സികാര്‍: കശാപ്പ് നിരോധനം ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി രാജസ്ഥാനിലെ കര്‍ഷകര്‍. സെപ്റ്റംബര്‍ ഒന്നുമുതല്‍ രാജസ്ഥാനിലെ സികാര്‍ ജില്ലയിലെ കൃഷി ഉപജ് മന്ദിയില്‍ 1500ഓളം കര്‍ഷകര്‍ പ്രക്ഷോഭം നടത്തുകയാണ്.
ഓള്‍ ഇന്ത്യ കിസാന്‍മഹാസഭയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുന്നത്. കര്‍ഷക വായ്പ പൂര്‍ണമായി എഴുതി തള്ളുക, സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശ നടപ്പിലാക്കുക, അലഞ്ഞുതിരിയുന്ന കാലികള്‍ കൃഷി നശിപ്പിക്കുന്നതിന് പരിഹാരമായി കശാപ്പ് നിരോധന നിയമം പിന്‍വലിക്കുക, കര്‍ഷകര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് സമരം.
കര്‍ഷകരുടെ പ്രക്ഷോഭത്തിന് പിന്തുണയുമായി അംഗനവാടി തൊഴിലാളികളും വിവിധ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ യൂണിയനുകളും വ്യാപാരികളും രംഗത്തെത്തിയിട്ടുണ്ട്. കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒരുലക്ഷത്തോളം പേരാണ് ഇവരുടെ മാര്‍ച്ചില്‍ പങ്കെടുത്തത്.
” ആത്മഹത്യ ചെയ്യുന്നത് ഭീരുത്വമാണെന്നാണ് ഞങ്ങളുടെ വിശ്വാസം. ഞങ്ങള്‍ അത് ചെയ്യില്ല. പകരം ഞങ്ങളുടെ ആവശ്യങ്ങള്‍ അനുവദിച്ചുകിട്ടാനായി ജീവന്‍പോലും ത്യജിക്കും.” പ്രക്ഷോഭം നയിക്കുന്ന സികാറിലെ സി.പി.ഐ.എം നേതാവായ അംറ റാം പറയുന്നു.
ഉത്തര്‍പ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പു വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമായി കര്‍ഷക കടങ്ങള്‍ എഴുതി തള്ളുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിലും കര്‍ഷകര്‍ പ്രക്ഷോഭവുമായി രംഗത്തുവന്നത്.
“കര്‍ഷക ലോണുകള്‍ എഴുതി തള്ളണമെന്ന് പറയുമ്പോള്‍ മാത്രമെന്തിനാണ് നെറ്റിചുളിക്കുന്നത്? സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളെ പിന്തുണയ്ക്കുമ്പോള്‍ ആരും ശബ്ദമുയര്‍ത്തുന്നില്ല. ഓരോ 24 മണിക്കൂറിലും ശരാശരി 52 കര്‍ഷകരാണ് ആത്മഹത്യ ചെയ്യുന്നത്. കാരണം സര്‍ക്കാര്‍ അവര്‍ക്കുവേണ്ടി ഒന്നും ചെയ്യുന്നില്ല.” മുന്‍ എം.എല്‍.എയായ സി.പി.ഐ.എം നേതാവ് പേമ റാം പറയുന്നു.
മോദി സര്‍ക്കാറിന്റെ കശാപ്പ് നിരോധനം വന്നിട്ട് മൂന്നുമാസം മാത്രമേ ആയിട്ടുള്ളൂവെങ്കിലും ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ അത് കര്‍ഷകര്‍ക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. കന്നുകാലികളെ വിറ്റുകിട്ടുന്ന വരുമാനം നിലച്ചു. നേരത്തെ 50,000 രൂപയ്ക്കാണ് പശുവിനെ വിറ്റിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 20,000 ത്തോളമാണ്. പോത്തിന്റെ വിലയും പകുതിയിലേറെ കുറഞ്ഞെന്നും കര്‍ഷകര്‍ പറയുന്നു.
“മോദി സര്‍ക്കാറിന്റെ വിവേകശൂന്യമായ ഈ നിയമം ഞങ്ങളുടെ ദുരിതം വര്‍ധിപ്പിച്ചിരിക്കുകയാണ്. അലഞ്ഞുതിരിയുന്ന കാലികളില്‍ നിന്നും കൃഷി സംരക്ഷിക്കാന്‍ 24 മണിക്കൂറും കാവല്‍ നില്‍ക്കേണ്ട സ്ഥിതിയാണ്. വേലികെട്ടിയാലും അവര്‍ അത് തകര്‍ത്ത് പാടത്തേക്കു കയറും. റോഡില്‍ അലഞ്ഞുതിരിയുന്ന കാലി രാത്രി കൃഷി നശിപ്പിച്ചതിനെ തുടര്‍ന്ന് ജുഞ്ചുനു ഗ്രാമത്തില്‍ അടുത്തിടെ ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തിരുന്നു.” ജേര്‍തി ഗ്രാമത്തിലെ കര്‍ഷകനായ ഭാവര്‍ പറയുന്നു.