ഇസ്രഈലിനുള്ള അമേരിക്കയുടെ പിന്തുണക്കെതിരെ വൈറ്റ് ഹൗസിലേക്ക് മാര്‍ച്ച് നടത്തി ഫലസ്തീന്‍ അനുകൂല പ്രതിഷേധക്കാര്‍
World News
ഇസ്രഈലിനുള്ള അമേരിക്കയുടെ പിന്തുണക്കെതിരെ വൈറ്റ് ഹൗസിലേക്ക് മാര്‍ച്ച് നടത്തി ഫലസ്തീന്‍ അനുകൂല പ്രതിഷേധക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th June 2024, 1:04 pm

വാഷിങ്ടണ്‍: ഇസ്രഈലിനുള്ള അമേരിക്കയുടെ പിന്തുണക്കെതിരെ വൈറ്റ് ഹൗസിലേക്ക് മാര്‍ച്ച് നടത്തി ഫലസ്തീന്‍ അനുകൂല പ്രതിഷേധക്കാര്‍. ഏകദേശം 30,000 ത്തോളം വരുന്ന പ്രതിഷേധക്കാരാണ് മാര്‍ച്ച് നടത്തിയത്.

പ്രതിഷേധത്തില്‍ പങ്കെടുത്ത ആക്ടിവിസ്റ്റ് ഗ്രൂപ്പുകളിലൊന്നായ ആന്‍സര്‍ കൊളീഷന്‍ ചുവന്ന നിറത്തിലുള്ള ബാനര്‍ ഉയര്‍ത്തി. റഫയിലെ അതിര്‍ത്തി മറികടക്കാന്‍ ഇസ്രഈലിന് പിന്തുണ നല്‍കിയെന്ന് സൂചിപ്പിക്കുന്ന ചുവന്ന വരയുള്ള ബാനര്‍ ആണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്.

‘ചുവന്ന വര’യുടെ പ്രതീകമായി വൈറ്റ് ഹൗസിന് ചുറ്റും രണ്ട് മൈല്‍ നീളമുള്ള ബാനറില്‍ ശരീരം പൊതിഞ്ഞുകൊണ്ടാണ് പ്രതിഷേധക്കാര്‍ നിന്നത്. പ്രകടനത്തിന്റെ നിരവധി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പ്രതിഷേധക്കാര്‍ കൂടുതലും ചുവന്ന വസ്ത്രങ്ങള്‍ ധരിച്ച്, പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തികൊണ്ടാണ് പ്രകടനം നടത്തിയത്.

ഗസയിലെ ഉപരോധം ഉടനടി അവസാനിപ്പിക്കുക, വെടിനിര്‍ത്തല്‍ ആവശ്യപ്പെടുക, ഇസ്രഈല്‍ അധിനിവേശം അവസാനിപ്പിക്കുക, യു.എസിന്റെ ഇസ്രഈലിനുള്ള സൈനിക സഹായം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ വൈറ്റ് ഹൗസിനു ചുറ്റും നിലയുറപ്പിച്ചത്.

ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. വൈറ്റ് ഹൗസിലേക്കുള്ള പ്രധാന റോഡ് അടച്ചതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

സര്‍വ്വകലാശാല പ്രക്ഷോഭം ഉള്‍പ്പെടെ മാസങ്ങളായി പലസ്തീന്‍ അനുകൂല പ്രതിഷേധക്കാര്‍ യു.എസില്‍ മാര്‍ച്ചുകളും പ്രകടനങ്ങളും നടത്തുന്നുണ്ട്. അമേരിക്കയുടെ ഇസ്രഈലിനോടുള്ള നിലപാടില്‍ പ്രതിഷേധിച്ച് ഓരോ ദിവസവും ഉയര്‍ന്നു വരുന്നത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ്.

ഉദ്യോഗസ്ഥ തലത്തിലും ബൈഡനെതിരെ വ്യാപക എതിര്‍പ്പുകളാണ് വരുന്നത്. ബൈഡന്റെ നയത്തോടുള്ള എതിര്‍പ്പ് ചൂണ്ടിക്കാട്ടി കുറഞ്ഞത് എട്ട് ഉദ്യോഗസ്ഥരെങ്കിലും അടുത്തിടെ മന്ത്രിസഭയില്‍ നിന്ന് രാജി വെച്ചിരുന്നു.

Content Highlight: At least 30,000 pro-Palestinian protesters descend upon White House