| Tuesday, 21st May 2024, 8:23 am

അന്ന് പോക്സോ കേസ് വിധിയിൽ സുപ്രീം കോടതിയിൽ നിന്ന് വിമർശനം, ഇന്ന് ആർ.എസ്.എസുകാരനാണെന്ന് വെളിപ്പെടുത്തി കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: വിരമിക്കല്‍ ചടങ്ങില്‍ ആര്‍.എസ്.എസ് ബന്ധം വെളിപ്പെടുത്തി കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ചിത്തരഞ്ജന്‍ ദാസ്. വിരമിക്കല്‍ ദിവസം നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തിലാണ് താന്‍ ആര്‍.എസ്.എസ് അംഗമായിരുന്നെന്ന് അദ്ദേഹം പറഞ്ഞത്.

താന്‍ മുമ്പ് ആര്‍.എസ്.എസ് അംഗമായിരുന്നെന്നും വിളിച്ചാല്‍ സംഘടനയിലേക്ക് മടങ്ങാന്‍ ആഗ്രഹമുണ്ടെന്നും ചിത്തരഞ്ജന്‍ ദാസ് പറഞ്ഞു.

‘ഇന്ന് എനിക്ക് എന്റെ യഥാര്‍ത്ഥ സ്വത്വം വെളിപ്പെടുത്തണം. കുട്ടിക്കാലം മുതലേ ഞാന്‍ ആര്‍.എസ്.എസിലെ അംഗമാണ്. ഞാന്‍ എന്നും സംഘടനയോട് കടപ്പെട്ടിരിക്കും. എന്റെ സ്വഭാവ രൂപീകരണത്തിലും വളര്‍ച്ചയിലുമെല്ലാം ആര്‍.എസ്.എസ് പങ്കുവഹിച്ചിട്ടുണ്ട്,’ ചിത്തരഞ്ജന്‍ ദാസ് പറഞ്ഞു.

ഔദ്യോഗിക ജോലിയില്‍ പ്രവേശിച്ചതിന് ശേഷം 37 വര്‍ഷക്കാലം സംഘടനയില്‍ നിന്ന് വിട്ട് നില്‍ക്കേണ്ടി വന്നു. എന്നാല്‍ കരിയറിലെ ഒരു പുരോഗതിക്കും ഞാന്‍ ഒരിക്കലും സംഘടനയിലേക്കുള്ള എന്റെ അംഗത്വം ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി വ്യത്യാസം കാണിക്കാതെയും, പാവപ്പെട്ടവനെന്നോ പണക്കാരനാണെന്നോ വ്യത്യാസം കാണിക്കാതെയാണ് എന്നും നീതി നടപ്പാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘രണ്ട് തത്വങ്ങളില്‍ ഊന്നി നീതി നടപ്പാക്കാനാണ് ഞാന്‍ ശ്രമിച്ചത്. ഒന്നാമത്തെ തത്വം സഹാനുഭൂതിയാണ്. നീതി നടപ്പാക്കാന്‍ വേണ്ടി ഒരുപക്ഷെ നിയമം വളച്ചൊടിക്കപ്പെട്ടേക്കാം. എന്നാല്‍ നീതിയെ നിയമത്തിനനുസരിച്ച് വളച്ചൊടിക്കാന്‍ ആകില്ലെന്നതാണ് രണ്ടാമത്തെ തത്വം,’ ചിത്തരഞ്ജന്‍ ദാസ് പറഞ്ഞു.

എന്നാല്‍ 2023 ഒക്ടോബറില്‍ ജസ്റ്റിസ് ചിത്തരഞ്ജന്‍ ദാസ് പുറപ്പെടുവിച്ച പോക്‌സോ കേസ് വിധി സുപ്രീം കോടതിയില്‍ നിന്ന് വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. പോക്‌സോ കേസിലെ ഒരു അപ്പീലിലെ വിധിയില്‍ ‘രണ്ട് മിനിറ്റിന്റെ ലൈംഗിക സുഖം ആസ്വദിക്കുന്നതിനു വേണ്ടി അവള്‍ വഴങ്ങുമ്പോള്‍, സമൂഹത്തിന്റെ കണ്ണില്‍ സ്ത്രീക്കാണ് എല്ലാം നഷ്ടപ്പെടുന്നത്. അതുകൊണ്ടുതന്നെ സ്ത്രീകള്‍ ലൈംഗിക ചോദന/പ്രേരണകള്‍ നിയന്ത്രിക്കേണ്ടതാണെന്നാണ് വിധി പ്രസ്താവത്തില്‍ ജസ്റ്റിസ് ചിത്തരഞ്ജന്‍ ദാസ് പറഞ്ഞത്.

പരാമര്‍ശത്തില്‍ സുപ്രീം കോടതി അന്ന് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇത്തരം വിധിയില്‍ ജഡ്ജിമാര്‍ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കരുതെന്നും സുപ്രീം കോടതി താക്കീത് ചെയ്തു. കൗമാരക്കാരുടെ അവകാശങ്ങളുടെ പൂര്‍ണമായ ലംഘനമാണ് ഉത്തരവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

Content Highlight: At his farewell, Calcutta HC Judge says he’s RSS member, ready to go back

We use cookies to give you the best possible experience. Learn more