വെല്ലിങ്ങ്ടണ്‍: ന്യൂസിലാന്‍ഡില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മത സ്ഥാപനങ്ങളിലുമായി പീഡിപ്പിക്കപ്പെട്ടത് 250,000 പേരെന്ന് റോയല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്.
1950 മുതല്‍ 1999 വരെയുള്ള കാലയളവില്‍ 250,000 പേര്‍ പീഡിപ്പിക്കപ്പെട്ടു എന്ന ഞെട്ടിക്കുന്ന കണക്കാണ് ന്യൂസിലാന്‍ഡില്‍ നിന്നും പുറത്ത് വരുന്നത്.
മത സ്ഥാപനങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമായി ശാരീരികമായും ലൈംഗികമായും ദുരുപയോഗം ചെയ്യപ്പെട്ടവരുടെ കണക്കുകള്‍ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് കമ്മീഷന്‍ വ്യക്തമാക്കുന്നത്.
കുട്ടികള്‍ക്കും, കൗമാരക്കാര്‍ക്കും മാനസിക പ്രയാസങ്ങള്‍ നേരിടുന്ന മുതിര്‍ന്നവര്‍ക്കും നേരെ നടന്ന പീഡനങ്ങളെ കുറിച്ചാണ് കമ്മീഷന്‍ അന്വേഷിച്ചത്. കൂടുതല്‍ കുട്ടികളും ശാരീരികവും ലൈംഗികവുമായാണ് ഉപദ്രവിക്കപ്പെട്ടതെന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.
2018ല്‍ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡനാണ് റോയല്‍ കമ്മീഷനെ അന്വേഷണത്തിന് നിയോഗിച്ചത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ കുട്ടികള്‍ ദുരുപയോഗം ചെയ്യപ്പെട്ടത് അംഗീകരിക്കാനാകില്ലെന്നും നമ്മുടെ ചരിത്രത്തില്‍ സംഭവിച്ച ഇത്തരത്തിലുള്ള തെറ്റുകള്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കാതിരിക്കാന്‍ അന്വേഷണം നിര്‍ബന്ധമാണെന്നുമായിരുന്നു അന്ന് അന്വേഷണം പ്രഖ്യാപിച്ചുകൊണ്ട് ജസീന്ത ആര്‍ഡന്‍ പറഞ്ഞത്.