ചൂരല്‍മലയില്‍ പള്ളിയിലും മദ്രസയിലും പോളിടെക്‌നിക്കിലും താത്കാലിക ആശുപത്രി ഒരുങ്ങുന്നു
Kerala News
ചൂരല്‍മലയില്‍ പള്ളിയിലും മദ്രസയിലും പോളിടെക്‌നിക്കിലും താത്കാലിക ആശുപത്രി ഒരുങ്ങുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th July 2024, 3:15 pm

മേപ്പാടി: വയനാട്ടിലെ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് മുണ്ടക്കൈ-ചൂരല്‍മല പ്രദേശങ്ങളില്‍ താത്കാലിക മെഡിക്കല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ഉരുള്‍പൊട്ടിയെ മേപ്പാടിയിലെ ചൂരല്‍മലയില്‍ പോളിടെക്‌നിക്കില്‍ സജ്ജമാക്കുന്ന താത്ക്കാലിക ആശുപത്രിയുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് മന്ത്രി വിവരം അറിയിച്ചത്.

വയനാട് ചൂരല്‍മലയിലെ പള്ളിയിലും മദ്രസയിലും താത്കാലിക ആരോഗ്യ സംവിധാനങ്ങള്‍ ഒരുക്കുന്ന വിവരവും മന്ത്രി അറിയിച്ചു.


നേരത്തെ പരിക്കേറ്റവര്‍ക്കുള്ള വൈദ്യസഹായവും മറ്റും ഉറപ്പുവരുത്തുമെന്ന് മന്ത്രി പറഞ്ഞിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ടീമിനെയും കണ്ണൂരില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരെയും ദുരന്ത സ്ഥലത്ത് എത്തിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നേരത്തെ അറിയിച്ചിരുന്നു.

ബത്തേരി സെന്റ് മേരീസ്, എസ്.കെ.എം.ജെ സ്‌കൂള്‍ കല്‍പ്പറ്റ എന്നിവിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. ഇരു ക്യാമ്പുകളിലേക്ക് മെഡിക്കല്‍ ടീം, ആംബുലന്‍സ്, ഭക്ഷണം, വസ്ത്രം എന്നിവ എത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.

നിലവില്‍ മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, പി.കെ. മുഹമ്മദ് റിയാസ്, കെ. രാജന്‍, ഓ.ആര്‍. കേളു, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും ദുരിതബാധിത പ്രദേശങ്ങളില്‍ എത്തിയിട്ടുണ്ട്. ഇതുവരെ 73 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 250 പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് നിലവിലെ വിവരം.

സംസ്ഥാനത്തിന്റെ ആവശ്യപ്രകാരം സൈന്യത്തിന്റെ ഡോഗ് സ്‌കോഡ് വയനാട്ടിലെത്തും. വനംവകുപ്പിന്റെ ഡ്രോണ്‍ സൗകര്യങ്ങളും തെരച്ചലിനായി ഉപയോഗിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തുടരുകയാണ്.

സൈന്യത്തിന്റെ 200 അംഗങ്ങള്‍ മേപ്പടിയിലെത്തിയിട്ടുണ്ട്. കൂടുതല്‍ സംവിധാനങ്ങള്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 330 അടി ഉയരമുളള താത്കാലിക പാലം എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ കോഴിക്കോട് സൈനിക ക്യാമ്പില്‍ കണ്‍ട്രോള്‍ റൂം തുറക്കും.

Content Highlight: At Churalmala, temporary medical arrangements are being made in the church, madrasa and polytechnic