കഴിഞ്ഞകാലങ്ങളില്‍ ആരെയാണോ തങ്ങള്‍ രാഷ്ട്രീയവൈരികളായി പ്രഖ്യാപിച്ചിരുന്നത് അവരെയൊക്കെ തങ്ങളുടെ പ്രസ്ഥാനക്കാരാണെന്ന് വരുത്തിത്തീര്‍ക്കാനാണ് സംഘപരിവാരങ്ങള്‍ അതികഠിനമായി പ്രയത്നിച്ചുകൊണ്ടിരിക്കുന്നത്. ആദ്യം അവര്‍ ഭഗത്സിങ്ങിനെ ഹിന്ദുവായി പ്രഖ്യാപിക്കുകയും അതിനുള്ള സൈദ്ധാന്തികത ചമയ്ക്കുകയും ചെയ്യുന്നുണ്ട്. പിന്നീട് ഇപ്പോള്‍ ഹിന്ദുത്വശക്തികള്‍ക്കെതിരെ തന്റെ ജീവിതം തന്നെ മാറ്റിവെച്ച ഡോ. ബി.ആര്‍. അംബേദ്കറെയാണ് തങ്ങളുടെ സ്വന്തം ആളായി ഇവര്‍ അവകാശപ്പെടുന്നത്.
”ആയിരക്കണക്കിന് ജനങ്ങളെ അടിമത്തത്തില്‍ നിന്നും സ്വതന്ത്രരാക്കിയ മഹാനായ ബുദ്ധിജീവി” എന്നാണ് അംബേദ്കറെ അദ്ദേഹത്തിന്റെ ഓര്‍മ്മദിവസമായ ഡിസംബര്‍ 6-ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് വിശേഷിപ്പിച്ചത്. കേള്‍ക്കുമ്പോള്‍ കുളിരുകോരുമെങ്കിലും വാക്കുകളിലെ രാഷ്ട്രീയ കാപട്യവും അജണ്ടയും ഭഗവതിന്റെ അടുത്ത വരികളില്‍ തെളിഞ്ഞുകാണാം. ”ഡോ. അംബേദ്ക്കറെ പോലെ ഹെഡ്ഗെവാര്‍ രാജ്യത്തിന്റെ ക്ഷേമത്തിനുവേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ചിരുന്നു.”(ഊന്നല്‍ ലേഖകന്റേത്)
ഇത് രാഷ്ട്രീയവ്യക്തിത്വങ്ങളെ അപ്രോപ്രിയേറ്റ് ചെയ്യുന്നതിന്റെ രാഷ്ട്രീയത്തെ വ്യക്തമാക്കുന്ന ഏറ്റവും നല്ല മാതൃകയും ഉദാഹരണവുമാണ്. അംബേദ്കര്‍ ഇന്ത്യയിലെ കീഴാള ജനവിഭാഗങ്ങളുടെ വികാരമാണ്. അദ്ദേഹം ഇന്ത്യയിലെ ജാതിവ്യവസ്ഥയെ തുറന്നെതിര്‍ക്കുകയും സവര്‍ണ/ബ്രാഹ്മണിക പ്രത്യയശാസ്ത്രങ്ങളെ, ഹിന്ദുത്വപ്രത്യയ ശാസ്ത്രത്തെ എതിര്‍പക്ഷത്ത് നിര്‍ത്തുകയും ചെയ്ത വ്യക്തിയാണ് എന്ന് എല്ലാവര്‍ക്കും അറിയാം.
ഭഗത് സിങ്
അംബേദ്കറിന്റെ ചിന്തകള്‍ക്ക് ഇന്ന് വന്‍ സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. അവിടെയാണ് മോഹന്‍ഭഗവതിന്റെ ഇടപെടല്‍ വരുന്നത്. അംബേദ്കര്‍ ഒരു മഹാനായ ബുദ്ധിജീവിയാണെന്നും അദ്ദേഹം ആയിരക്കണക്കിനു മനുഷ്യരെ അടിമത്തത്തില്‍ നിന്നും സ്വതന്ത്രരാക്കിയെന്നും പറയുക ഏതൊരു സംഘപരിവാറുകാരനും കഴിയുന്ന കാര്യമാണ്.
