മദ്യപിക്കുന്ന സീനും 49കാരിയും, ഇമേജ് പേടിച്ച് ആ നായികമാര്‍ മാറിനിന്നു: മനോരഥങ്ങളെ കുറിച്ച് അശ്വതി വി. നായര്‍
Entertainment
മദ്യപിക്കുന്ന സീനും 49കാരിയും, ഇമേജ് പേടിച്ച് ആ നായികമാര്‍ മാറിനിന്നു: മനോരഥങ്ങളെ കുറിച്ച് അശ്വതി വി. നായര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 14th August 2024, 9:48 pm

എം.ടി. വാസുദേവന്‍ നായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി ഒരുങ്ങിയ ആന്തോളജി ചലച്ചിത്രമാണ് ‘മനോരഥങ്ങള്‍’. പ്രിയദര്‍ശന്‍, മഹേഷ് നാരായണന്‍, ശ്യാമപ്രസാദ്, ജയരാജ്, രതീഷ് അമ്പാട്ട്, സന്തോഷ് ശിവന്‍, രഞ്ജിത്ത് തുടങ്ങിയവരാണ് ഈ ആന്തോളജി സീരീസ് ഒരുക്കുന്നത്. എം.ടി വാസുദേവന്‍നായരുടെ മകളും നര്‍ത്തകിയുമായ അശ്വതി വി. നായരും സംവിധായകയാവുന്നുണ്ട്. ‘വില്‍പന’യാണ് അവര്‍ സംവിധാനം ചെയ്യുന്നത്.

ഈ സിനിമയില്‍ ആസിഫ് അലിയും മധുബാലയും ഉജ്ജ്വല് ചോപ്രയുമാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. ഇപ്പോള്‍ മധു ഈ സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് പറയുകയാണ് അശ്വതി വി. നായര്‍. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘സ്‌ക്രീന്‍ പ്ലേ വായിക്കുന്ന സമയത്ത് തന്നെ പ്രായവും ആ ക്യാരക്ടറും കാരണം ആദ്യം മനസില്‍ വന്നത് ആസിഫ് അലിയുടെ മുഖമായിരുന്നു. ആ കഥാപാത്രത്തില്‍ വേറെ സംശയങ്ങള്‍ ഉണ്ടായിരുന്നില്ല. ആസിഫ് ഇല്ലെങ്കില്‍ മാത്രം മറ്റൊരാളെ നോക്കാമെന്ന ചിന്തയായിരുന്നു എനിക്ക്. പക്ഷെ, ഗീതയുടെ കഥാപാത്രത്തെ കുറിച്ച് മലയാളത്തിലെ രണ്ടുമൂന്ന് ആക്ട്രസുമാരോട് ഞാന്‍ സംസാരിച്ചിരുന്നു.

പക്ഷെ അവര്‍ക്കൊക്കെ മടിയായിരുന്നു. അതിന്റെ ഒരു കാരണം ആ കഥാപാത്രത്തിന്റെ പ്രായമായിരുന്നു. 49 വയസൊക്കെയുള്ള കഥാപാത്രമാണ് ഗീത. രണ്ടാമത്തെ കാരണമായി വന്നത് അതില്‍ മദ്യപിക്കുന്ന ഒരു സീന്‍ ആയിരുന്നു. അതൊക്കെ ചിലര്‍ക്ക് ബുദ്ധിമുട്ടായി. ഇമേജും മറ്റും ആലോചിച്ചാകാം അവര്‍ മടിച്ചത്.

പലരും മാറി നിന്നതോടെ പിന്നീട് ഞാന്‍ പോയി സംസാരിച്ചത് കൊങ്കണ സെന്‍ ശര്‍മയോടാണ്. അവര്‍ക്ക് വലിയ താത്പര്യമായിരുന്നു ചെയ്യാന്‍. പക്ഷെ ആ സമയത്ത് അവര്‍ ഒരു സിനിമ സംവിധാനം ചെയ്യുന്ന തിരക്കിലായിരുന്നു. പിന്നെ ആ കഥാപാത്രത്തെ ആര് ചെയ്യുമെന്ന ഒരുപാട് നാള്‍ ചിന്തിച്ചു. പലമുഖങ്ങളും മനസില്‍ വന്നു.

അപ്പോഴാണ് മധുബാല വീണ്ടും തെലുങ്കിലും തമിഴിലുമൊക്കെ ചെറിയ കഥാപാത്രങ്ങള്‍ ചെയ്തു തുടങ്ങിയെന്ന് ഞാന്‍ അറിയുന്നത്. അങ്ങനെയാണ് അവരെ ആലോചിച്ചാലോയെന്ന് ചിന്തിക്കുന്നത്. അവരോട് സംസാരിച്ച ശേഷം കഥയുടെ ഇംഗ്ലീഷ് ട്രാന്‍സ്ലേഷന്‍ അയച്ചു കൊടുത്തു. വായിച്ചപ്പോള്‍ അവര്‍ താത്പര്യം പ്രകടിപ്പിച്ചു. അങ്ങനെയാണ് അവര്‍ ഈ കഥയിലേക്ക് വരുന്നത്,’ അശ്വതി വി. നായര്‍ പറഞ്ഞു.


Content Highlight: Aswathy V Nair Talks About Madhoo