1. വലതു യുക്തികള്‍ സിമ്പിളാണ്, പോപ്പുലറാണ്, വാട്‌സാപ്പില്‍ പാസ് ചെയ്യാന്‍ എളുപ്പവുമാണ്. ഒരൊറ്റ രാജ്യത്തൊരൊറ്റ നിയമം പോരേ എന്ന ചോദ്യത്തെ ഖണ്ഡിക്കാന്‍ തലകുത്തി നിന്നിട്ടും കാര്യമില്ല. സ്‌കൂളില്‍ ചൊല്ലിയ പ്രതിജ്ഞ, വരച്ച മാപ്പ്, പോക്കറ്റില്‍ കിടക്കുന്ന രണ്ട് രൂപ കൊയിന്‍ തുടങ്ങി എല്ലാം വലതുയുക്തിക്ക് ബലം നല്‍കും. പണ്ടേതോ കാലത്ത് നെഹ്രു കാശ്മീരിനെ പ്രീണിപ്പിച്ച കരാറിനെ ഇപ്പോഴെങ്കിലും എടുത്ത് കളയുന്ന 2 ഗുജറാത്തികള്‍ക്ക് അഭിവാദ്യങ്ങളര്‍പ്പിക്കും. ഒരേയൊരിന്ത്യ, ഒരൊറ്റ ജനത – ദ പോപുലര്‍ & കാച്ചിംഗ് സ്ലോഗന്‍.!
2. നാഗാലാന്റിന് സ്വന്തമായി ഭരണഘടന, കൊടി, പാസ്‌പോര്‍ട്ട്, യു.എന്‍ പ്രതിനിധി, കമ്മട്ടം ഒന്ന് വാങ്ങാന്‍ പാങ്ങായാല്‍ സ്വന്തമായി കറന്‍സി എന്നിവയൊക്കെ സമ്മതിച്ച് ഇന്ത്യന്‍ ഗവണ്മെന്റ് 2015 ല്‍ കരാറൊപ്പിട്ടിട്ടുണ്ട്. ഒപ്പിടുന്നത് ഇതേ മോദിയും, ഇതേ അമിത്ഷായുടെ പാര്‍ട്ടി നയിക്കുന്ന കേന്ദ്ര സര്‍ക്കാരും. ഇതുപോലെ സ്‌പെഷ്യല്‍ സ്റ്റാറ്റസുള്ള പത്തോളം സംസ്ഥാനങ്ങളിപ്പോഴും ഇന്ത്യയിലുണ്ട്. തുന്നിക്കൂട്ടിയൊരിന്ത്യ, തൊള്ളായിരം ജനത – ദ ബ്യൂട്ടിഫുള്‍ & കോമ്പ്‌ലിക്കേറ്റഡ് ഫാക്ട്.
3, ഹിന്ദു എക്‌സ്ട്രീമിസ്റ്റായ, പാകിസ്ഥാനില്‍ ചേരാന്‍ താല്പര്യമുണ്ടായിരുന്ന രാജാവും മുസ്‌ലിം ഭൂരിപക്ഷമുള്ള, സെക്യുലറായ, ഒറ്റക്ക് നില്‍ക്കാന്‍ കഴിയാത്തപക്ഷം ഇന്ത്യയില്‍ ചേരാനാഗ്രഹിച്ച ജനതയും, ഇന്ത്യക്ക് താല്പര്യമില്ലാത്തതും പാകിസ്ഥാന് താല്പര്യമുള്ളതുമായ ഭൂമിയും. ഇതായിരുന്നു കാശ്മീര്‍. ഇന്ത്യയും പാകിസ്ഥാനും രൂപം കൊണ്ട ശേഷവും ഒറ്റക്ക് നിന്ന മറ്റൊരു രാജ്യം.
