Entertainment
രണ്ടാമൂഴം സിനിമയായി ഉടനെ വരും; മാർച്ചിൽ അപ്ഡേറ്റ് ഉണ്ടാവുമെന്ന് എം.ടിയുടെ മകൾ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 27, 10:43 am
Monday, 27th January 2025, 4:13 pm

മലയാള സാഹിത്യത്തിനും ചലച്ചിത്ര ലോകത്തിനും ഒരുപാട് സംഭാവനകൾ നൽകിയാണ് എം.ടി.വാസുദേവൻ നായർ ഈ ലോകത്തോട് വിടപറഞ്ഞത്. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ അഭിനേതാക്കൾക്ക് മികച്ച കഥാപാത്രങ്ങൾ നൽകിയ അദ്ദേഹത്തിന്റെ എക്കാലത്തെയും വലിയ ആഗ്രഹമായിരുന്നു രണ്ടാമൂഴം എന്ന കൃതിയുടെ ചലച്ചിത്രാവിഷ്‌ക്കാരം.

പലപ്പോഴും രണ്ടാംമൂഴം സിനിമയാക്കുമെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ പിന്നീട് ഒരു അപ്ഡേഷനും ഇതിനെ കുറിച്ച് ഉണ്ടായിട്ടില്ല. മലയാളത്തിൽ വലിയ വിജയമായി മാറിയ ഒരു വടക്കൻ വീരഗാഥ, കേരളവർമ പഴശ്ശിരാജയെല്ലാം എം.ടിയുടെ ചരിത്രകഥകളെ ആസ്പദമാക്കി ഒരുക്കിയവയാണ്. അതുകൊണ്ട് തന്നെ രണ്ടാംമൂഴത്തിനായി കാത്തിരിക്കുന്ന ഒരുപാട് പ്രേക്ഷകരുണ്ട്.

MT Vasudevan nair as an activist

പ്രേക്ഷകരെ പോലെ തന്നെ എം.ടിക്കും രണ്ടാംമൂഴം സിനിമയാവണമെന്ന ആഗ്രഹമുണ്ടെന്ന് പറയുകയാണ് എം.ടിയുടെ മകൾ അശ്വതി നായർ. ആ പ്രൊജക്റ്റ് ഉടനെ അനൗൺസ് ചെയ്യുമെന്നും അതിനുവേണ്ടി വർക്ക് ചെയ്യുകയാണെന്നും അശ്വതി പറയുന്നു. മാർച്ച് മാസത്തിനുള്ളിൽ ആരാണ് സിനിമ ചെയ്യുന്നതെന്ന് പുറത്തുവിടുമെന്നും രണ്ടുവർഷത്തോളമുള്ള പ്രീ പ്രൊഡക്ഷൻ ആ സിനിമയ്ക്ക് ആവശ്യമാണെന്നും അശ്വതി പറഞ്ഞു. റിപ്പോർട്ടർ ടി.വിയോട് സംസാരിക്കുകയിരുന്നു അശ്വതി.

‘അതൊരു വലിയ പ്രൊജക്ടല്ലേ, ആ പ്രൊജക്റ്റ് എത്രയും പെട്ടെന്ന് തന്നെ അനൗൺസ് ചെയ്യും. മാർച്ച് മാസത്തിനുള്ളിൽ ആരാണ് ആ സിനിമ ചെയ്യുന്നതെന്ന് അനൗൺസ് ചെയ്യാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. അതിനുവേണ്ടിയാണ് വർക്ക് ചെയ്യുന്നത്. അതിനുശേഷം ഒന്നര രണ്ട് വർഷത്തെ പ്രീ പ്രൊഡക്ഷൻ ഉണ്ടാവും.

അതിനുശേഷമേ ഷൂട്ടിലേക്കൊക്കെ പോവുകയുള്ളൂ. അതൊരു വലിയ സിനിമയാണ്. അതുകൊണ്ട് അതിന്റെതായ സമയമെടുത്ത് ഭംഗിയായി ചെയ്യണമെന്നാണ് ആഗ്രഹം. ആരാണ് സംവിധായകൻ എന്നൊന്നും ഞാനിപ്പോൾ പറയുന്നില്ല. മീഡിയയെ ഒക്കെ വിളിച്ചിട്ടാണ് അത് അനൗൺസ് ചെയ്യുക. എല്ലാവരും അതുവരെ ഒന്ന് കാത്തിരിക്കുക,’അശ്വതി നായർ പറയുന്നു.

കഴിഞ്ഞ ദിവസം മരണാനന്തര ബഹുമതിയായി എം.ടിക്ക് പത്മവിഭൂഷൺ സമ്മാനിച്ചിരുന്നു. എം.ടിയുടെ തിരക്കഥയിൽ ഹരിഹരൻ ഒരുക്കിയ ഒരു വടക്കൻ വീരഗാഥ എന്ന മമ്മൂട്ടി ചിത്രം റീ റിലീസ് ആവുന്നുണ്ട് എന്നതാണ് ഏറ്റവും പുതിയ വിവരം.

 

Content Highlight: Aswathy Nair About Randammoozham Movie Update