ഒരു തരിഗാമി മതി, ഒരു സമ്പത്ത് മതി, കൊള്ളാവുന്ന ഒരു കമ്മ്യൂണിസ്റ്റുകാരന്‍ മതി!!
FB Notification
ഒരു തരിഗാമി മതി, ഒരു സമ്പത്ത് മതി, കൊള്ളാവുന്ന ഒരു കമ്മ്യൂണിസ്റ്റുകാരന്‍ മതി!!
അസി അസീബ് പുത്തലത്ത്
Wednesday, 6th March 2019, 12:21 pm

 

89 എം.എല്‍.എമാരുണ്ട് ജമ്മു കശ്മീര്‍ നിയമസഭയില്‍. വിഘടനവാദികളായ 28 പി.ഡി.പിക്കാര്‍ മുതല്‍ അവര്‍ക്കൊപ്പം കഴിഞ്ഞ ദിവസം വരെ സഖ്യത്തില്‍ ഭരിച്ച ഇരുപത്തഞ്ചോളം ദേശസ്‌നേഹികളായ സംഘികള്‍ വരെ. പന്ത്രണ്ടോളം “സോ കോള്‍ഡ്” സെക്യുലര്‍ കോണ്‍ഗ്രസുകാര്‍ മുതല്‍ രണ്ടക്കം കടക്കുന്ന ഇസ്‌ലാമിസ്റ്റുകള്‍ വരെ.

എന്നിട്ടും, കത്വയില്‍ 2018 ജനുവരിയില്‍ ആസിഫ കൊല്ലപ്പെട്ട വാര്‍ത്ത ഏപ്രിലിലെങ്കിലും സര്‍ക്കാരോ നാഷണല്‍ മീഡിയകളോ സമൂഹമാധ്യമങ്ങളോ ഏറ്റെടുക്കാന്‍, അഡ്രസ് ചെയ്യാന്‍ ആ മൂന്ന് മാസവും അസംബ്ലിക്കകത്തും പുറത്തും ഒറ്റയാള്‍ പോരാട്ടം നടത്തിയത് മുഹമ്മദ് യൂസഫ് തരിഗാമി എന്ന ഒരു എം.എല്‍.എയാണ്. അയാളെ ആ നിയമസഭയിലേക്കയച്ചത് സി.പി.ഐ.എം എന്ന പാര്‍ട്ടിയായിരുന്നു.

No photo description available.

68 സീറ്റുള്ള ഹിമാചലില്‍ പശുവിനെ രാഷ്ട്രത്തിന്റെ മാതാവാക്കണമെന്ന് കോണ്‍ഗ്രസ് ഇക്കഴിഞ്ഞ ഡിസംബറില്‍ കൊണ്ടുവന്ന ബില്‍ ബി.ജെ.പി കയ്യടിച്ച് പാസാക്കുമ്പോള്‍ ആകെ വന്ന ഒരു എതിര്‍ വോട്ട് രാകേഷ് സിന്‍ഹയുടേതായിരുന്നു. “ബോധമില്ലാത്തവര്‍ക്കേ ഇങ്ങനൊരു ബില്‍ കൊണ്ടുവരാന്‍ കഴിയൂ” എന്ന് നിവര്‍ന്ന് നിന്ന് അയാളെക്കൊണ്ട് പറയിപ്പിച്ചത് സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയമാണ്.

കുഴികുത്തി, കയര്‍ കുരുക്കി ചാവ് കാത്തിരുന്ന മഹാരാഷ്ട്രയിലെ കര്‍ഷകരെ കൂടെ കൂട്ടി രണ്ടുവട്ടം കിസാന്‍ മാര്‍ച്ച് നടത്തി, അധികാരികളെ മുട്ടുകുത്തിക്കാന്‍ മുന്നില്‍ നിന്ന ജെ.പി ഗാവിതെന്ന നാസിക്കിലെ എം.എല്‍.എക്കും ഒഡീഷയിലെ ആദിവാസികളെ ഒപ്പം ചേര്‍ത്ത് നാഷണല്‍ ഹൈവേ അതോറിറ്റിയില്‍ നിന്ന് 1700 കോടിയുടെ പാക്കേജ്, അവരുടെ ഗ്രാമത്തിലൂടെ കടന്ന് പോകുന്ന വഴി നന്നാക്കാന്‍ വാങ്ങിയെടുത്ത ലക്ഷ്മണ്‍ മുണ്ടെ എന്ന എം.എല്‍.എക്കും ജനങ്ങള്‍ വോട്ട് ചെയ്തത് അരിവാള്‍-ചുറ്റിക-നക്ഷത്രത്തിലായിരുന്നു. അവരൊക്കെ പിടിച്ചത് ചെങ്കൊടിയായിരുന്നു.

