ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് അശ്വിന്‍ ജോസ് സിനിമയിലേക്ക് എത്തിയത്. ചിത്രത്തിലെ നെഞ്ചിനകത്ത് ലാലേട്ടന്‍ എന്ന പാട്ട് കൂട്ടത്തിലുള്ള മറ്റ് പുതുമുഖങ്ങളില്‍ നിന്നും അശ്വിന് കുറച്ചുകൂടി മുന്‍ഗണന നേടിക്കൊടുത്തിരുന്നു.
ഒരു മമ്മൂട്ടി ഫാനായ താന്‍ എങ്ങനെയാണ് മോഹന്‍ലാലിന്റെ പാട്ടിലൂടെ ശ്രദ്ധ നേടിയതെന്ന് ആലോചിക്കാറുണ്ടെന്ന് പറയുകയാണ് അശ്വിന്‍. ആ പാട്ട് കൊണ്ട് മോഹന്‍ലാല്‍ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ആ ഐഡിന്റിറ്റിയില്‍ അഭിമാനമുണ്ടെന്നും മീഡിയ വണിന് നല്‍കിയ അഭിമുഖത്തില്‍ അശ്വിന്‍ പറഞ്ഞു.
‘ഞാന്‍ ഭയങ്കര മമ്മൂട്ടി ഫാനാണ്. വീട്ടില്‍ ചേട്ടന്‍ ലാലേട്ടന്‍ ഫാനും ഞാന്‍ മമ്മൂട്ടി ഫാനുമാണ്. ഞങ്ങള്‍ വീട്ടില്‍ എപ്പോഴും അടിയുണ്ടാക്കും. ചേട്ടന്‍ എന്നെക്കാളും ഏഴ് വയസിന് മൂത്തതാണ്. ചേട്ടന്‍ എന്നെ ഇടിച്ച് താഴെ ഇട്ടിട്ട് ലാലേട്ടന്‍ കി ജയ് എന്ന് പറയെടാ എന്ന് പറയിപ്പിക്കും. അന്ന് പറയില്ലെടാ എന്ന് പറഞ്ഞോണ്ടിരുന്ന ഞാന്‍ സിനിമയില്‍ കയറിയത് ലാലേട്ടന്റെ പാട്ട് പാടിയിട്ടാണ്.
എന്റെ ഐഡിന്റിറ്റിയായും ആ പാട്ടാണ് നില്‍ക്കുന്നത്. എനിക്ക് എങ്ങനെയാണ് അങ്ങനെ ഒരു രീതിയില്‍ വന്നത് എന്ന് ആലോചിച്ചിട്ടുണ്ട്. ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടാണ് അങ്ങനെ വന്നത് എന്ന് ചേട്ടന്‍ പറയാറുണ്ട്.
പക്ഷേ ഈ സംഭവം കൊണ്ട് എനിക്ക് ഒരു സന്തോഷം ഉണ്ടായിട്ടുണ്ട്. ലാലേട്ടന്റെ സിനിമയുടെ സെറ്റില്‍ പോയിരുന്നു. അദ്ദേഹം മാറി നിന്ന് ഒരു സീന്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. ഞാന്‍ വെറുതേ അവിടെ പോയി നിന്നു. ലാലേട്ടന്‍ എന്നെ കണ്ട് തിരിച്ചറിഞ്ഞ് കൈ ഉയര്‍ത്തി കാണിച്ചു. എനിക്ക് അത് ഭയങ്കര സന്തോഷമായി. എന്നെ ഒക്കെ തിരിച്ചറിയുന്നുണ്ടല്ലോ. വളരെ സന്തോഷമായി.
ഒരുപാട് കഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ ഭാഗ്യം, ദൈവാനുഗ്രഹം എന്നൊക്കെ പറയുന്ന കാര്യങ്ങള്‍ സംഭവിക്കില്ലേ. എന്നെ സംബന്ധിച്ച് നെഞ്ചിനകത്ത് ലാലേട്ടന്‍ എന്ന പാട്ട് കിട്ടിയതാണ് എന്റെ ഭാഗ്യം.
അന്ന് ഞങ്ങളോട് ഡിജോ ചേട്ടന്‍ ഈ സീന്‍ വായിച്ചുകേള്‍പ്പിക്കുമ്പോള്‍ ഇവന്മാരെല്ലാം എന്നെ നോക്കി. ഞാന്‍ വൈറലായല്ലേ എന്ന് പറഞ്ഞു. അതായിരുന്നു എന്റെ ജനുവനായിട്ടുള്ള റിയാക്ഷന്‍. ഇന്നും ആ ഐഡിന്റിറ്റിയില്‍ അഭിമാനിക്കുന്നു,’ അശ്വിന്‍ പറഞ്ഞു.
Content Highlight: aswin jose talks about mohanlal and queen movie