4. ഇവിടുത്തെ റാണി ഒന്ന് കൂക്കി വിളിച്ച് അപ്പുറത്തെ രാജ്യത്തെ റാണിയോട് ചായപ്പൊടി കടം ചോദിക്കുന്നയത്ര ദൂരത്തുള്ള, മൂന്ന് രാജാക്കന്മാര്‍ക്ക് വേണമെങ്കില്‍ ഒരു പറമ്പില്‍ വെളിക്കിരിക്കാവുന്ന സൗകര്യമുള്ള, ഓടിട്ട വീടുള്ളവരെല്ലാം നാടുവാഴിയാകുന്ന ടിപ്പിക്കല്‍ ഇന്ത്യന്‍ നാട്ടുരാജ്യമായിരുന്നില്ല കാശ്മീര്‍. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ ചേരുമ്പോള്‍ അവരുടെ എത്‌നിസിറ്റി നിലനിര്‍ത്താന്‍ അവര്‍ കരാര്‍ വച്ചു. മതരാജ്യത്തെ തട്ടിമാറ്റി മതേതരരാജ്യത്തോട് കൂറ് വച്ചു. ഭരണഘടന ആ കൂറിന് രണ്ടുപേജ് പകരം വച്ചു.
5. കരാറാണാദ്യമുണ്ടാവുന്നത്. ആ കരാറുകൊണ്ട് കഴുത്ത് കെട്ടിയപ്പോഴാണ് ഇന്ത്യക്ക് കാശ്മീരിന്റെ തലയുള്ള ഭൂപടമുണ്ടായത്. ഭൂപടം മാത്രം കണ്ടവന്, കാശ്മീരും കര്‍ണാടകവും ഒന്നുപോലെന്ന് കരുതുന്നവന്, അത് മനപ്പാഠമാക്കിയവന് കഥയറിയില്ല, കരാറെന്തെന്ന് അറിയില്ല. ചോരയും നീരും ഒഴുകുന്ന കരാറിന്റെ കഴുത്ത് വെട്ടി, തോക്കിന്റേയും ടാങ്കിന്റെയും നട്ടും ബോള്‍ട്ടുമിട്ട് മുറുക്കിയാല്‍ തല എന്നെന്നേക്കുമായി ഉടലിന് സ്വന്തമാകുമെന്ന് കരുതുന്നവരുടെ ആഘോഷങ്ങള്‍ക്ക് അവസാനവുമില്ല.
6. കരാറ് പ്രകാരം കാശ്മീര്‍ ഇന്ത്യയുടേതാണ്. കാശ്മീരികള്‍ ഇന്ത്യക്കാരാണ്. ടെക്‌നിക്കലി മറ്റൊരു രാജ്യത്തിനും ആ അവകാശവാദമുന്നയിക്കാനാവില്ല. ടെക്‌നിക്കലി ഒരു കാശ്മീരിക്കും ഞാന്‍ ഇന്ത്യക്കാരനല്ല എന്നും പറയാനാവില്ല.
7. കരാര്‍ ഇന്ത്യന്‍ ഭരണകൂടം ഏകപക്ഷീയമായി റദ്ദാക്കി. ഇപ്പോ കാശ്മീരില്ല. ഇപ്പോഴുള്ളത് പാക് ഒക്യുപൈഡ് കാശ്മീര്‍, ചൈന ഒക്യുപൈഡ് കാശ്മീര്‍ & ഇന്ത്യ ഒക്യുപൈഡ് കാശ്മീര്‍ എന്ന് കാശ്മീരികള്‍ പറയും. ഞങ്ങള്‍ ഇന്ത്യക്കാരല്ല എന്നും അവര്‍ക്ക് പറയാം, ടെക്‌നിക്കലായും ധാര്‍മ്മികമായും. അവരോട് ചോദിക്കാതെയാണ് ഒരൊറ്റ രാത്രികൊണ്ട് കരാറ് റദ്ദാക്കിയത്. ഇരു കക്ഷികളും ഒന്നിച്ചിരുന്നുണ്ടാക്കിയ കരാറാണ്, ഭരണഘടനയില്‍ എഴുതിയതാണ്. കീറിക്കളയും മുന്‍പ് 100 നടപടികളുണ്ടായിരുന്നു. നൂറ്റി ഒന്നാമത്തേത് ചെയ്തിട്ടല്ല, കക്ഷിയേയും സഭകളേയും ജനങ്ങളേയും പൂട്ടിയിട്ടിട്ടല്ല, പ്രതിപക്ഷത്തെ അറിയിക്കാതെയല്ല അത് വര്‍ത്തിക്കുക. അങ്ങനെ ചെയ്യാന്‍ ഇന്ത്യന്‍ ഭരണഘടന, അമിത് ഷാക്ക് പിതാവ് മാര്‍വാഡിയുടെ സ്വത്തിന്റെ വിഹിതം കിട്ടിയതല്ല.
