ന്യൂദല്‍ഹി: ശിശുമരണങ്ങള്‍ ഇന്ത്യയില്‍ തുടര്‍ക്കഥയാകുമ്പോള്‍ ലോകജനതയ്ക്ക് മുന്നിലും നാണം കേടായി ലാന്‍സെറ്റിന്റെ സര്‍വ്വേ ഫലം. കഴിഞ്ഞ മാസങ്ങളില്‍ യു.പിയില്‍ മതിയായ ചികിത്സ കിട്ടാതെ നിരവധി കുട്ടികള്‍ മരിച്ചത് വാര്‍ത്തയായെങ്കിലും ഇത് പുതിയ പ്രതിഭാസം അല്ലെന്നാണ് ലാന്‍സെറ്റ് പ്രസിദ്ധീകരിച്ച “ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് സ്റ്റഡി 2016” ല്‍ നിന്നും മനസ്സിലാകുന്നത്.
കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരമാണ് ലാന്‍സെറ്റ് ലോകരാജ്യങ്ങളിലെ ശിശുമരണങ്ങള്‍ വിശകലനം ചെയ്യുന്നത്. ഗൊരഖ്പൂരില്‍ നിരവധി കുട്ടികള്‍ മരിച്ചത് ഇന്ത്യയില്‍ വര്‍ത്തയായെങ്കിലും അതിനേക്കാള്‍ ഭീകരമാണ് രാജ്യത്തെ ശിശുമരണങ്ങളുടെ നിരക്കെന്നാണ് കണക്കുകള്‍ പറയുന്നത്. 2016 ലെ കണക്കുകള്‍ പ്രകാരം അഞ്ചുവയസ്സിനു താഴെയുള്ള 0.9 ദശലക്ഷം ശിശുക്കളാണ് ഇന്ത്യയില്‍ മരിച്ചിട്ടുള്ളത്.
ലോകരാജ്യങ്ങളുടെ നിരയിലേക്ക് “മേക്കിങ്ങ് ഇന്‍ ഇന്ത്യ”, “ഡിജിറ്റല്‍ ഇന്ത്യ” തുടങ്ങിയ പദ്ധതികളിലൂടെ രാജ്യം കുതിക്കാന്‍ ശ്രമിക്കുമ്പോഴാണ് ദരിദ്ര രാജ്യങ്ങളേക്കാള്‍ പിറകിലാണ് ഇന്ത്യയിലെ ശിശുമരണ നിരക്കെന്ന റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. 2016 ല്‍ സംഭവിച്ച ശിശുമരണങ്ങളുടെ ഏറിയ പങ്കും ഇന്ത്യയിലാണെന്ന് സര്‍വ്വേ പറയുന്നു.
കഴിഞ്ഞ വര്‍ഷം സംഭവിച്ച അഞ്ചുവയസ്സിനു താഴെയുള്ള ശിശു മരണങ്ങളുടെ 24:8ശതമാനവും തെക്കേഷ്യയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പടിഞ്ഞാറന്‍ സഹാറ ആഫ്രിക്കയില്‍ 28:1 ശതമാനം ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍. 16:3 ശതമാനം ശിശുമരണങ്ങളാണ് കിഴക്കന്‍ സഹാറന്‍ ആഫ്രിക്കയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇത് രാജ്യങ്ങളുടെ കണക്കിലേക്ക് വരുമ്പോള്‍ 0:8 മുതല്‍ 0:9 ദശലക്ഷം ശിശുമരണങ്ങളാണ് ഇന്ത്യില്‍ കഴിഞ്ഞ വര്‍ഷം സംഭവിച്ചിരിക്കുന്നത്. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നൈജീരിയയും മൂന്നാമത് കോങ്‌ഗോയുമാണ്. നൈജീരിയയിലിത് 0:6 മുതല്‍ 0:7 ദശലക്ഷം എന്നാണെങ്കില്‍ കോങ്‌ഗോയില്‍ 0:1 0:3 ദശലക്ഷം ശിശുക്കള്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ആഗോളതലത്തില്‍ ശിശുമരണങ്ങള്‍ കുറഞ്ഞ് വരികയാണെന്ന് സര്‍വ്വേ പറയുമ്പോഴാണ് ഇന്ത്യയിലെ കണക്കുകള്‍ ഉയര്‍ന്ന് നില്‍ക്കുന്നതെന്നതും ശ്രദ്ധേയമാണ്.