No photo description available.

രാജസ്ഥാനിലെ ബി.ജെ.പി ഗവണ്മെന്റിനെ കഴിഞ്ഞവര്‍ഷം വലിച്ച് താഴെയിടാന്‍ കാരണങ്ങളിലൊന്നായ സികര്‍ കര്‍ഷകസമരം നടത്താന്‍, കര്‍ണാടകയില്‍ സവര്‍ണ്ണന്റെ എച്ചിലില്‍ “അപ്പാവികള്‍” കിടന്നുരുളുന്ന 500 വര്‍ഷം പഴക്കമുള്ള അനാചാരം “മഡേസ്‌നാന” അവസാനിപ്പിക്കാന്‍, തമിഴ്‌നാട്ടിലെ 600 മീറ്റര്‍ നീളവും പത്തടി ഉയരവുമുള്ള ജാതിമതില്‍ പൊളിച്ച് കല്ലെടുത്ത് കാട്ടിലേക്കെറിയാന്‍ ആ പാര്‍ട്ടിക്ക് ഒരു എം.എല്‍.എ പോലും വേണ്ടി വന്നില്ല.

മൊബ് ലിഞ്ചിങ്ങിനെക്കുറിച്ച്, ഡിമോണിറ്റൈസേഷനെക്കുറിച്ച്, ഇന്ത്യയുടെ ബഹുസ്വരതയെക്കുറിച്ച് മോദിഭരണകാലത്ത് രാജ്യസഭയില്‍ ഏറ്റവും ആഴത്തിലുള്ള പ്രസംഗങ്ങള്‍ നടത്തിയത് സി.പി.ഐ.എമ്മിന്റെ ദേശീയ സെക്രട്ടറി സീതറാം യച്ചൂരിയാണ്. നിയമകാര്യങ്ങളിലെ എന്‍സൈക്ലോപീഡിയ എന്ന് മായാവതി വിശേഷിപ്പിച്ച പി. രാജീവിന്റെ കാലാവധി കഴിയുന്ന ദിവസം “അയാള്‍ ഒഴിവാകുന്നതോടെ ഇനി ഞങ്ങളുടെ പണി എളുപ്പമാകും” എന്ന് അരുണ്‍ ജെയ്റ്റ്‌ലി തുറന്ന് പറയുന്ന വീഡിയോ ക്ലിപ്പ് യൂറ്റിയൂബില്‍ കിടപ്പുണ്ട്.

 

No photo description available.

ഇക്കഴിഞ്ഞ ബഡ്ജറ്റ് നയപ്രസംഗത്തില്‍, ലോക്‌സഭാ സെക്രട്ടറിയേറ്റിന് തിരഞ്ഞെടുത്ത 1075 നിര്‍ദേശങ്ങളില്‍ 443 എണ്ണവും എ സമ്പത്ത് എം.പിയുടേതാണ്, അത് സര്‍വകാല റെക്കോഡായി രേഖപ്പെടുത്തിയിട്ടുണ്ട്. പതിനാറാം ലോക്‌സഭയിലെ ഏറ്റവും നല്ല പെര്‍ഫോമര്‍മാരില്‍ ആദ്യത്തെ ഡസനില്‍ പി.കെ ബിജുവും എം.ബി രാജേഷും സമ്പത്തിനൊപ്പം വരും, കഴിഞ്ഞ സഭയിലെ പോലെ തന്നെ.