8. പക്ഷേ, അവരത് ചെയ്യും. ഭരണഘടന തിരുത്തും, ഒരാളോടും ചോദിക്കാതെ. അതിന് കയ്യടി കിട്ടും, ‘ഇടത് – പുരോഗമന’ മനസുള്ള(ഉവ്വ) മലയാളികളും ലിബറലുകളും മുന്നില്‍ കാണും. മുഖ്യപ്രതിപക്ഷം കോണ്‍ഗ്രസ് വായില്‍ വിരലിട്ടിരിക്കും.
9. ഇന്ത്യാ-പാക് ക്രിക്കറ്റ് കളി കാണുമ്പോള്‍ പാകിസ്ഥാന്‍ ജയിക്കണമെന്ന് ആഗ്രഹിച്ച് പോസ്റ്റിടുന്ന കളി പ്രേമിയെ, വസ്തുനിഷ്ടമായ ചര്‍ച്ചക്കിടയില്‍ ഇന്ത്യന്‍ ഭരണകൂടത്തെ വിമര്‍ശിക്കുന്നവനെ, ഫേസ്ബുക്കില്‍ ദേശീയത എന്ന ഊളത്തരത്തെ കൊള്ളാത്തവനെ തീവ്രവാദിയാക്കാന്‍ സാധുതയുള്ള നിയമങ്ങള്‍ കുറച്ച് ദിവസം മുന്നെ പാസാക്കിയിട്ടുണ്ട്. ഇനി, കോള്‍ ഹിസ്റ്ററി നോക്കണ്ട, ആരോടേലും സംസാരിച്ചെന്ന് തെളിയിക്കണ്ട, തീവ്ര സംഘടനയുമായി ബന്ധം വേണ്ട, അവരുടെ കണ്ണില്‍ പെട്ടാല്‍ മാത്രം മതി. UAPA ബില്‍, NIA ബില്‍ ഇവയൊക്കെ പാസാക്കുമ്പോള്‍ കോണ്‍ഗ്രസുകാര്‍ വായില്‍ വിരലിട്ട് ഇരുന്നില്ല. ബി.ജെ.പിയേക്കാള്‍ ആവേശത്തോടെ വിരലുകൊണ്ട് വോട്ട് കുത്തി.
10. പാസാവുന്ന നിയമങ്ങള്‍ ദുരുപയോഗം ചെയ്യില്ലെന്ന് കോണ്‍ഗ്രസിന് അമിത് ഷാ ഉറപ്പ് നല്‍കിയിരുന്നു. മരിച്ച ജസ്റ്റിസ് ലോയയുടെ ആത്മാവ് ആര്‍ത്തട്ടഹസിച്ചുകാണും, മരിക്കാന്‍ കിടക്കുന്ന സഞ്ജീവ് ഭട്ടിന്റെ ബോധം ഒന്നുണര്‍ന്ന് ചിരിച്ചുകാണും, ട്രക്ക് കയറിയിറങ്ങിപ്പോയ ആ പെണ്‍കുട്ടിയുടെ ശരീരം ഒന്നനങ്ങിക്കാണും, കൗമാരവും യൗവ്വനവും ഇരുട്ടറയില്‍ കുടുങ്ങിയ ആയിരം പേര്‍ അഴിയില്‍ പിടിച്ചെണീറ്റ് കാണും. ഇന്ത്യയില്‍ നിയമം ദുരുപയോഗം ചെയ്യില്ലത്രേ.!