അതിലൂടെ അംബേദ്കര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയപാരമ്പര്യത്തെ അവകാശപ്പെടുക. തുടര്‍ന്ന് തങ്ങളുടെ പാരമ്പര്യത്തിന്റെ ഭാഗമാണ് അതെന്ന് വിശദീകരിക്കുക. അംബേദ്കറുടെ സ്വീകാര്യതയുടെ ചിലവില്‍ ഹെഡ്ഗാവാറിനെ പ്രതിഷ്ഠിച്ച് രണ്ടുപേരും ഒരുപോലെയാണെന്ന് ചിത്രീകരിച്ച് അയാള്‍ക്ക് സ്വീകാര്യത ഉണ്ടാക്കിയെടുക്കുക. ഈ മാതൃക ഇന്ത്യന്‍ സംഘപരിവാര രാഷ്ട്രീയ കൗശലത്തെയാണ് വ്യക്തമാക്കുന്നത്. ഇത്തരത്തിലുള്ള കൗശലങ്ങളിലൂടെയും നുണകളിലൂടെയുമാണ് ഇവിടെ സവര്‍ണ/ഹൈന്ദവഫാസിസം തങ്ങളുടെ രാഷ്ട്രീയാടിത്തറ പാകിയിട്ടുള്ളത്.
ആരായിരുന്നു അംബേദ്കര്‍? കേവലം ഒരു മഹാനായ ‘ബുദ്ധിജീവി’ മാത്രമായിരുന്നോ? ആ ചോദ്യം ചോദിക്കേണ്ടത് ഭഗവത് തന്നെ പറഞ്ഞ മനുഷ്യമോചനവുമായി ബന്ധപ്പെട്ടാണെന്ന് തോന്നുന്നു. ആരില്‍ നിന്നാണ് ഇന്ത്യയിലെ ആയിരക്കണക്കിന് ദളിതര്‍ മോചിതരായത്? (മോചിതരായോ?) അല്ലെങ്കില്‍ ആരായിരുന്നു ദളിതരെ അടിമകളാക്കിയിരുന്നത്?
അതിന് അംബേദ്കര്‍ നല്‍കുന്ന ഉത്തരം അത് ഇന്ത്യയിലെ ബ്രാഹ്മണികക്രമം ആണെന്നാണ്. മുകളിലേയ്ക്ക് പോകുന്തോറും പവിത്രതകൂടുകയും കീഴേക്ക് പോകുന്തോറും മ്ലേച്ഛത കൂടുകയും ചെയ്യുന്ന, പരസ്പരം ബന്ധങ്ങളില്ലാത്ത, ബ്രാഹ്മണര്‍ക്ക് അധീശത്വാധികാരങ്ങളുള്ള, സ്ത്രീവിരുദ്ധമായ ഇന്ത്യയിലെ ജാതിവ്യവസ്ഥയെയാണ് അംബേദ്കര്‍ തന്റെ ജീവിതത്തിലുടനീളം എതിര്‍ത്തുപോന്നത്. അതേ അംബേദ്കറെയാണ് ഇപ്പോള്‍ ജാതീയപുനരവതാരങ്ങള്‍ക്കായി, ആയിരക്കണക്കിനു ദളിതരെയും മുസ്ലീങ്ങളെയും കൊല്ലുന്നതിന് മറപിടിക്കാനായി പ്രയോജനപ്പെടുത്തുന്നത്.
ഡോ ബി.ആര്‍ അംബേദ്കര്‍
ജാതിവാദികളുമായി താരതമ്യപ്പെടുത്തുന്നത്, സാമ്യപ്പെടുത്തുന്നത്. ദളിതരെയുള്‍പ്പെടെ കീഴാള ജനവിഭാഗങ്ങളെ അതിക്രൂരമായി കൊന്നുതള്ളുന്ന രാഷ്ട്രീയ പാരമ്പര്യത്തിന്റെ തൊഴുത്തില്‍ അദ്ദേഹത്തെ കൊണ്ടുകെട്ടാന്‍ ശ്രമിക്കുന്നത്. സര്‍വ്വോപരി അംബേദ്കര്‍ ജീവിതത്തിലുടനീളം പോരാടിയ ഹിന്ദുപ്രത്യയശാസ്ത്രത്തിന്റെ വക്താവായി അവര്‍ ചിത്രീകരിക്കുന്നത്. അംബേദ്കറിന് അവരിട്ടിരിക്കുന്ന കമ്പോളമുല്യമാണ് ഇതിലൂടെ തെളിഞ്ഞുവരുന്നത്.
