'രജനിയുടെ നിറം കാവിയാണെന്ന് തോന്നുന്നില്ല'; ചുവപ്പ് തന്റെ രാഷ്ട്രീയ നിറമല്ലെന്നും കമല്‍ഹാസന്‍
National Politics
'രജനിയുടെ നിറം കാവിയാണെന്ന് തോന്നുന്നില്ല'; ചുവപ്പ് തന്റെ രാഷ്ട്രീയ നിറമല്ലെന്നും കമല്‍ഹാസന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th February 2018, 11:56 am

വാഷിങ്ടണ്‍: തമിഴ് ചലച്ചിത്ര താരങ്ങളുടെ രാഷ്ട്രീയ പ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കമല്‍ഹാസന്‍. രജനികാന്തിന്റെ നിറം കാവിയാണെന്ന് താന്‍ കരുതുന്നില്ലെന്ന് കമല്‍ഹാസന്‍ പറഞ്ഞു. രജനിയുടെ രാഷ്ട്രീയ പ്രവേശനം ബി.ജെ.പിയുടെ പിന്തുണയോടെയാണെന്ന് പ്രചരണത്തെക്കുറിച്ച പ്രതികരിച്ച കമല്‍ഹാസന്‍ തങ്ങളുടെ രാഷ്ട്രീയ സമീപനങ്ങള്‍ വ്യത്യസ്തമാണെന്നും എന്നാല്‍ രജനിയുടെ നിറം കാവിയല്ലെന്നാണ് താന്‍ കരുതുന്നതെന്നും കമല്‍ പറഞ്ഞു.

അമേരിക്കയില്‍ ഹാര്‍വാര്‍ഡ് സര്‍വലകലാശാലയില്‍ നടന്ന സംവാദത്തിനിടെയാണ് കമലഹാസന്‍ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് മനസ് തുറന്നത്. തന്റെ സ്വപ്‌നമായ അഴിമതി വിരുദ്ധ തമിഴ്‌നാടിനായി കൈകോര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

രജനിയുടെ രാഷ്ട്രീയ പ്രഖ്യാപനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “ചുവപ്പ് തന്റെ രാഷ്ട്രീയ നിറമല്ല. രജനിയുടേത് കാവിയാണെന്ന് താന്‍ കരുതുന്നുമില്ല, അത്തരത്തിലൊരു സഖ്യത്തിന് സാധ്യതയില്ല” അദ്ദേഹം പറഞ്ഞു.തമിഴ്‌നാട് രാഷ്ട്രീയത്തെ ശുദ്ധീകരിക്കുന്നതിന് വേണ്ടിയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ സിനിമകള്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായിരുന്നെന്ന് പറഞ്ഞ അദ്ദേഹം രാഷ്ട്രീയത്തിലും അങ്ങനെ തന്നെയായിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഡിസംബര്‍ 31 നായിരുന്നു രജനീകന്തിന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം.