| Thursday, 25th May 2023, 1:11 pm

മുത്തശ്ശിയുടെ ചിതയ്ക്ക് തീ കൊളുത്തിയത് അമ്മ, ഹിന്ദു മതത്തില്‍ വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്ന കാര്യമാണത്: അശ്വതി ശ്രീകാന്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ അമ്മയാണ് തനിക്കുള്ള ധൈര്യത്തിന്റെ ഉറവിടമെന്ന് സീരിയല്‍ നടിയും അവതാരികയുമായ അശ്വതി ശ്രീകാന്ത്. തന്റെ മുത്തശ്ശി മരിച്ച സമയത്ത് തന്റെ അമ്മയാണ് ചിതയ്ക്ക് തീ കൊളുത്തിയതെന്നും ഹിന്ദുമതത്തില്‍ വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന കാര്യമാണ് ഒരു സ്ത്രീ ചിതയ്ക്ക് തീകൊളുത്തുന്നതെന്നും ധന്യ വര്‍മ്മയുമൊത്തുള്ള അഭിമുഖത്തില്‍ അശ്വതി ശ്രീകാന്ത് പറഞ്ഞു.

‘എന്റെ അമ്മ എന്നില്‍ ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ട്. അമ്മ വളരെ ധൈര്യശാലിയായിരുന്നു. ഒരു സാധാരണ സ്ത്രീ ജീവിതത്തില്‍ കടന്നു പോകുന്ന സംഭവങ്ങളിലൂടെയൊന്നുമല്ല അമ്മ കടന്നുപോയത്. വളരെയേറെ സ്ട്രഗിള്‍ ചെയ്തിരുന്നു അമ്മ. സാമ്പത്തികമായ ബുദ്ധിമുട്ടുകളും രോഗങ്ങള്‍ മൂലമുള്ള ബുദ്ധിമുട്ടുകളും അമ്മ നേരിട്ടിരുന്നു.

എന്റെ അച്ഛന്‍ വിദേശത്തായിരുന്നു. അതുകൊണ്ട് തന്നെ അമ്മ പല കാര്യങ്ങളും ഒറ്റയ്ക്ക് തന്നെയാണ് നോക്കിയത്. അന്നത്തെക്കാലത്ത് ഫോണില്‍ പോലും പലപ്പോഴും അച്ഛനെ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. അപ്പോഴൊക്കെ പല നിര്‍ണായക തീരുമാനങ്ങളും അമ്മ ഒറ്റയ്ക്ക് തന്നെയാണെടുത്തത്.

മുത്തശ്ശി ഞങ്ങളുടെ കൂടെയായിരുന്നു താമസം. മുത്തശ്ശി മരിച്ച സമയത്ത് ചിത കത്തിച്ചത് പോലും എന്റമ്മയാണ്. ഹിന്ദുമതത്തില്‍ വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന കാര്യമായിരുന്നു അത്. പക്ഷേ അത്രയ്ക്ക് ബോള്‍ഡായിരുന്നു അമ്മ.

എപ്പോഴും എന്നോട് പറയുമായിരുന്നു ബോള്‍ഡ് ആയിരിക്കണമെന്നും, ഇന്‍ഡിപ്പെന്‍ഡന്റ് ആയിരിക്കണമെന്നും. പക്ഷേ ഞാന്‍ അത്ര ബോള്‍ഡൊന്നുമല്ലായിരുന്നു. വളരെ സെന്‍സിറ്റീവായൊരു വ്യക്തിയായിരുന്നു ഞാന്‍. ആദ്യമൊക്കെ സമൂഹമാധ്യമത്തിലൊരു മോശം കമന്റൊക്കെ കണ്ടാല്‍ ഇരുന്ന് കരയുന്നൊരു ആളായിരുന്നു. അമ്മയാണ് ഇന്നെനിക്കുള്ള കോണ്‍ഫിഡന്‍സിന്റെ ഉറവിടം,’ അശ്വതി പറഞ്ഞു.

മാതൃത്വമെന്നാല്‍ സ്‌നേഹം മാത്രമല്ലെന്നും അതില്‍ വേറെയും ഒരുപാട് ഇമോഷന്‍സ് ഉണ്ടെന്നും ഓരോ കുട്ടികളെയും അവര്‍ക്കാവശ്യമായ രീതിയിലാണ് ട്രീറ്റ് ചെയ്യേണ്ടതെന്നും അശ്വതി പറഞ്ഞു.

‘അമ്മയായിരിക്കുന്ന സമയത്ത് ഏറ്റവും കൂടുതലുണ്ടാവുന്ന ഇമോഷന്‍സ് സ്‌നേഹം മാത്രമായിരിക്കുമെന്നുള്ള തെറ്റായ ധാരണ എനിക്കുണ്ടായിരുന്നു. മാതൃത്വമെന്നാല്‍ സ്‌നേഹം മാത്രമല്ല. അതില്‍ ഒരുപാട് ഇമോഷന്‍സ് ഉണ്ട്.

ഇങ്ങനെയൊക്കെയായിരിക്കണം പാരന്റിങ് എന്നൊന്നും നമുക്കൊരിക്കലും പറയാന്‍ കഴിയില്ല. ഓരോ കുട്ടിയെയും നമ്മള്‍ വ്യത്യസ്തമായ രീതിയിലാണ് ട്രീറ്റ് ചെയ്യേണ്ടത്. കാരണം, ഓരോ കുട്ടിയുടെയും താല്‍പര്യങ്ങള്‍ വ്യത്യസ്തമായിരിക്കും,’ അശ്വതി പറഞ്ഞു.

Content Highlights: Aswathy Sreekanth about her Mother and Motherhood

We use cookies to give you the best possible experience. Learn more