സി.എന്‍.എന്‍- ന്യൂസ് 18 അനാലിസിസ് പ്രകാരം ലോക്‌സഭയില്‍ ഏറ്റവും വലിയ ഇടപെടല്‍ നടത്തുന്നത് സി.പി.ഐ.എമ്മാണ്. സ്വതന്ത്രരടക്കം 11 പേരുള്ളതില്‍, ശരാശരി ഒരു എം.പി 400+ ചോദ്യങ്ങള്‍ ചോദിക്കുന്നു, 180+ ചര്‍ച്ചകളില്‍ ഇടപെടുന്നു. 44 അംഗങ്ങളുള്ള കോണ്‍ഗ്രസിന്റെ ഒരു എം.പിയുടേത് 290+ ചോദ്യങ്ങളും 70+ ചര്‍ച്ചകളും മാത്രമാകുമ്പോള്‍ ബി.ജെ.പിയുടേതത് യഥാക്രമം 240+, 80+ എന്നിങ്ങനെയാണ്.

Also read:തകര്‍ത്തെന്ന് ഇന്ത്യ അവകാശപ്പെട്ട ജെയ്‌ഷെ മദ്രസകളെല്ലാം അവിടെത്തന്നെയുണ്ട്: സാറ്റലൈറ്റ് ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ റോയിറ്റേഴ്‌സ്

ഏറ്റവും മികച്ച രീതിയില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എം.പിമാര്‍ കേരളത്തിലെയും (LDF) ത്രിപുരയിലേതുമാണ്. അതില്‍ കേരളത്തിലെ ഇടത് എം.പിമാരുടെ അറ്റന്‍ഡന്‍സ് ദേശീയ ശരാശരിക്ക് മുകളിലും യു.ഡി.എഫ് എം.പിമാരുടേത് ദേശീയ ശരാശരിക്ക് താഴെയുമാണ്. ചോദ്യങ്ങള്‍ ചോദിക്കുന്നതിലും ചര്‍ച്ചയാക്കുന്നതിലുമടക്കം ഇടത് എം.പിമാരുടെ അപ്രമാദിത്തമാണ്. ഒരു എല്‍.ഡി.എഫ് എം.പി ശരാശരി 195 ചര്‍ച്ചയില്‍ പങ്കെടുത്തപ്പോള്‍ യു.ഡി.എഫ് എം.പിയുടേതത് 128 മാത്രമാണ്. ( ലിങ്കുകള്‍)

No photo description available.

നാരോ മാര്‍ജിനില്‍ ഭരണത്തിലേറിയ ഒന്നാം യു.പി.എ ഗവണ്മെന്റിന്റെ ഏറ്റവും ജനകീയമായ തൊഴിലുറപ്പ് പദ്ധതിയും വിപ്ലവകരമായ വിവരാവകാശനിയമവും കൊണ്ടുവന്നത് സി.പി.ഐ.എമ്മിന്റെ അറുപതോളം എം.പിമാരുടെ ശക്തമായ ബാര്‍ഗയിനിംഗ് പവര്‍ കൊണ്ടായിരുന്നു. അതിന്റെ പുറത്തേറിയാണ് യു.പി.എ വന്‍ഭൂരിപക്ഷത്തോടെ രണ്ടാം വട്ടം അധികാരത്തിലേറിയത്.

ലോക്‌സഭയില്‍ രണ്ട് വരി വെള്ളിവീഴാതെ സംസാരിച്ചാല്‍, പെട്രോള്‍ വിലയെപ്പറ്റിയോ കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തെ തീറെഴുതുന്നതിനെ പറ്റിയോ മിണ്ടാതെ, നൈസായി ഹിന്ദുത്വരാഷ്ട്രീയത്തെ തലോടി, ആര്‍.എസ്.എസിനെ സനേഹിച്ച് തോല്‍പ്പിക്കാന്‍ ആഹ്വാനിച്ച്, മോദിയെ കെട്ടിപ്പിടിച്ച് കണ്ണിറുക്കിക്കാണിച്ചാല്‍രാഹുല്‍ ജി പ്രധാനമന്ത്രിയാവാന്‍ യോഗ്യനായെന്ന് വിധിയെഴുതുന്ന മിഡില്‍ക്ലാസിനോ മീഡിയക്കോ പ്രിസൈസ് ഡാറ്റയോ ജനകീയ ഇടപെടലുകളോ വിഷയമാവാറില്ല, അവര്‍ ഇടപെടുന്നവരെ കാണാറുമില്ല. അനേകം പാര്‍ട്ടി ഓഫീസുകള്‍ ദല്‍ഹിയിലുണ്ടായിട്ടും സംഘികള്‍ എന്തുകൊണ്ട് എ.കെ.ജി ഭവന്‍ മാത്രം ആക്രമിച്ചെന്നും തിരിയില്ല, പറയില്ല.

