| Saturday, 10th February 2018, 2:09 pm

ഇതര സംസ്ഥാന തൊഴിലാളികളെ കണ്ടാല്‍ ഓടിക്കാന്‍ എന്ത് യോഗ്യതയാടോ നിങ്ങള്‍ക്കുള്ളത്?

അസി അസീബ് പുത്തലത്ത്

നാട് പെരുംബാവൂരാണ്. എന്നു വച്ചാല്‍, ഇതരസംസ്ഥാന/അതിഥിതൊഴിലാളികളെ കേരളത്തില്‍ ഏറ്റവുമാദ്യം പരിചയപ്പെട്ട നാട്, ഏത് ജംഗ്ഷനില്‍ ചെന്ന് നിന്ന് ചോദിച്ചാലും നാലുദിശയിലേക്കും ചൂണ്ടിക്കാണിക്കാനത്ര തടിമില്ലും പ്ലൈവുഡ് കമ്പനികളും ഉണ്ടായിരുന്ന, ഇപ്പോഴുമുള്ള നാട്.

എനിക്കോര്‍മ്മയുള്ള കാലം മുതല്‍ ഇവിടെ ഇതരസംസ്ഥാനതൊഴിലാളികളുണ്ട്. നാലാള്‍ പിടിച്ചാലനങ്ങാത്ത മരത്തടിപിടിക്കാനും അറുക്കാനും പൊരിവെയിലത്ത് പോളയുണക്കാനും മാരകരോഗങ്ങള്‍ പിന്‍കാലത്ത് വച്ചുനീട്ടുന്ന കെമിക്കലുകള്‍ ചേര്‍ത്തൊട്ടിച്ച് പ്ലൈവുഡാക്കാനും തുടങ്ങി, ശരീരമനങ്ങുന്ന, കേടാവുന്ന പണിയില്‍ നിന്ന് മലയാളി പിന്മാറിത്തുടങ്ങിയ കാലത്ത്, ബംഗാളില്‍ നിന്നും അസ്സാമില്‍ നിന്നും ഒറീസയില്‍ നിന്നുമൊക്കെ അന്നന്ന് വയര്‍ നിറക്കാനുള്ളതൊപ്പിക്കാന്‍ ട്രയിന്‍ കയറി അവരെത്തിതുടങ്ങിയ കാലം മുതല്‍.

പട്ടിണിപ്പാവങ്ങള്‍ക്ക് ഒരു സഹായമായിക്കോട്ടെ എന്ന് കരുതി തൊഴില്‍ കൊടുത്തതൊന്നുമല്ല ഒരു മുതലാളിയും. നൂറു കൊടുത്താല്‍ ഇരുന്നൂറിനും ഇരുന്നൂറു കൊടുത്താല്‍ അഞ്ഞൂറിനും മുന്നൂറു കൊടുത്താല്‍ ആയിരത്തിനും പണിയെടുക്കുമെന്ന് കണ്ട്, സംഘടിക്കാനുള്ള കഴിവ് “അവറ്റകള്‍ക്ക്” കാണില്ലെന്നറിഞ്ഞ് അടിമപ്പണിയേല്‍പ്പിച്ചതാണ്.

ഒന്നുമറിയാത്തിടത്ത് നിന്ന് ഒരു വട്ടം കാട്ടിക്കൊടുത്താല്‍ അതേ പടി പകര്‍ത്താന്‍ കഴിവുള്ള, പറഞ്ഞ പണി സമയത്ത് തീര്‍ക്കുന്ന, ഞായറൊരു ദിവസമൊഴിച്ച് രാവെന്നോ പകലെന്നോയില്ലാതെ പണിയെടുത്ത, കയ്ക്കും കാലിനും വിശപ്പിനേക്കാള്‍ വിലനല്‍കാത്ത അന്യസംസ്ഥാനതൊഴിലാളി മലയാളിക്കുണ്ടാക്കിക്കൊടുത്ത ലാഭം ചില്ലറയല്ല.

