ജനീവ: രോഗലക്ഷണമില്ലാത്തവരില്‍ നിന്ന് കൊവിഡ് വൈറസ് മറ്റുള്ളവരിലേക്ക് പകരുന്നത് അപൂര്‍വമെന്ന് ലോകാരോഗ്യസംഘടന. പല രാജ്യങ്ങളിലും രോഗലക്ഷണമില്ലാത്ത ഇത്തരം വൈറസ് ബാധിതരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ലോകാരോഗ്യസംഘടന പറഞ്ഞു.
“രോഗലക്ഷണമില്ലാത്ത കൊവിഡ് രോഗികളുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് വ്യാപകമായി രോഗം പകരുന്നത് അപൂര്‍വമായി മാത്രമാണ്”
ഇത്തരം വൈറസ് ബാധിതരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകര്‍ന്നതായി കണ്ടെത്താനായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന പകര്‍ച്ചവ്യാധി വിദഗ്ധനായ വാന്‍ കോര്‍കോവ് വ്യക്തമാക്കി. അതേസമയം ലക്ഷണമുള്ളവരെ കൃത്യമായി കണ്ടെത്താനും ക്വാറന്റീനിലാക്കാനും സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.
ആരോഗ്യമുള്ളവരിലും യുവാക്കളിലും കൊവിഡ് ലക്ഷണങ്ങള്‍ ചെറിയ അളവിലെ കാണിക്കുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ചിലരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചാലും കാര്യമായ ലക്ഷണങ്ങള്‍ കാണിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രോഗവ്യാപനത്തിന്റെ ആദ്യഘട്ടങ്ങളില്‍ കണ്ടെത്തിയിരുന്നത് രോഗവാഹകന് രോഗലക്ഷണങ്ങളില്ലെങ്കിലും അയാളില്‍ നിന്ന് മറ്റൊരാളിലേക്ക് വൈറസ് പടരുമെന്നാണ്. എന്നാല്‍ രോഗലക്ഷണങ്ങളില്ലാത്ത വ്യാപനം സംഭവിക്കുന്നുണ്ടെങ്കിലും ഇത് മാത്രമാണ് പ്രധാനകാരണമെന്ന് പറയാനാവില്ലെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.
അതേസമയം കൊവിഡിന്റെ ആഗോള വ്യാപനം കൂടുല്‍ ഗുരുതരമാകുന്നുവെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ രോഗവ്യാപനത്തിന്റെ തോത് വര്‍ധിക്കുകയാണെന്നും ലോകരോഗ്യ സംഘടന പറയുന്നു.
ലോകത്ത് കൊവിഡ് 19 രോഗികളുടെ എണ്ണം 71 ലക്ഷം കടന്നു. 71,93,476 പേര്‍ക്കാണ് ലോകത്താകമാനം രോഗം ബാധിച്ചത്. 408614 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
35,35,554 പേര്‍ രോഗവിമുക്തരായി. 20 ലക്ഷത്തിലേറെ രോഗികളുള്ള അമേരിക്കയാണ് രോഗികളുടെ എണ്ണത്തില്‍ ഒന്നാമത്. ബ്രസീലില്‍ 7,10,887 പേരും റഷ്യയില്‍ 4,76,658 പേരും രോഗബാധിതരാണ്.