11. സ്‌പെഷ്യല്‍ സ്റ്റേറ്റായിരുന്ന കാശ്മീരിന് ഇന്ന് സഭയില്ല, പ്രതിനിധികളില്ല, നേതാക്കളില്ല, അസ്ഥിത്വം പോലുമില്ല. സംസാരമില്ല, സഹായമില്ല, സ്വാന്തനിപ്പിക്കലില്ല. അവരിനിയുമത് ചെയ്യും. ബാലറ്റ് വഴി ഭരണം കിട്ടില്ലെന്നുറപ്പായാല്‍ ഭരണഘടന തിരുത്താതെ തന്നെ ഒറ്റ രാത്രി കൊണ്ട് അവര്‍ കേരളം പിടിക്കും. മിനിയാന്ന് രാത്രി നടന്നതിനേക്കാള്‍ എളുപ്പമാണത്. അതിനും നമ്മടെ കൂടെയുള്ളവര്‍ കയ്യടിക്കും. കോണ്‍ഗ്രസിന്റെ വിരലുകള്‍ എവിടെയാകുമെന്ന് ഒരുറപ്പുമില്ല. വിരലാവേണ്ട കോണ്‍ഗ്രസിന്റെ ചീഫ് വിപ്പ് ഇന്നലെ ബി.ജെ.പിയില്‍ ചേരാന്‍ പോയിട്ടുണ്ട്.
12, ഇനിയും മാര്‍ട്ടിന്‍ നിമൊള്ളരുടെ ‘അവസാനം അവര്‍ എന്നെയും തേടി വന്നു’ എന്ന നാസിക്കാലത്തെ കവിത കമ്യൂണിസ്റ്റുകാര്‍ ചൊല്ലിയാല്‍ അയാളുടെ അസ്ഥിപഞ്ചരം കുഴിയില്‍ നിന്ന് എണീറ്റ് വന്ന് നിങ്ങളെ തല്ലും. ‘ഇവന്മാരെ പറഞ്ഞ് മനസിലാക്കാന്‍ നോക്കുന്നേല്‍ ഭേദം ഒള്ള നേരത്ത് ശരീരത്ത് പിടിക്കുന്ന വല്ലതും തിന്നാല്‍ അവര്‍ വരുമ്പോ തല്ലി നില്‍ക്കാനോ രക്ഷപ്പെട്ട് ഓടാനോ ഉപകരിക്കും’ എന്ന് ഉപദേശിക്കുകയും ചെയ്യും.
13. വലത് യുക്തികള്‍ സിമ്പിളാണ്, പോപ്പുലറാണ്, എളുപ്പം കണ്വേ ചെയ്യുന്നതാണ്. അതുകൊണ്ട് കൂടെയാണ് ഈ ലോകമിങ്ങനെയായത്. ലോകത്ത് വംശീയതയുണ്ടായത്, വര്‍ഗീയതയുണ്ടായത് യുദ്ധമുണ്ടായത്, പാലായനമുണ്ടായത്, അഭയാര്‍ത്ഥികളുണ്ടായത്. ഐലന്‍ കുര്‍ദിയും മാര്‍ട്ടിന്‍ ലൂഥറും ഹിറ്റ്‌ലറും മോദിയും ട്രമ്പുമുണ്ടായത്.
14. വലതായിരിക്കാന്‍ എളുപ്പമാണ്, അതിന് ആയിരം കാരണങ്ങളുണ്ട്. ഇടതായിരിക്കാന്‍ ഒരേയൊരു കാരണമേയുള്ളു, മനുഷ്യനാണെന്നത് മാത്രം. മനുഷ്യനാവാന്‍ നല്ല പണിപ്പാടാണ്.
ഞാന്‍ മനുഷ്യനാവാന്‍ ആഗ്രഹിക്കുന്നയാളാണ്. എന്റെ രാഷ്ട്രീയം ഇടതാണ്. ഞാന്‍ കാശ്മീരിനൊപ്പമാണ്. അനീതി ചെയ്യപ്പെട്ട ആ ജനതയുടെ കൂടെ തന്നെയാണ്.!