ ആയിക്കൂടാ,’ ജസ്റ്റിസ് നാഗരത്ന ചോദിച്ചു.

സ്ത്രീ ശാക്തീകരണത്തിലേക്കുള്ള ആദ്യപടിയായി, പെൺകുട്ടികൾ വിദ്യാഭ്യാസം നേടേണ്ടതിന്റെ പ്രാധാന്യം ജസ്റ്റിസ് നാഗരത്ന എടുത്ത് പറഞ്ഞു. ‘പെൺകുട്ടികൾ വിദ്യാഭ്യാസം നേടുമ്പോൾ, വലിയ സ്വപ്നങ്ങൾ കാണാനും, അവരുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും പിന്തുടരാനുമുള്ള കഴിവ് അവർക്ക് ലഭിക്കുന്നു. പശ്ചാത്തലമോ സാമൂഹിക സാമ്പത്തിക നിലയോ പരിഗണിക്കാതെ, ഓരോ പെൺകുട്ടിക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാകുന്നുണ്ടെന്ന് നാം ഉറപ്പാക്കണം,’ അവർ പറഞ്ഞു.

വിദ്യാഭ്യാസത്തിനപ്പുറം, തൊഴിൽ മേഖലയിലും അവരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് ജസ്റ്റിസ് പറഞ്ഞു. സ്ത്രീകളെ പിന്നോട്ട് നിർത്തുന്ന ആഴത്തിൽ വേരൂന്നിയ സ്റ്റീരിയോടൈപ്പുകളും പക്ഷപാതങ്ങളും പൊളിച്ചുമാറ്റണമെന്നും അവർ പറഞ്ഞു. ചിന്താഗതികൾ മാറ്റുന്നതിനും ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനും തുല്യത ഉറപ്പുവരുത്തുന്നതുമായൊരു സമൂഹം സൃഷ്ടിക്കുന്നതിനുമുള്ള ബോധപൂർവമായ ശ്രമം ഇതിന് ആവശ്യമാണെന്ന് ജസ്റ്റിസ് ബി. വി. നാഗരത്ന കൂട്ടിച്ചേർത്തു.

പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും 33% വനിതാ സംവരണം നൽകുന്നതിനുള്ള ഭരണഘടനാ ഭേദഗതി പാസാക്കിയിട്ടുണ്ടെങ്കിലും നിയമം നടപ്പാക്കുന്നത് മാറ്റിവച്ചിരിക്കുകയാണെന്ന് ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി. 2024 വരെ ലോക്സഭാ സീറ്റുകളിൽ 14% ഉം രാജ്യസഭയിൽ 15% ഉം മാത്രമേ സ്ത്രീകൾ കൈവശം വച്ചിട്ടുള്ളൂവെന്നും മന്ത്രി സ്ഥാനങ്ങളിൽ 7% ൽ താഴെ മാത്രമേ സ്ത്രീകൾക്ക് ഉണ്ടായിരുന്നുള്ളൂവെന്നും അവർ ചൂണ്ടിക്കാട്ടി.

Content Highlight: At Least 30% Of Govt Law Officers Must Be Women : Justice BV Nagarathna

Latest Stories

We use cookies to give you the best possible experience. Learn more