ഭഗത്സിങ്ങിനും അംബേദ്കറിനും മാത്രമല്ല ഗാന്ധിക്കും അവര്‍ അതുപോലെതന്നെ കമ്പോളമൂല്യം കൊടുത്തിട്ടുണ്ട്. ഗാന്ധിയെ ‘രാമരാജ്യ’സ്ഥാപകനായി കണ്ട് തങ്ങളുടെ ബന്ധുവാക്കിയിട്ടുണ്ട്. എന്നാല്‍ എന്താണ് വസ്തുത? ഗാന്ധിയുടെ നിലപാടുകളെല്ലാം തന്നെ അന്ന് ഏറ്റവുമധികം അലോസരപ്പെടുത്തിയത് സംഘപരിവാര സംഘടനകളെയായിരുന്നു. അതിന്റെ പ്രകടമായ തെളിവായിരുന്നല്ലോ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം.
ബീഫ് കഴിച്ചെന്ന്/കൈവശം വെച്ചെന്ന് പറഞ്ഞ് മനുഷ്യരെ കൊന്നു കൊണ്ടിരിക്കുന്ന ഈ മോദിക്കാലത്ത് തീര്‍ച്ചയായും അത്രയൊന്നും ചര്‍ച്ച ചെയ്തുകണ്ടിട്ടില്ലാത്ത ഒരു കാര്യം കൂടി പറയട്ടെ. പശുരാഷ്ട്രീയത്തിന്റെ പേരില്‍ ഒരുപാട് മനുഷ്യര്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം ഗാന്ധിയുടേതാണെന്ന് എത്രപേര്‍ ചിന്തിക്കുന്നുണ്ടാകും?
അത് മനസിലാവണമെങ്കില്‍ തന്റെ അവസാനകാലത്ത് ഗാന്ധി വെച്ചുപുലര്‍ത്തിയിരുന്ന ഗോവധസമീപനം തന്നെ പരിശോധിക്കേണ്ടിവരും. ഗാന്ധി പശുവിനെ മാതാവായി കാണുകയും അതിനെ സംരക്ഷിക്കണമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തുവെങ്കിലും അദ്ദേഹത്തിന്റെ മറ്റ് പല സമീപനങ്ങളുമെന്ന പോലെ പ്രായോഗിക പ്രവര്‍ത്തനത്തില്‍ നിന്നും അദ്ദേഹം സ്വാംശീകരച്ച അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ ‘ഗോമാതാ’വാദത്തിലും അയവു വന്നിരുന്നു.
ഇന്ത്യയില്‍ പശു രാഷ്ട്രീയം ഏറ്റവും കൂടുതല്‍ അപകടത്തിലാക്കാന്‍ പോകുന്നത് ഇവിടുത്തെ മതന്യൂനപക്ഷങ്ങളെ, വിശേഷിച്ച് മുസ്ലീങ്ങളെയായിരിക്കുമെന്ന് അദ്ദേഹം വ്യക്തമായി തിരിച്ചറിഞ്ഞു. അതുകൊണ്ട് തന്നെ ഗോവധം നിയമം മൂലമോ അല്ലാതെയോ സമ്പുര്‍ണമായി നിരോധിക്കുന്നതിനെയും മതന്യൂനപക്ഷങ്ങളുടെ മേല്‍ വിലക്ക് നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കുന്നതിനെയും ശക്തമായി എതിര്‍ത്തുകൊണ്ട് അദ്ദേഹം രംഗത്തെത്തുകയുണ്ടായി.