പക്ഷേ, മലയാളി പറയും, “അവറ്റകള്‍ ശരിയല്ല” എന്ന്.

ഇടക്ക് ഇവിടെ കമ്പനികളിലെ ബോയിലര്‍ പൊട്ടിത്തെറിക്കും. അടുത്ത് നില്‍ക്കുന്ന തൊഴിലാളികളുടെ കയ്യും കാലും മുഖവുമെല്ലാം ഒരിക്കലും പഴയതുപോലാവാത്തവിധം പൊള്ളിയുരുകി പോകും. അല്ലെങ്കില്‍ ചിലപ്പോള്‍ മെഷീനുകളുടെയോ സോയുടേയോ ഇടയില്‍ പെട്ടെ കയ്യോ വിരലോ അറ്റുപോകും.

അപകടം കേട്ടറിഞ്ഞ് നമ്മള്‍ വീഡിയോ പിടിക്കാന്‍ കയ്യില്‍ ഫോണുമായി ചെല്ലുമ്പോ, ഏതെങ്കിലും ഒരു മൂലയില്‍ ഒരു തോര്‍ത്ത് വീശി പൊള്ളിയ ഭാഗം തണുപ്പിച്ചോ അറ്റു പോയ വിരല്‍ മറ്റേ കയ്യിലെടുത്ത് അവന്മാര്‍ ഭാവവ്യത്യാസമില്ലാതെ ഇരിക്കുന്നുണ്ടാവും. ഇവര്‍ക്ക് വേദന എന്നൊന്നില്ലേയെന്ന് നമുക്ക് തോന്നിപ്പോകും.

കൊള്ളാവുന്ന ആശുപത്രിക്കൊന്നുമല്ല, അത്യാവശ്യം മരുന്ന് വക്കാനും ഡ്രസ് ചെയ്ത് മുറിവ് പുറത്തുകാണാതിരിക്കാനും വേണ്ടി മാത്രം അടുത്തൊള്ള ക്ലിനിക്കിലേക്കും അത് കൊണ്ടാവില്ലെന്ന് തോന്നിയാല്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ 2 ദിവസം കിടത്താവുന്ന ഹോസ്പിറ്റലിലേക്കും ബൈക്കിന്റെ പിറകിലോ ഓട്ടോയിലോ കയറ്റി കൊണ്ടുപോകും. കുറച്ച് ദിവസം കഴിഞ്ഞ് കയ്യില്‍ ചെറിയൊരു തുക കൊടുത്ത്, പഴയ പോലെ വേഗതയില്ലാത്ത, പണിയെടുക്കാന്‍ കഴിയാത്ത, അവനെ നാട്ടിലേക്ക് കയറ്റി വിടുകയും ചെയ്യും.

അവനെയൊഴിവാക്കി കവലക്ക് കൂടിയിരുന്ന് നമ്മള്‍ പറയും “അവറ്റകള്‍ക്ക് ഒരു മനുഷ്യത്ത്വവുമില്ല” എന്ന്.

വെള്ളോം വെളിച്ചോം ഇല്ലാത്തിടത്ത് ഹോളോബ്രിക്‌സ് കൊണ്ട് നാലഞ്ച് ഒറ്റമുറി ലൈന്‍ കെട്ടിടം തീര്‍ത്ത്, ഷീറ്റ് മേഞ്ഞ്, പുറത്തൊരു കക്കൂസും പണിത്, ഒരാള്‍ കിടക്കേണ്ടിടത്ത് ഒമ്പത് പേരെ കിടത്തി, നാട്ടിലില്ലാത്ത വാടക വാങ്ങി പോക്കറ്റിലിട്ട് അവിടം മുഷിയുമ്പോ നമ്മള്‍ പറയും, “അവറ്റകള്‍ക്ക് വൃത്തിയില്ല” എന്ന്.

ലോകത്തെവിടെയുമുള്ള നാടുകളില്‍ കുടിയേറി പണിയെടുത്ത് പൈസയുണ്ടാക്കി തിരിച്ച് സ്വന്തം മണ്ണിലെത്തുമ്പോ മലയാളി അന്യസംസ്ഥാനതൊഴിലാളിയെ നോക്കി പറയും, “ഇവറ്റകള്‍ ഈ നാട് നശിപ്പിക്കുന്നു” എന്ന്.

