ഇന്ത്യയില്‍ നിന്ന് കുടിയേറിപ്പാര്‍ത്തവരുടെ എണ്ണം ഒന്നേമുക്കാല്‍ കോടി; ആഗോളതലത്തില്‍ ഒന്നാമതെന്ന് യു.എന്‍ റിപ്പോര്‍ട്ട്; ഇന്ത്യയിലുള്ളത് വെറും രണ്ടുലക്ഷം പേരും
യുണൈറ്റഡ് നാഷന്‍സ്: ലോകത്ത് ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണെന്ന് യു.എന്‍ റിപ്പോര്‍ട്ട്. 2019-ലെ കണക്കാണ് പുറത്തുവിട്ടിരിക്കുന്നത്. 1.75 കോടി ഇന്ത്യക്കാരാണ് മറ്റു രാജ്യങ്ങളില്‍ കുടിയേറ്റക്കാരായി കഴിയുന്നതെന്ന് യു.എന്‍ വ്യക്തമാക്കി.
അതേസമയം ലോകത്ത് ആകെയുള്ള കുടിയേറ്റക്കാരുടെ എണ്ണം 27.2 കോടിയായെന്നും അവര്‍ അറിയിച്ചു. യു.എന്‍ ഡിപ്പാര്‍ട്‌മെന്റ് ഓഫ് എക്കണോമിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സിന്റെ ജനസംഖ്യാ വിഭാഗമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്റര്‍നാഷണല്‍ മൈഗ്രന്റ് സ്റ്റോക്ക് 2019 എന്നാണ് റിപ്പോര്‍ട്ടിന്റെ പേര്.
പ്രായം, ലിംഗം, വംശം എന്നിവ രാജ്യാടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ദേശീയതലത്തില്‍ നടത്തിയ സര്‍വേകളുടെ ഫലവും ജനസംഖ്യാ സെന്‍സസും അടിസ്ഥാനപ്പെടുത്തിയാണ് ഈ കണക്കിലെത്തിയിരിക്കുന്നത്.
കുടിയേറ്റക്കാരില്‍ ഇന്ത്യയിലുള്ളത് 2.07 ലക്ഷം പേരാണ്. ഇതാകട്ടെ ആകെ കുടിയേറ്റക്കാരുടെ നാലുശതമാനം മാത്രമേ വരുന്നുള്ളൂ. ഇതില്‍ 48.8 ശതമാനം പേരാണു വനിതകള്‍. 47.1 വര്‍ഷമാണ് ഇവരുടെ ശരാശരി പ്രായം. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇതില്‍ക്കൂടുതലും.
മേഖലാടിസ്ഥാനത്തില്‍ യൂറോപ്പിലാണ് ഏറ്റവുമധികം കുടിയേറ്റക്കാരുള്ളത്, 8.2 കോടി. നോര്‍ത്ത് അമേരിക്കയിലുള്ളത് 5.9 കോടിപ്പേരാണ്. നോര്‍ത്ത് ആഫ്രിക്കയിലും പശ്ചിമേഷ്യയിലുമായി 4.9 കോടിപ്പേരുമുണ്ട്.
രാജ്യാടിസ്ഥാനത്തില്‍ യു.എസിലാണ് ഏറ്റവുമധികം കുടിയേറ്റക്കാരുള്ളത്, 5.1 കോടി. ആകെയുള്ളതിന്റെ 19 ശതമാനമാണിത്.
1.3 കോടിയുമായി ജര്‍മനിയും സൗദി അറേബ്യയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. റഷ്യ (1.2 കോടി), ബ്രിട്ടന്‍ (1 കോടി), യു.എ.ഇ (90 ലക്ഷം), ഫ്രാന്‍സ്, കാനഡ, ഓസ്‌ട്രേലിയ (80 ലക്ഷം വീതം), ഇറ്റലി (60 ലക്ഷം) എന്നിങ്ങനെയാണ് ബാക്കി രാജ്യങ്ങളിലെ കണക്ക്.
ഭൂപ്രകൃതിയിലെ ശതമാനാടിസ്ഥാനത്തില്‍ ഓഷ്യാനയാണ് 21.2 ശതമാനം പേരുമായി ഒന്നാംസ്ഥാനത്ത്. ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും അടങ്ങുന്ന പ്രദേശമാണിത്. നോര്‍ത്ത് അമേരിക്കയില്‍ 16 ശതമാനം പേരാണുള്ളത്.
ഏറ്റവും കുറവ് 1.8 ശതമാനം വീതമുള്ള ലാറ്റിന്‍ അമേരിക്കയിലും കരീബിയയിലും ഒരുശതമാനം വീതമുള്ള മധ്യ, ദക്ഷിണ ഏഷ്യകളിലുമാണ്.