| Wednesday, 21st August 2019, 12:48 pm

സവര്‍ക്കറെ സ്വാതന്ത്ര്യ സമരസേനാനിയാക്കി ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ പ്രതിമ സ്ഥാപിച്ച് എ.ബി.വി.പി; പ്രതിഷേധവുമായി എന്‍.എസ്.യു.ഐയും ഐസയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹിന്ദു മഹാസഭാ നേതാവ് സവര്‍ക്കറെ സ്വാതന്ത്ര്യ സമരസേനാനിയാക്കി ദല്‍ഹി യൂണിവേഴ്‌സിറ്റിയുടെ നോര്‍ത്ത് ക്യാമ്പസില്‍ പ്രതിമ സ്ഥാപിച്ച് എ.ബി.വി.പി. ചൊവ്വാഴ്ച രാവിലെ മുതലാണ് വി.ഡി സവര്‍ക്കര്‍, ഭഗത് സിങ്, സുഭാഷ് ചന്ദ്രബോസ് എന്നിവരുടെ പ്രതിമയടങ്ങിയ തൂണ്‍ ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ശ്രദ്ധയില്‍പ്പെട്ടത്.

യൂണിവേഴ്‌സിറ്റി അധികൃതരുടെ അനുമതിയില്ലാതെയാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. പുലര്‍ച്ചെ രണ്ടുമണിയോടെ ഒരു ചെറിയ ട്രക്കില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ എന്തോ കൊണ്ടുവന്ന് ഗേറ്റിനു പുറത്തുവെച്ചെന്നാണ് പ്രതിമ സ്ഥാപിച്ച തൂണിനു സമീപമുള്ള ഗേറ്റിലെ കാവല്‍ക്കാരന്‍ പറഞ്ഞതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഇത്തരമൊരു സ്മാരകം സ്ഥാപിക്കാന്‍ അനുമതി തേടി പലതവണ ഞങ്ങള്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ക്ക് എഴുതിയിരുന്നു. കഴിഞ്ഞ നവംബറില്‍, മാര്‍ച്ചില്‍ ഏപ്രിലില്‍, ആഗസ്റ്റില്‍ എന്നിങ്ങനെയായി. പക്ഷേ യാതൊരു മറുപടിയും ലഭിച്ചില്ല. അതിനാല്‍ ഞങ്ങള്‍ തന്നെ അത് ചെയ്യാന്‍ തീരുമാനിച്ചു.’ ദല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ശക്തി സിങ് പറയുന്നു.

ചുവന്ന കല്ലുകൊണ്ടാണ് പ്രതികള്‍ സ്ഥാപിച്ച തൂണ്‍ തയ്യാറാക്കിയിരിക്കുന്നത്. അതിനു മുമ്പില്‍ ‘സ്വാതന്ത്ര്യ സമരനായകന്‍ വീര്‍ സവര്‍ക്കര്‍, ഭഗത് സിങ്, നേതാജി സുഭാഷ് ചന്ദ്ര ബോസ് എന്നിവരുടെ പ്രതിമ . 2019 ആഗസ്റ്റ് 20ന് സ്ഥാപിച്ചത്’ എന്ന് എഴുതിയിട്ടുണ്ട്.

‘മൂന്നുപേരും വ്യത്യസ്ത വഴികള്‍ സ്വീകരിച്ചവരാണ്, പക്ഷേ അവരുടെ ലക്ഷ്യം ഒന്നായിരുന്നു.’ എന്നും സിങ് അഭിപ്രായപ്പെട്ടു.

പ്രതിമ സ്ഥാപിച്ചതിനെതിരെ എന്‍.എസ്.യു.ഐയും ഐസയും രംഗത്തെത്തിയിട്ടുണ്ട്. സവര്‍ക്കറുടെ പ്രതിമ സ്ഥാപിച്ചതിനെയാണ് ഇവര്‍ എതിര്‍ക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്, സവര്‍ക്കര്‍ എന്നിവരുടെ പ്രതിമ ഒരുമിച്ചു സ്ഥാപിച്ചുകൊണ്ട് ഞങ്ങളുടെ സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിച്ചിരിക്കുകയാണ്. കൊളോനിയല്‍ ഭരണാധികാരികളില്‍ നിന്നും നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികള്‍ പൊലീസ് അതിക്രമങ്ങളും, മര്‍ദ്ദനവും, അടിച്ചമര്‍ത്തലും നേരിട്ടവേളയില്‍, വലതുപക്ഷ ഭീകരവാദി സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷ എഴുതുകയായിരുന്നു. 1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും ഹിന്ദു മഹാസഭാ അംഗങ്ങള്‍ സ്വയം വിട്ടുനില്‍ക്കുമെന്ന് അറിയിച്ചുകൊണ്ട്.’ എന്‍.എസ്.യു.ഐ ദല്‍ഹി സ്റ്റേറ്റ് പ്രസിഡന്റ് അക്ഷയ് ലക്ര പറയുന്നു.

സവര്‍ക്കറെ സ്വാതന്ത്ര്യ സമര സേനാനിയാക്കാനും ചരിത്രം തിരുത്തിയെഴുതാനുമുള്ള ആര്‍.എസ്.എസ് നീക്കത്തിന്റെ ഭാഗമാണിതെന്ന് ഐസ ചൂണ്ടിക്കാട്ടി.

Latest Stories

We use cookies to give you the best possible experience. Learn more