ന്യൂയോര്‍ക്ക്: അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പ് നടക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. കഴിഞ്ഞ ദിവസം ടെക്‌സസിലെ ഒരു പ്രൈമറി സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ 18 കുട്ടികളടക്കം കുറഞ്ഞത് 21 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ചൊവ്വാഴ്ച നടന്ന സംഭവത്തില്‍ മരിച്ച 21 പേരില്‍ ഒരാള്‍ സ്‌കൂളിലെ ടീച്ചറാണ്. അഞ്ച് മുതല്‍ 11 വയസ് വരെ പ്രായമുള്ള കുട്ടികളാണ് പ്രൈമറി സ്‌കൂളിലുള്ളത്.
സൗത്ത് ടെക്‌സസിലെ ഉവാല്‍ഡേ നഗരത്തിലെ റോബ്ബ് എലമെന്ററി സ്‌കൂളിലായിരുന്നു സംഭവം. 18 വയസുള്ള ഒരാള്‍ തോക്കുമായി വന്ന് വെടിയുതിര്‍ക്കുകയായിരുന്നു.
പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരെത്തി നടത്തിയ പ്രത്യാക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടു. ഇയാളുടെ കയ്യില്‍ സെമി ഓട്ടോമാറ്റിക് റൈഫിളും ഒരു ഹാന്‍ഡ് ഗണും ഉണ്ടായിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്.
2012ല്‍ യു.എസിലെ സാന്‍ഡി ഹൂകില്‍ നടന്ന വെടിവെപ്പില്‍ 20 കുട്ടികളടക്കം 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിന് ശേഷം രാജ്യത്തെ ഒരു സ്‌കൂളില്‍ നടന്ന ഏറ്റവും വലിയ വെടിവെപ്പാണ് കഴിഞ്ഞ ദിവസം ടെക്‌സസില്‍ നടന്നത്.