ഗാന്ധിയുടെ ഈ നിലപാടുകള്‍ സംഘപരിവാരങ്ങള്‍ക്ക് അതിശക്തമായ തിരിച്ചടിയാണ് നല്‍കിയത്. ഇന്ത്യയിലെ തന്നെ ബഹുഭൂരിപക്ഷം ഹിന്ദുക്കളും ഗാന്ധിയില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പശുരാഷ്ട്രീയ നിലപാടുമാറ്റം അന്നുപോലും പശുവിനെ രാഷ്ട്രീയായുധമായി പ്രയോഗിക്കുന്ന ഹിന്ദുത്വശക്തികളെ പ്രകോപിപ്പിച്ചില്ലെങ്കിലേ അത്ഭുതമുള്ളു; വിശിഷ്യ 1947 ജൂലൈ 25ന് അദ്ദേഹം നടത്തിയ പ്രസംഗത്തിലുള്ള ആശയങ്ങള്‍.
”കാലങ്ങളായി ഗോക്കളെ പരിപാലിക്കാന്‍ ബാധ്യസ്ഥനായ ഒരാളാണ് ഞാന്‍. എന്നാല്‍ എന്റെ മതമായിരിക്കണം ഇന്ത്യയിലെ മറ്റുള്ളവര്‍ക്കും എന്ന് എനിക്കെങ്ങനെയാണ് പറയാന്‍ കഴിയുക?” എന്നാണ് അന്നദ്ദേഹം ചോദിച്ചത്. മാത്രവുമല്ല, ”ഇന്ത്യയെന്നത് ഹിന്ദുക്കളുടെ മാത്രം രാജ്യമായി മാറിയെന്നാണ് ഹിന്ദുക്കളുടെ ധാരണ. അത് തികച്ചും തെറ്റാണ്. ഇവിടെ ജീവിക്കുന്ന എല്ലാവരുടേയും സ്വന്തമാണ് ഇന്ത്യ. നിയമപരമായി നമ്മള്‍ ഇവിടെ ഗോവധ നിരോധനം നടത്തിയാല്‍ അതിന്റെ നേരെ വിപരീതമാവും പാകിസ്ഥാനില്‍ നടക്കുക.” എന്നും അദ്ദേഹം പറയുന്നുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഗാന്ധിയെ വധിക്കാനുള്ള തന്റെ കാരണങ്ങളില്‍ ഒരു സുപ്രധാന കാരണമായി നാഥുറാം വിനായക് ഗോദ്സെ കണ്ടതും അദ്ദേഹത്തിന്റെ ഈ സമീപനമാണ്. ഗോദ്സെ കോടതിയില്‍ നടത്തിയ പ്രസ്താവനയില്‍ ഇത് വാക്കാല്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ‘വിനാശകരമായ പരിണതികളുണ്ടാക്കിയ ഗാന്ധിയുടെ എണ്ണമറ്റ കുറ്റങ്ങളായി ഗോദ്സെ എണ്ണിയെണ്ണിപ്പറയുന്നവയില്‍ 24-ാമത്തെ പോയിന്റ് തലക്കെട്ട് ഇതായിരുന്നു; ‘പശുവിനെ പറ്റി ഗാന്ധി’. അതില്‍ ഗോദ്സെ പറയുന്ന മൊത്തം കാര്യവും ഗാന്ധിയുടെ ജൂലൈയിലെ പ്രസംഗമായിരുന്നു.
ഏറ്റവും അപകടകരമായ നിലപാടുകളായി വിവരിക്കുന്നതില്‍ ഒരു വൈഷ്ണവ കുടുംബത്തിന്റെ കഥ ഗാന്ധി വിശദീകരിച്ചതുള്‍പ്പെടെ ഗോദ്സെ ഉദ്ധരിക്കുന്നുണ്ട്. തന്റെ മകന് ബീഫ് സൂപ്പ് പ്രസ്തുത കുടുംബം നല്‍കിയെന്നാണ് ഗാന്ധിപറഞ്ഞത്. (എന്നാല്‍ അത് മരുന്നായാണ് നല്‍കിയതെന്ന് ഗാന്ധി പറയുന്ന ഭാഗം ഗോദ്സെ വിട്ടുകളഞ്ഞിട്ടുമുണ്ട്.) ഇത് കാണിക്കുന്നത് ഇന്ത്യയില്‍ ബീഫ് രാഷ്ട്രീയത്തിന്റെ കൂടി, ഗാന്ധിയന്‍ രാഷ്ട്രീയത്തിലെ പ്രസ്തുത രാഷ്ട്രീയമാറ്റത്തിന്റെ കൂടി, പരിണിതഫലമായിട്ടായിരുന്നു ഹിന്ദുത്വശക്തികള്‍ ഗാന്ധിയെ കൊന്നത് എന്നാണ്. അതായത് ഇന്ത്യയിലെ പശുരാഷ്ട്രീയത്തിന്റെ ആദ്യരാഷ്ട്രീയ കൊലപാതകം ആരുടേതെന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും അത് ഗാന്ധിയുടേത് തന്നെ.
