സ്പാനിഷ് ടോപ്പ് ടയർ ഫുട്ബോൾ ലീഗായ ലാ ലിഗയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നോട്ട് കുതിക്കുകയാണ് ബാഴ്സലോണ. കഴിഞ്ഞ സീസണിൽ കൈവിട്ട കിരീടം ഇത്തവണ എങ്ങനെയും തിരികേപിടിക്കുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം.
നീണ്ട 17 വർഷം ബാഴ്സയുടെ അഭിവാജ്യ ഘടകമായിരുന്ന മെസിയെ തിരികെ കൊണ്ട് വരാനും ക്ലബ്ബിന് പദ്ധതികളുണ്ട്.
സാമ്പത്തിക പ്രതിസന്ധികളും ക്ലബ്ബിലെ മാനേജ്മെന്റ് തലത്തിലുള്ളവരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും മൂലം ബാഴ്സ വിട്ട് പി.എസ്.ജിയിലേക്ക് ചേക്കേറിയ മെസിയുടെ കരാർ ഈ ജൂണിൽ അവസാനിക്കുകയാണ്.
ഇതോടെയാണ് താരത്തെ തിരികേ ബാഴ്സയിലേക്കെത്തിക്കാൻ ക്ലബ്ബ് ശ്രമം നടത്തുന്നു എന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
എന്നാൽ മെസി ബാഴ്സയിലായിരുന്നെങ്കിൽ പി.എസ്.ജിയിൽ താരത്തിന് നേരിടേണ്ടി വന്നിരുന്നത് പോലെയുള്ള അപമാനങ്ങൾ ഒഴിവാക്കാമായിരുന്നു എന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ ബാഴ്സ പ്രസിഡന്റായ ഗാസ്പാർട്ട്.
മെസി ബാഴ്സയിലേക്ക് തിരികെ വന്നാൽ അത് മറഡോണയുടേത് പോലെയാകുമെന്നും, ബാഴ്സയിൽ മെസിയെ ആരും കൂക്കി വിളിക്കില്ലെന്നുമാണ് അദ്ദേഹം പ്രസ്താവിക്കുന്നത്.
‘മെസിയുടെ ബാഴ്സലോണയിലേക്കുള്ള മടങ്ങിവരവ് മറഡോണയുടേതിന് സമാനമാണ്. ക്യാമ്പ് നൗവിൽ ഞങ്ങൾ മെസിയെ കൂക്കി വിളിച്ചിട്ടില്ല,’ ഗാസ്പോർട്ട് പറഞ്ഞു.
“മെസി ബാഴ്സ വിട്ടില്ലായിരുന്നെങ്കിൽ നന്നാകുമായിരുന്നു എന്നാണ് ഞാനിപ്പോൾ ആലോചിക്കുന്നത്. മെസി ബാഴ്സയിലേക്ക് മടങ്ങിവരണമെന്നും ജീവിതകാലം മുഴുവൻ അദ്ദേഹം ബാഴ്സയിൽ തുടരണമെന്നുമാണ് എന്റെ ആഗ്രഹം. അദ്ദേഹത്തെ ക്ലബ്ബിന്റെ അംബാസിഡറാക്കണം,’ ഗാസ്പോർട്ട് കൂട്ടിച്ചേർത്തു.
ബാഴ്സലോണക്കായി 778 മത്സരങ്ങൾ കളിച്ച മെസി ക്ലബ്ബിനായി 672 ഗോളുകളും 303 അസിസ്റ്റുകളുമാണ് സ്വന്തമാക്കിയത്.
കൂടാതെ 10 ലാ ലിഗ ടൈറ്റിലുകളും നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും താരം ബാഴ്സലോണക്ക് വേണ്ടി സ്വന്തമാക്കിയിട്ടുണ്ട്.