അന്താരാഷ്ട്ര അഭയാര്‍ത്ഥികളെക്കുറിച്ച് ഹൃദയം തട്ടുന്ന മെസേജ് ഫാമിലി ഗ്രൂപ്പിലേക്കയച്ച് വാചാലനായതിനു പിന്നാലെ, വംശീയത മുറ്റുന്ന ആക്രോശങ്ങളുയര്‍ത്തുന്ന,
വ്യക്തിസ്വാതന്ത്ര്യത്തെ പറ്റി പ്രസംഗിച്ച് വരുന്ന വഴിയില്‍ ട്രാന്‍സ്ജന്‍ഡറുകളെ തെറിവിളിച്ച് തുണിയൂരിക്കുന്ന, പുരോഗമനമനസെന്ന് അവകാശപ്പെട്ട് സദാചാരപോലീസാകുന്ന മലയാളികളോളം ഹിപ്പോക്രൈറ്റ്‌സ് ആയ ഒരു കൂട്ടര്‍ വേറെയില്ല.

സിനിമാ നടി വിവാഹിതയായാല്‍ പൊതുകമ്പനി സ്വകാര്യവല്‍ക്കരിച്ചെന്ന് കമന്റിടുന്ന, രണ്ടാം വിവാഹമാണെങ്കില്‍ അവള്‍ക്ക് കഴപ്പ് മാറിയില്ലെന്ന് പരിഹസിക്കുന്ന, വിമര്‍ശനങ്ങളെ “പൊങ്കാല”യെന്ന ഓമനപ്പേരില്‍ തെറിവിളിച്ചൊതുക്കുന്ന, മുള്ളാത്തയും ലക്ഷ്മിത്തരുവും കാന്‍സര്‍ മാറ്റുമെന്ന മെസേജ് ഫോര്‍വേഡ് ചെയ്യുന്ന, വാട്‌സപ്പുണ്ടായ കാലം മുതല്‍ എയ്ഡ്‌സ് രോഗിയുടെ രക്തം കലര്‍ന്ന ഫ്രൂട്ടിയെ പറ്റി ജനങ്ങള്‍ക്ക് അവബോധം നല്‍കുന്ന, ആയിരം വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന അത്ഭുതം ദിവസവും നടക്കുന്ന മലയാളിയുടെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍, എഴുതാനും വായിക്കാനുമറിയുകയും സാമ്പത്തിക-സാങ്കേതികവിദ്യാ മൂലധനം ലഭ്യമാവുകയും ചെയ്തിട്ടും സാമാന്യബോധം കുറ്റിയില്‍ കെട്ടിയ കാളയെപ്പോലെ പതിറ്റാണ്ടുകള്‍ക്ക് പിന്നില്‍ വട്ടം ചുറ്റുന്ന ഒരു സമൂഹത്തിലേക്ക് സ്മാര്‍ട് ഫോണ്‍ ഇറക്കിക്കൊടുത്താല്‍ എന്ത് ദുരന്തമുണ്ടാകുമെന്നതിന്റെ കൃത്യമായ വെളിപ്പെടുത്തലാണ്.

അവര്‍ക്കിടയിലേക്കാണിപ്പോള്‍, കുട്ടികളെ വ്യാപകമായി അന്യസംസ്ഥാനതൊഴിലാളികള്‍ കടത്തിക്കൊണ്ട് പോകുന്നു എന്ന “മാക്‌സിമം ഷെയര്‍” മെസേജുകള്‍ ശബ്ദമുണ്ടാക്കുന്നത്.