ഗോദ്സെ ആര്‍.എസ്.എസുകാരനല്ല എന്നാണ് ഹിന്ദുത്വശക്തികള്‍ പറയുന്നത്. എന്നാല്‍ അദ്ദേഹം ആര്‍.എസ്.എസ് അടക്കമുള്ള ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഉത്തമപ്രതിനിധിയാണെന്നതില്‍ ആര്‍ക്കും സംശയമില്ല. മാത്രവുമല്ല രാഷ്ട്രീയ സ്വയം സേവക് സംഘില്‍ നിന്നും രാജിവെച്ച് പുറത്തുവന്നയാളാണ് എന്ന വസ്തുതയും മറക്കാന്‍ പാടില്ല. മുസ്ലീങ്ങള്‍ക്ക് ബീഫ് കഴിക്കാന്‍ അവകാശമുണ്ടെന്നും ഹിന്ദുവിന്റേത് മാത്രമല്ല ഇന്ത്യ എന്നും പ്രഖ്യാപിച്ച അപകടകാരിയായ ഗാന്ധിയെയാണ് ഇന്ത്യയിലെ ഹിന്ദുത്വശക്തികള്‍ ഇല്ലായ്മ ചെയ്തത്. അത് ഹിന്ദുവായ ഗാന്ധിതന്നെയായിരുന്നു.
ഹിന്ദു-മുസ്ലീം സൗഹാര്‍ദ്ദത്തിനായി നിലകൊണ്ട മറ്റൊരു ഹിന്ദു. അദ്ദേഹം ഹിന്ദുവായത് തന്നെയായിരുന്നു ഹിന്ദുത്വശക്തികള്‍ക്ക് അദ്ദേഹത്തെ കൊല്ലാതെ തരമില്ലാതാക്കിത്തീര്‍ന്നത് എന്നതും സുപ്രധാനമായ വസ്തുതയാണ്. അദ്ദേഹം മഹാത്മാവാണോ അല്ലയോ എന്ന ചോദ്യമൊക്കെ മാറ്റിവെച്ചിട്ടാണ് ഇത് പറയുന്നത്.
1947 ജൂണില്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന് ശേഷം ഏതാനും മാസങ്ങള്‍ മാത്രമേ ഹിന്ദുത്വരാഷ്ട്രീയം അദ്ദേഹത്തെ ജീവിക്കാന്‍ അനുവദിച്ചിരുന്നുള്ളൂ. ഗാന്ധിവധത്തിന് പിന്നിലെ ഒരേയൊരു കാരണം ഗോവധനിരോധനത്തിനെതിരായ പ്രസംഗമാണെന്നല്ല, മറിച്ച് ഗാന്ധി വധത്തിന് കാരണമായി ചൂണ്ടിക്കാണിക്കാവുന്ന പ്രബലമായ, എണ്ണിപ്പറയുന്ന കാരണങ്ങളില്‍ ഒന്നായിരുന്നു അന്ന് അദ്ദേഹം നടത്തിയ പ്രസംഗം.
1948ല്‍ നിന്നും 2015ലേക്ക് എത്തി നില്‍ക്കുന്ന ഇന്ത്യന്‍ ജനാധിപത്യം ഗാന്ധിയിലേക്കോ ഗോദ്സെയിലേക്കോ എന്നത് ഒരു ക്ലീഷേ ചോദ്യം മാത്രമാണ്. ഗോദ്സെയ്ക്ക് അമ്പലം പണിയാന്‍ തീരുമാനിക്കുന്ന അതേ വര്‍ഷവും ഏതാണ്ട് അതേ മാസവും തന്നെയാണ് നരേന്ദ്ര മോദി ചൈനീസ് പ്രസിഡണ്ട് ഷി ജിങ്പി ങ്ങിനൊപ്പം സബര്‍മതി ആശ്രമത്തില്‍ നിന്നും ചര്‍ക്ക കറക്കി നൂല്‍ നൂറ്റ് ഗാന്ധിപടത്തില്‍ മാല ചാര്‍ത്തുന്നത്.
