ഷൂട്ടിനിടക്ക് ഒരിക്കല്‍ പോലും ഗൗതം സാര്‍ മോണിറ്ററിലേക്ക് നോക്കിയിരുന്നില്ല: അശ്വിന്‍ ജോസ്
Film News
ഷൂട്ടിനിടക്ക് ഒരിക്കല്‍ പോലും ഗൗതം സാര്‍ മോണിറ്ററിലേക്ക് നോക്കിയിരുന്നില്ല: അശ്വിന്‍ ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 5th June 2023, 8:56 pm

ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്ത് അശ്വിന്‍ ജോസ് തിരക്കഥ എഴുതിയ സിനിമയാണ് അനുരാഗം. റൊമാന്റിക് കോമഡി ചിത്രമായ അനുരാഗത്തില്‍ ഒരു പ്രധാന കഥാപാത്രമായി സംവിധായകന്‍ ഗൗതം മേനോനുമെത്തിയിരുന്നു.
ഒരുപാട് ഹിറ്റ് റൊമാന്റിക്ക് സിനിമകള്‍ സംവിധാനം ചെയ്ത ഗൗതം മേനോന്‍ ഷൂട്ടിനിടക്ക് ഒരിക്കല്‍ പോലും അഭിനയിച്ചതിനു ശേഷം മോണിറ്ററില്‍ വന്ന് നോക്കിയിട്ടില്ലെന്ന് പറയുകയാണ് അശ്വിന്‍ ജോസ്. മീഡിയ വണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അശ്വിന്‍.

‘പ്രണയം എന്നു പറയുന്ന വികാരം പലര്‍ക്കും പല രീതിയിലാണ്. അതുകൊണ്ട് തന്നെ കഥാപാത്രങ്ങള്‍ ഉണ്ടാക്കുന്ന സമയത്ത് തോന്നിയ ഒരു ആശയമാണ് ഒരു തമിഴ് കഥാപാത്രം. സംഗീതാത്മകമായാണ് സിനിമ പറഞ്ഞുപോവുന്നത്. അതുകൊണ്ട് തന്നെ സിനിമക്ക് ഒരു മ്യൂസിക് സ്വഭാവം ഉണ്ട്.

അങ്ങനെ ഒരു മ്യൂസിക് സ്വഭാവത്തിന്റെ ഭാഗമായാണ് ഒരു മ്യുസിഷ്യന്‍ കഥാപാത്രത്തെ കൊണ്ടുവരുന്നത്. ഗിറ്റാറൊക്കെ വെച്ച് മ്യൂസിക് ചെയുന്ന ഒരു മ്യുസിഷ്യനെയാണ് മനസില്‍ കണ്ടത്. അങ്ങനെ നോക്കിയപ്പോള്‍ ഗൗതം സാറ് അല്ലാതെ വേറാരും മനസില്‍ വന്നില്ല.

ഞാന്‍ കഥ പറഞ്ഞുകൊടുക്കുമ്പോള്‍ പോലും ഗൗതം സാറിന്റെ ശബ്ദത്തിലാണ് പറഞ്ഞു കൊടുത്തിരുന്നത്.
സംവിധായനായ ജോണി സാറും പ്രൊഡക്ഷന്‍ പ്രവര്‍ത്തകരും ആണ് ഗൗതം മേനോനുമായി ബന്ധപ്പെടുത്തിയത്.
കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഹ്യൂമര്‍ സമയത്ത് സാറ് ചിരിക്കുന്നു, റൊമാന്‍സ് പോഷന്‍സ് ഒക്കെ പറയുമ്പോള്‍ പുതിയ ആളെ പോലെ സാര്‍ കേട്ടിരിക്കും.

തോക്കുകളൊക്കെ ഉപയോഗിക്കുന്ന സീരിയസ് കഥാപാത്രങ്ങളാണ് സാറിന് ഇതുവരെ ലഭിച്ചിരുന്നത്. പക്ഷെ അതില്‍ നിന്നൊക്ക മാറി ഒരു റൊമാന്റിക്ക് കഥാപാത്രം ആയപ്പോള്‍ അദ്ദേഹത്തിന് വളരെ സന്തോഷമായി. അതിനുശേഷം ഞങ്ങള്‍ക്കു ഡേറ്റ് നല്‍കുകയും ചെയ്തു. പക്ഷെ അഭിനയിക്കുന്ന സമയത്ത് ഒരിക്കലും മോണിറ്ററിലേക്ക് നോക്കാറില്ല. സംവിധായകന്റെ മുഖത്തേക്കാണ് നോക്കുന്നത്, അഭിനയിച്ചതില്‍ എന്തെങ്കിലും മാറ്റം വരുത്തണോ എന്നുള്ള രീതിയില്‍.


അങ്ങനെയാണ് ഗൗതം സര്‍ ഞങ്ങളെ സഹായിക്കാറുള്ളത്. യഥാര്‍ത്ഥത്തില്‍ ഗൗതം സാറിന് ഹ്യൂമര്‍ ചെയാന്‍ ഭയങ്കര ഇഷ്ടമാണ് അതുകൊണ്ട് തന്നെ സിനിമയില്‍ അങ്ങനെയുള്ള ഹ്യൂമര്‍ സാറ് ചെയിതിട്ടുണ്ട്,’ അശ്വിന്‍ ജോസ് പറഞ്ഞു.

Content Highlight: aswin jose talks about gautham vasudev menon