ക്രൈം ഡേറ്റ പ്രകാരം കേരളത്തിലെ കുറ്റകൃത്യങ്ങളിലും കുട്ടികളെ അപകടപ്പെടുത്തുന്നതിലുമെല്ലാം മുന്നില്‍ നില്‍ക്കുന്നത് മലയാളികള്‍ തന്നെയാണ്. ഇതരസംസ്ഥാന തൊഴിലാളികളെ കണ്ടാല്‍ ഓടിക്കാന്‍ മലയാളിക്ക് യോഗ്യതയില്ലെന്ന് മാത്രമല്ല, അവരുടെ പിള്ളേരെ മലയാളിയില്‍ നിന്ന് സൂക്ഷിക്കേണ്ട അവസ്ഥയിലാണ് ഗവണ്‍മന്റ് കണക്കുകള്‍.

കേരളം അവരെ പോറ്റുന്നതാണോ, അവര്‍ കാരണം കേരളം മുന്നോട്ട് പോകുന്നതാണോ എന്ന് ചോദിച്ചാല്‍ രണ്ടാമത്തേതിനാണിത്തിരി കൂടി ബലം. കേരളത്തില്‍ കൈകാല്‍ അനക്കേണ്ട, മനുഷ്യപേശികള്‍ വലിയേണ്ട എല്ലാ പണികളും ചെയ്യുന്നത് അവരാണ്. മലയാളിയുടെ വീടിനു തറകെട്ട് മുതല്‍ ഫൈനല്‍ ടച്ച് പെയിന്റിംഗ് വരെ, കാര്‍ വാഷ് മുതല്‍ റോഡ്-മെട്രോ-എയര്‍ പോര്‍ട്ട് വരെ, മലയാളി അഭിമാനിക്കുന്ന ഏത് ഇന്‍ഫ്രാസ്ട്രക്ച്ചറുകളുടേയും വര്‍ക്ക്‌ഫോഴ്‌സ് അവരാണ്. യാതൊരു ആനുകൂല്യങ്ങളും നല്‍കാതെ, ഇരുപതിനും അന്‍പതിനും ഇടയിലെ അവരുടെ ആരോഗ്യം ഊറ്റിയെടുത്ത് ചണ്ടിയാക്കി തിരിച്ചയച്ച്, അവരെ കേരളം പോറ്റിയെന്ന് അഭിമാനം കൊള്ളുന്ന മലയാളികളെ.. അവര്‍ ഇട്ടിട്ട് പോയാല്‍ കണ്ടിയിടും നീയൊക്കെ.

റോഡ് സൈഡിലും കലുങ്കുകളിലും കടവരാന്തകളിലും ചന്തി നിലത്ത് മുട്ടിക്കാതെ, കസേരയോ ബെഞ്ചോ ഉണ്ടെങ്കിലും അതിലിരിക്കാതെ കുന്ത്കാല്‍ കെട്ടി കുത്തിയിരിക്കുന്നത്, വരുന്ന നാട്ടിലെ ജനാധിപത്യമില്ലായ്മയുടെ, ഫ്യൂഡല്‍ വ്യവസ്ഥയുടെ ഭീകരത അവരുടെ മനസില്‍ ഉള്ളതുകൊണ്ടാണ്.

എത്ര അവജ്ഞയോടെ നീ നോക്കിയാലും പാന്‍ തിന്ന് കറപിടിച്ച പല്ല് കാട്ടി ചിരിക്കുന്നത്, ആ നാടുകളേക്കാള്‍ ഇവിടം പ്രതീക്ഷയുള്ളതുകൊണ്ടാണ്.

നീയൊക്കെ കൈവച്ച് കടവായിന്ന് ചോരയൊഴുകി പല്ല് ചുവന്നാലും, ചുണ്ട് വീര്‍ത്ത് കെട്ടി തൂങ്ങിയാലും, വേദന മറന്ന് ദയനീയതയോടെ നോക്കുമ്പോഴും അവരാ പ്രതീക്ഷയോടുള്ള പച്ചച്ചിരി ബാക്കി വക്കും.

പിന്നെയും എങ്ങനെ തല്ലാന്‍ തോന്നുന്നടോ.??

അസി അസീബ് പുത്തലത്ത്

We use cookies to give you the best possible experience. Learn more