ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം അശ്വിന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയാകാനൊരുങ്ങുന്ന ശശികലയ്ക്ക് നേരെ നടത്തിയ ട്വീറ്റ് ദേശീയ ശ്രദ്ധ നേടുന്നു. പുതിയ മുഖ്യമന്ത്രി അധികാരത്തിലെത്താന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ക്കിടെയായിരുന്നു അശ്വിന്‍ ട്വിറ്ററിലൂടെ തന്റെ നാട്ടിലെ യുവാക്കള്‍ക്കായി ട്വീറ്റ് ചെയ്തത്. എന്നാല്‍ ട്വിറ്റീല്‍ കമന്റുകളും ഷെയറുകളും കൂടിയപ്പോള്‍ രാഷ്ട്രീയപരമായ ട്വീറ്റല്ലെന്ന വിശദീകരണവുമായും താരം എത്തി.
Also read ബി.സി.സി.ഐയില്‍ ശുദ്ധികലശത്തിനൊരുങ്ങി വിനോദ് റായ്
തമിഴ്‌നാട്ടിലെ യുവാക്കളോട് 234 ജോലി സാധ്യതകള്‍ ഉടന്‍ ആരംഭിക്കാന്‍ പോകുന്നു എന്നാണ് അശ്വിന്‍ ട്വീറ്റ് ചെയ്തത്. തമിഴ്‌നാട്ടില്‍ 234 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. പുതിയ മുഖ്യമന്ത്രി പ്രഖ്യാപനത്തോടെ തെരഞ്ഞെടുപ്പ് സാധ്യതകളാണ് താരം ഉദ്ദേശിച്ചതെന്ന രീതിയിലാണ് ട്വീറ്ററില്‍ കമന്റുകള്‍ വന്നത്. ട്വീറ്റിനു താഴെ 2,900 ഫോളോവേഴ്‌സാണ് റീ ട്വീറ്റുകളുമായെത്തിയത്. മണിക്കുറുകള്‍ക്കകം തന്നെ 5,300 ലൈക്കുകളും പോസ്റ്റിനു ലഭിച്ചു പിന്നീടായിരുന്നു രാഷ്ട്രീയ ട്വീറ്റായിരുന്നില്ല എന്ന വിശദീകരണവുമായി താരം വീണ്ടുമെത്തിയത്.
ആദ്യ ട്വീറ്റു കഴിഞ്ഞ് രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു അശ്വിന്റെ വിശദീകരണങ്ങള്‍. രാഷ്ട്രീയമായി അതിലൊന്നും ഇല്ലെന്നും ജോലി സാധ്യതകള്‍ തന്നെയാണ് ഉദ്ദേശിച്ചതെന്നും വികാരപരമായി എടുക്കേണ്ട കാര്യമില്ലെന്നും അശ്വിന്‍ വിശദീകരിച്ചു. വിശദീകരണവുമായെത്തിയ രണ്ടാമത്തെ ട്വീറ്റില്‍ അശ്വിന്റെ മാനേജര്‍ വി ബാലാജിയും രാഷ്ട്രീയ കാര്യങ്ങളില്ലെന്നും യുവാക്കളോട് തൊഴില്‍ അവസരങ്ങളെ കുറിച്ചുള്ള ക്യാംപെയിന്‍ മാത്രമാണിതെന്നും പറഞ്ഞു.
ക്രിക്കറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് വഴിയും സ്ഥാപനങ്ങള്‍ വഴിയും 234 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണെന്നും രാഷ്ട്രീയമേ അശ്വിന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ബാലാജി ട്വീറ്റീലൂടെ വിശദീകരിച്ചു. തൊഴിലവസരങ്ങള്‍ എന്നത് കൊണ്ട് തന്നെപ്പോലെ അശ്വിനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെയാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.