ഗോദ്സെ ഉന്‍മൂലനത്തിലൂടെയാണ് ഗാന്ധിയുടെ ശരീരത്തെ നശിപ്പിച്ചതെങ്കില്‍ അതിലും എത്രയോ അപകടകരമായി, ചിരിച്ചുകൊണ്ട് ഫാഷിസത്തെ വളര്‍ത്താവുന്ന രൂപത്തിലേക്ക് ഗോദ്സെയുടെ പിന്‍ഗാമികള്‍ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. പട്ടേലിന്റെ ഭീമാകാര പ്രതിമയിലൂടെ നെഹ്റുവിനെ ചെറുതാക്കുന്ന മാസ്മരിക വിദ്യ മോദിക്കല്ലാതെ ആര്‍ക്കാണ് അവകാശപ്പെടുവാന്‍ സാധിക്കുക.
മുഹമ്മദ് അഖ്‌ലാഖ്
ഹിന്ദുത്വശക്തികള്‍ പണ്ടു തന്നെ വിവേകാനന്ദനിലും ഭഗത് സിങ്ങിലും ആസാദിലും അംബേദ്കറിലും വരെ പയറ്റിക്കൊണ്ടിരിക്കുന്ന കാവി പൂശല്‍ പ്രക്രിയയുടെ വ്യത്യസ്ത രൂപങ്ങളെയാണ് മോദിയില്‍ കണ്ടുകൊണ്ടിരിക്കുന്നത്. ആദ്യകാലത്ത് ഉത്തരേന്ത്യയില്‍ മാത്രം നിലനിന്നിരുന്ന ഇല്ലാത്ത ഒസ്യത്തിന്റെ പകര്‍പ്പെടുക്കല്‍ പ്രക്രിയ ഇന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും ഇങ്ങ് കേരളം വരെയും എത്തിയിരിക്കുന്നു.
ഈയിടെ മോദി നാഗാലാന്റിലെ ഇന്ത്യന്‍ സ്വാതന്ത്ര്യസമര പോരാളി റാണി ഗെയ്ഡിന്‍ല്യുവിന്റെ പേരില്‍ നാണയങ്ങളും, സ്റ്റാമ്പും അടിച്ചിറക്കുവാനും, നാഗാലാന്റിലെ ഏക വിമാനത്താവളം അവരുടെ പേരില്‍ പുനര്‍ നാമകരണം ചെയ്യുവാനും അതുപോലെ ഒരു സെന്‍ട്രല്‍ യൂണിവേഴ്സിറ്റി തുടങ്ങുവാനും തീരുമാനിച്ചിരിക്കുന്നതായി അറിയിച്ചു.
ബ്രിട്ടനെതിരെ നാഗജനതയെ സംഘടിപ്പിച്ച തിനോടൊപ്പംതന്നെ ക്രിസ്ത്യന്‍ മിഷണറികള്‍ക്കെതിരെ ഹിന്ദുഗ്രൂപ്പുകളെ സംഘടിപ്പിച്ചതിലും നിര്‍ണ്ണായക പങ്കുവഹിച്ച വനിതയും അതോടൊപ്പം തന്നെ ആത്മീയപരിവേഷമുള്ള സ്ത്രീ കൂടിയുമാണ് ഗെയ്ഡിന്‍ല്യു. നാഗാലാന്റില്‍ ഇന്നും കൃസ്ത്യന്‍ മതസ്ഥര്‍ ഭൂരിപക്ഷമാണെന്നതു കൂടെ കൂട്ടി വായിച്ചാലെ മോദിയുടെ രാജ്യസ്നേഹം വ്യക്തമാവൂ…
(‘കാവിയില്‍ പൊതിഞ്ഞ വിശുദ്ധ പശു’ എന്ന പുസ്തകത്തില്‍ നിന്ന്)
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