| Monday, 3rd October 2022, 10:49 am

മഹിഷാസുരന് പകരം 'ഗാന്ധി'യുടെ രൂപം; ദുര്‍ഗാ പൂജക്ക് ഹിന്ദു മഹാസഭ സ്ഥാപിച്ച പ്രതിമ വിവാദത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ഹിന്ദു മഹാസഭ കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച ദുര്‍ഗാ പൂജയുടെ ഭാഗമായി സ്ഥാപിച്ച പ്രതിമ വിവാദത്തില്‍. അസുര രാജാവായ മഹിഷാസുരനെ വധിക്കുന്ന ദുര്‍ഗാ ദേവിയുടെ ആരാധനാ പ്രതിമയില്‍ മഹിഷാസുരന് പകരം രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയോട് സാമ്യമുള്ള രൂപമാണ് ഹിന്ദു മഹാസഭ സ്ഥാപിച്ചിരിക്കുന്നത്.

ഗാന്ധി ജയന്തി ദിനത്തില്‍ സ്ഥാപിച്ച പ്രതിമയില്‍ അസുരന് പകരം വെച്ച രൂപത്തില്‍ മൊട്ടത്തലയും, വട്ട കണ്ണടയും, ധോത്തിയും ധരിച്ച വൃദ്ധനായ മനുഷ്യനെ ദുര്‍ഗാ ദേവി വധിക്കുന്നതായി കാണാം. സംഭവം വിവാദമായതോടെ രൂപത്തിലെ സാമ്യം യാദൃശ്ചികമാണെന്ന വാദവുമായി ഹിന്ദു മഹാസഭ രംഗത്തെത്തി.

മാധ്യമ പ്രവര്‍ത്തകനായ ഇന്ദ്രദീപ് ഭട്ടാചാര്യയാണ് വിവാദ പ്രതിമയുടെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ആഘോഷങ്ങള്‍ക്കിടയില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ ഇതിടയാക്കുമെന്ന പൊലീസ് നിര്‍ദേശത്തെത്തുടര്‍ന്ന് ട്വീറ്റ് നീക്കം ചെയ്യുകയായിരുന്നു എന്നാണ് ദി വയര്‍(The Wire) റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതിനെത്തുടര്‍ന്ന് ബംഗാളി ടെലിവിഷന്‍, വാര്‍ത്താ മാധ്യമങ്ങളില്‍ വിവാദമായ പ്രതിമയുടെ ചിത്രങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ ഹിന്ദു മഹാസഭക്കെതിരെ പൊലീസിന് പരാതികള്‍ ലഭിക്കുകയായിരുന്നു.

‘മുമ്പ് ആരാധിച്ചിരുന്ന വിഗ്രഹത്തിലും ഗാന്ധിയുടെ സമാനമായ രൂപമായിരുന്നു മഹിഷാസുരന്റെ സ്ഥാനത്ത് ഉണ്ടായിരുന്നത്. സമാനതകള്‍ യാദൃശ്ചികമാണ്. പൊലീസ് ഞങ്ങളോട് വിഗ്രഹത്തിലെ ഗാന്ധിയുടെ രൂപം മാറ്റാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അത് മാറ്റാന്‍ ഞങ്ങള്‍ ബാധ്യസ്ഥരായതിനാല്‍ രൂപത്തിന് മീശയും മുടിയും വെച്ചിട്ടുണ്ട്,’ ഹിന്ദു മഹാസഭാ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ചന്ദ്രചൂര്‍ ഗോസ്വാമി പി.ടി.ഐയോട് പറഞ്ഞു.

മഹിഷാസുരനെ മനുഷ്യരൂപങ്ങളുമായി താരതമ്യപ്പെടുത്തുന്നത് ഇതാദ്യമായല്ലെങ്കിലും, ഗാന്ധി ജയന്തി ദിനത്തില്‍ ഇത്തരമൊരു നീക്കത്തിലേക്ക് ഹിന്ദു മഹാസഭ കടന്നതില്‍ സമൂഹ മാധ്യമങ്ങളിലും പ്രതിഷേധങ്ങള്‍ ശക്തമാകുന്നുണ്ട്.

അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളായ സി.പി.ഐ.എമ്മും, കോണ്‍ഗ്രസും, ബി.ജെ.പിയും ഹിന്ദു മഹാസഭയുടെ നീക്കത്തിനെതിരെ രംഗത്തെത്തി.

‘അതിക്രമമല്ലാതെ മറ്റൊന്നുമല്ല. ഇത് രാഷ്ട്രപിതാവ് ഗാന്ധിയോടുള്ള അപമാനമാണ്. രാജ്യത്തെ ഓരോ പൗരനും ഇത് അപമാനമാണ്. ഇത്തരമൊരു അപമാനത്തെക്കുറിച്ച് ബി.ജെ.പി എന്ത് പറയും? ഗാന്ധിജിയുടെ ഘാതകന്‍ ഏത് പ്രത്യയശാസ്ത്ര ക്യാമ്പില്‍ പെട്ടയാളാണെന്ന് ഞങ്ങള്‍ക്കറിയാം,’ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു

‘ഹിന്ദു മഹാസഭ ഇത്തരമൊരു നീക്കം നടത്തിയത് നിര്‍ഭാഗ്യകരമാണ്. ഞങ്ങള്‍ അതിനെ അപലപിക്കുന്നു. ഇത് മോശം പ്രവര്‍ത്തിയാണ്,’ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സുകാന്ത മജുംദാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘ഇതാണ് ബി.ജെ.പി, ഇതാണ് സംഘപരിവാര്‍. അവര്‍ക്ക് രാജ്യത്തെ വിഭജിക്കാന്‍ മാത്രമേ അറിയൂ. ബ്രിട്ടീഷ് വിരുദ്ധ ശക്തികളെ ‘അസുര’നായും ബ്രിട്ടീഷുകാരെ ദുര്‍ഗയായും അവര്‍ കണക്കാക്കുന്നു,’ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം സമിക് ലാഹിരി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസ് പശ്ചിമ ബംഗാള്‍ അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെയും മമതാ ബാനര്‍ജിയേയും വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തി.

‘ഈ പൂജയുടെ സംഘാടകര്‍ തന്നെയാണ് രാജ്യം ഭരിക്കുന്നതും. ഇത് രാജ്യവിരുദ്ധമാണ്. അവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണം. ബംഗാളില്‍ ആര്‍.എസ്.എസ്സിന്റെ ഏറ്റവും വലിയ വിപുലീകരണം നടന്നത് മമതാ ബാനര്‍ജിയുടെ ഭരണകാലത്താണ്. പൊലീസ് ഈ പൂജക്കെതിരെ നടപടിയെടുക്കാത്തതെന്താണ്?,’ ചൗധരി ആരോപിച്ചു.

Content Highlight: At Hindu Mahasabha Durga Puja, Mahishasur Which Looks Similar to Mahatma Gandhi

We use cookies to give you the best possible experience. Learn more