| Thursday, 15th August 2024, 8:15 pm

രണ്ടാമൂഴം സിനിമയായി കാണണമെന്ന് അച്ഛന് അതിയായ ആഗ്രഹമുണ്ട്: അശ്വതി വി. നായര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസാഹിത്യത്തിലെ പകരം വെക്കാനില്ലാത്ത പ്രതിഭയാണ് എം.ടി വാസുദേവന്‍ നായര്‍. നോവലുകളിലൂടെയും ചെറുകഥകളിലൂടെയും മലയാളിയെ തന്റെ അക്ഷരങ്ങള്‍ കൊണ്ട് പിടിച്ചിരുത്താന്‍ കഴിഞ്ഞ എഴുത്തുകാരനാണ് എം.ടി. തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ മേഖലകളിലും തന്റെ കയ്യൊപ്പ് പതിപ്പിച്ച എം.ടിയെ രാജ്യം ജ്ഞാനപീഠം നല്‍കി ആദരിച്ചിട്ടുണ്ട്.

മഹാഭാരത കഥയെ ഭീമന്റെ കാഴ്ചപ്പാടിലൂടെ അവതരിപ്പിച്ച എം.ടിയുടെ നോവലാണ് രണ്ടാമൂഴം. എന്നും എവിടെയും രണ്ടാമനാകാന്‍ വേണ്ടി മാത്രം വിധിക്കപ്പെട്ട വായുപുത്രന്റെ മനോവ്യഥകളെ അതിമനോഹരമായി എം.ടി വരച്ചുകാട്ടിയിട്ടുണ്ട്. ഒട്ടനവധി പുരസ്‌കാരങ്ങള്‍ നേടിയ രണ്ടാമൂഴം സിനിമാരൂപത്തില്‍ എത്തുമെന്ന് കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് അതിനെക്കുറിച്ച് യാതൊന്നും കേട്ടിരുന്നില്ല.

എന്നാല്‍ രണ്ടാമൂഴം സിനിമയാക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണെന്നും അതിനെക്കുറിച്ചുള്ള വിവരങ്ങള്‍ അധികം വൈകാതെ പുറത്തുവിടുമെന്നും പറയുകയാണ് എം.ടിയുടെ മകള്‍ അശ്വതി വി. നായര്‍. രണ്ടാമൂഴം സിനിമയായി കാണണമെന്ന് അച്ഛന് അതിയായ ആഗ്രഹമുണ്ടെന്നും മനോരഥങ്ങളുടെ തിരക്കിന് ശേഷം അതിലേക്ക് കടക്കാന്‍ ആഗ്രഹിക്കുകയാണെന്നും അശ്വതി കൂട്ടിച്ചേര്‍ത്തു. ജാങ്കോ സ്‌പേസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് അശ്വതി ഇക്കാര്യം പറഞ്ഞത്.

‘രണ്ടാമൂഴം സിനിമയായി വരുമെന്ന് എല്ലാവര്‍ക്കും പ്രതീക്ഷിക്കാം. അച്ഛന് ഈ നോവല്‍ സിനിമയായി വരണമെന്ന് അതിയായ ആഗ്രഹമുണ്ട്. മോനരഥങ്ങളുടെ റിലീസിന് ശേഷം അതിന്റെ ബാക്കി കാര്യങ്ങളിലേക്ക് പോകണമെന്നാണ് ആഗ്രഹിക്കുന്നത്. അതിന്റെ അനൗണ്‍സ്‌മെന്റ് അധികം വൈകാതെ നടത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

രണ്ടാമൂഴം വായിച്ച മലയാളികളെല്ലാം അത് സിനിമയായി വരാന്‍ ആഗ്രഹിക്കുന്നുണ്ട്. എല്ലാവരും കാത്തിരിക്കുന്ന ടോപ്പ് ടെന്‍ സിനിമകളില്‍ രണ്ടാമതുള്ളത് രണ്ടാമൂഴമാണ്. രണ്ടാമൂഴം ചെയ്യുന്നതിന് കാരണമായിട്ടാകും മനോരഥങ്ങള്‍ എന്ന പ്രൊജക്ട് ഞാന്‍ ഏറ്റെടുത്തതെന്ന് വിശ്വസിക്കുന്നു. അത്രയും വലിയ പ്രൊജക്ട് സിനിമയായി കാണണമെന്ന് തന്നെയാണ് എന്റെയും ആഗ്രഹം അച്ഛന്റെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ കഴിയുമെന്ന് തന്നെയാണ് വിശ്വാസം,’ അശ്വതി പറഞ്ഞു.

Content Highlight: Aswathy V Nair saying that MT Vasudevan wish to see Randamoozham on big screen

We use cookies to give you the best possible experience. Learn more