കേരളാഹൗസിന്റെ അടുക്കളയില്‍ ഗോസായിപ്പോലീസ് കേറിയപ്പോ അവിടെ ഓടിയെത്തി കൂട്ടംകൂടി നിന്ന് രണ്ട് മുദ്രാവാക്യം വിളിച്ചെങ്കിലും മലയാളിയുടെ നിലപാടറിയിക്കാന്‍, കരിനിയമങ്ങളില്‍ പെടുത്തി മുസ്‌ലിം-ദളിത് നിരപരാധികളെ വിചാരണകൂടാതെ ജയിലിലടക്കുന്നതിനെതിരെ പ്രസിഡന്റിനെ കണ്ട് മെമോറാണ്ടം നല്‍കാന്‍, ഒരു വലിയ പാര്‍ട്ടിക്കാരും അവിടെയുണ്ടായിട്ടില്ല, മാര്‍ക്‌സിസ്റ്റുകാരല്ലാതെ, കരാട്ടും സുഭാഷിണി അലിയും തരിഗാമിയുമല്ലാതെ.

ബികോസ്, ക്വാണ്ടിറ്റി ഈസ് ഗുഡ് ടു മേക്ക് നോയിസ്. ബട്ട് ടു റൈസ് ദ വോയിസ്, ഇറ്റ് ഡിമാന്‍ഡ്‌സ് ക്വാളിറ്റി.

കാര്യങ്ങള്‍ പഠിക്കാന്‍, പറയാന്‍, ഡെലിവര്‍ ചെയ്യാന്‍, കലഹിക്കാന്‍ സഭയിലും നിരത്തിലും അങ്ങനെയുള്ളവരുണ്ടാവണം. കോര്‍പ്പറേറ്റുകള്‍ക്ക് വിധേയപ്പെട്ടവരേക്കാള്‍ ജനങ്ങള്‍ക്കായി സംസാരിക്കുന്നവര്‍ വേണം, ഓക്‌സ്‌ഫോഡ് ഇംഗ്ലീഷ് വൊക്കാബുലറിയേക്കാള്‍ പറയുന്ന കാര്യങ്ങള്‍ മീനിംഗ്ഫുള്‍ ആയിരിക്കണം. പൂണൂല്‍ പൊക്കിക്കാണിക്കുന്നവരേക്കാള്‍ ഭരണഘടനയെ ക്വോട്ട് ചെയ്യുന്നവര്‍ കാണണം, അവിടെ എണ്ണത്തേക്കാള്‍, കൊണമുള്ളവര്‍ വേണം.

അങ്ങനെ കൊണമുള്ളവരെങ്കില്‍, അതൊരു തരിയെങ്കിലും മതി, ഒരു തരിഗാമി മതി. ഒരു സമ്പത്ത് മതി, നാടിന് സമ്പത്തായാല്‍ മതി. പത്ത് പേര് മതി, കൂടെയൊത്ത് നിന്നാല്‍ മതി. അവര്‍ പത്തിടത്ത് നിന്നായാലും മുറുകെപ്പിടിക്കാനൊരു പ്രത്യയശാസ്ത്രം മതി. എയര്‍ബസില്‍ കൊണ്ടുപോയി റിസോര്‍ട്ടില്‍ പൂട്ടിയിടേണ്ട ഗതികേടില്ലാതിരുന്നാല്‍ മതി. ഓട്ടോയില്‍ കേറ്റി വിട്ടാലും കൃത്യമായി സഭയിലെത്തിയാല്‍ മതി. കിട്ടിയ വോട്ടിനോടും ജയിപ്പിച്ച പാര്‍ട്ടിയോടും ഏല്‍പ്പിച്ച പണിയോടും കൂറുള്ളവര്‍ മതി. കൊള്ളാവുന്ന ഒരു കമ്മ്യൂണിസ്റ്റുകാരന്‍ മതി..!